തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം; ഒന്‍പത് സീറ്റുകള്‍ പിടിച്ചെടുത്തു

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം; ഒന്‍പത് സീറ്റുകള്‍ പിടിച്ചെടുത്തു

എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാകും
Updated on
1 min read

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ 29 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നേറ്റം. യുഡിഎഫ്, എല്‍ഡിഎഫിന്റെ ഏഴ് സിറ്റിങ് സീറ്റുകളും ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകളും പിടിച്ചെടുത്തു. യുഡിഎഫ് -14, എല്‍ഡിഎഫ് - 12, എൻഡിഎ -2, മറ്റുള്ളവര്‍ -ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില.

എറണാകുളം കീരംപാറ മുട്ടത്തുകണ്ടം വാർഡ്, വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂർ, തിരുവനന്തപുരം പഴയകുന്നുമ്മൽ മഞ്ഞപ്പാറ വാർഡ്, ഇടുക്കി ഇളംദേശം വണ്ണപ്പുറം, കോഴിക്കോട് എളേറ്റിൽ, വയനാട് കണിയാമ്പറ്റ ചിത്രമൂല വാര്‍ഡ്, ആലപ്പുഴ ആദിക്കാട്ടുകുളങ്ങര വാര്‍ഡ് എന്നിവയാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത സീറ്റുകള്‍.

ആലപ്പുഴ പാണ്ടനാട് വൻമഴി വെസ്റ്റും മുതുകുളം വാർഡും ബിജെപിയിൽ നിന്ന് യുഡിഎഫ് സ്വന്തമാക്കി.

എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ യുഡിഎഫ് വിജയിച്ചതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സാന്‌റി ജോസ് 41 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിന്‌റെ റാണി റോയിയെ പരാജയപ്പെടുത്തിയത്.

ആലപ്പുഴ കഞ്ഞിക്കുഴിയിലെ പതിനെട്ടാം വാര്‍ഡ് പൊന്നടുത്താനില്‍ യുഡിഎഫിന്റെ സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. പറവൂര്‍ വാണിയക്കാട് ഡിവിഷനില്‍ ബിജെപിയുടെ സിറ്റിങ് സീറ്റും സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിന്റെ നിമിഷ ജിനേഷാണ് 160 വോട്ടുകള്‍ക്ക് വിജയിച്ചത്.

കോഴിക്കോട് എളേറ്റില്‍ വാര്‍ഡ് 272 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി റസീന പൂക്കോടിന്റെ ജയം. 17 വര്‍ഷത്തിന് ശേഷമാണ് ഇടത് കോട്ടയില്‍ യുഡിഎഫ് ഭരണം പിടിക്കുന്നത്.

logo
The Fourth
www.thefourthnews.in