ആടിപ്പാടി കൊട്ടിക്കലാശം, ആവേശം വോട്ടാകുമോ; പാലക്കാടിന്റെ മനസിലെന്ത്?
വിവാദങ്ങളും പോര്‍വിളികളും ട്വിസ്റ്റുകളും നിറഞ്ഞ പ്രചരണ ദിനങ്ങള്‍ അനസാനിച്ചു. പാലക്കാട് ഇനി പോളിങ് ബൂത്തിലേക്ക്. വിജയം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും മണ്ഡലം പിടിക്കാന്‍ ബിജെപിയും കൈവിട്ട പ്രതാപം അസ്തമിച്ചിട്ടില്ലെന്ന് വിളിച്ചുപറയാന്‍ സിപിഎമ്മും കളം നിറഞ്ഞ പാലക്കാട് ഇനി ഒരു ദിവസം നിശബ്ദ പ്രചരണം. ആവനാഴിയിലെ അവസാന അടവും പുറത്തെടുത്ത് വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടത് - വലത് - എന്‍ഡിഎ മുന്നണികള്‍.
നഗരത്തിലെ തങ്ങളുടെ ശക്തി തുറന്നുകാട്ടുക എന്നതായിരുന്നു കൊട്ടിക്കലാശത്തിലൂടെ മൂന്ന് മുന്നണികളും ശ്രമിച്ചത്. വലതുമാറി ഇടത് സ്ഥാനാര്‍ഥിയായ പി സരിന് പിന്തുണയുമായി ഇടത് മുന്നണിയിലെ യുവനേതാക്കള്‍ എല്ലാം കൊട്ടിക്കലാശത്തിന്റെ ഭാഗമായി. പ്രചരണത്തിന്റെ അവസാന ലാപ്പില്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരായിരുന്നു കോണ്‍ഗ്രസ് കൊട്ടിക്കലാശത്തിലെ പ്രധാന താരം. സിനിമ താരം രമേഷ് പിഷാരടി, മുസ്ലീം ലീഗ് നേതാവ് മുനവറലി ശിഹാബ് തങ്ങള്‍ എന്നിവരും രാഹുല്‍ മാങ്കൂട്ടത്തിനായി കൊട്ടിക്കലാശദിനത്തില്‍ സജീവമായി. പാലക്കാട് ബിജെപിയില്‍ ഒരു തരത്തിലുമുള്ള ഭിന്നതയുമില്ലെന്ന് തെളിയിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. ശോഭ സുരേന്ദ്രനും നഗരസഭയില്‍ ബിജെപിയിലെ അതൃപ്തരെന്ന കരുതുന്ന കൗണ്‍സിലര്‍മാരെയും അണിനിരത്തിയായിരുന്നു സി കൃഷ്ണകുമാര്‍ കൊട്ടിക്കലാശത്തിനായി കളത്തിലറങ്ങിയത്. പാട്ടും മേളവും നൃത്തവുമായി മുന്ന് മുന്നണികളുടെയും പ്രവര്‍ത്തകരും നഗരത്തില്‍ കൊട്ടിക്കലാശം ആവേശത്തിലെത്തിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ജമാഅത്തെ ഇസ്ലാമി ബന്ധം വരെയുള്ള വിവാദങ്ങളില്‍ നിറഞ്ഞുനിന്നതായിരുന്നു പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണം. രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് നേതാവായിരുന്ന പി സരിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നതില്‍ വരെ കാര്യങ്ങളെത്തിച്ചു. ഇരുപക്ഷത്തും അതൃപ്തരുടെ വലിയൊരു കൂട്ടം തന്നെ ഉടലെടുത്തു. പ്രചരണത്തിന്റെ ആദ്യ ദിനങ്ങളില്‍ രാജിയും സമവായങ്ങളും പാലക്കാടിനെ വാര്‍ത്തകളില്‍ നിറച്ചു. ബിജെപിയിലും സ്ഥിതി വ്യതാസമില്ലായിരുന്നു ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകണമെന്ന ഒരു വിഭാഗത്തിന്റെ നിലപാട് തള്ളി പ്രാദേശിക നേതാവ് സി കൃഷ്ണകുമാറിന് തന്നെ ബിജെപി സീറ്റ് നല്‍കി. ഇവിടെ തുടങ്ങിയ ബിജെപിയിലെ പടലപ്പിണക്കം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തിലാണ് അവസാനിച്ചത്.
കൊടകര കുഴല്‍പ്പണക്കേസ്, ഹോട്ടലിലെ പോലീസ് പരിശോധനയും നീല ട്രോളി വിവാദം എന്നിവയായിരുന്നു പിന്നീടുള്ള വിവാദങ്ങള്‍. ദിന രാത്രങ്ങള്‍ മാത്രം ആയുസുണ്ടായിരുന്ന ഈ ചര്‍ച്ചകള്‍ക്ക് പിന്നാലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആയിരുന്നു പിന്നീടുള്ള പ്രചരണവിഷയം. വോട്ടര്‍പട്ടികയില്‍ മണ്ഡലത്തിന് പുറത്തുള്ളവര്‍ ഇടംപിടിക്കുകയും ഇരട്ടവോട്ട് ആരോപണങ്ങളും മുന്ന് മുന്നണികളും പരസ്പരം ഉന്നയിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആരോപിച്ച് ബിജെപി കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനിടെ വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മുനമ്പം ഭൂമി വിവാദവും പാലക്കാട് ചര്‍ച്ചയായി.
വിവാദങ്ങളില്‍ കൊടുമ്പിരികൊണ്ടപ്പോള്‍ ജനകീയ വിഷയങ്ങളില്‍ നിന്ന് അകന്നു എന്ന് നേതാക്കള്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടതും പാലക്കാടെ തിരഞ്ഞെടുപ്പ് പ്രചരണ ദിനങ്ങളില്‍ കണ്ടു. നീലപ്പെട്ടി വിവാദത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ് തന്നെ പാര്‍ട്ടിയെ ഓര്‍മിപ്പിച്ചു. പാലക്കാട് വികസന മുരടിപ്പെന്ന വാദമായിരുന്നു സിപിഎം പ്രധാനമായും ഉയര്‍ത്തിയത്. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിഷയങ്ങളും ഷാഫി പറമ്പില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് വോട്ട് തേടിയത്. പാലക്കാട് നഗരസഭയില്‍ ബിജെപി നടപ്പാക്കിയ വികസനങ്ങളും കൗണ്‍സിലറായിരിക്കെ സി കൃഷ്ണകുമാര്‍ നടത്തിയ ഇടപെടലുകളമാണ് ബിജെപിയുടെ അവകാശവാദങ്ങള്‍.
പ്രചരണ അവസാനിപ്പിച്ച് പാലക്കാട് പോളിങ് ബുത്തിലെത്തുമ്പോള്‍ വിവാദങ്ങള്‍ക്കും അടിയൊഴുക്കുകള്‍ക്കും അപ്പുറത്ത് എന്താണ് ജനമനസില്‍ എന്നറിയാന്‍ നവംബര്‍ 23 വരെ കാത്തിരിക്കാം.