വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം
സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്കായി വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. ഹെലികോപ്റ്ററും ക്രൂവും ഉള്‍പ്പെടെ പാട്ടത്തിനെടുക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഇതിനായി പുതിയ കമ്പനിയെ കണ്ടെത്താനായി ടെന്‍ഡര്‍ വിളിക്കാനും തീരുമാനമായി.
നേരത്തേ പവന്‍ ഹന്‍സ് എന്ന കമ്പനിക്ക് പ്രതിമാസം 1.6 കോടി രൂപ നല്‍കിക്കൊണ്ടായിരുന്നു കരാര്‍. സര്‍ക്കാരിന്റെ ആ തീരുമാനം തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നീട് മറ്റൊരു കമ്പനിക്ക് പ്രതിമാസം 80 ലക്ഷം രൂപയ്ക്ക് കരാര്‍ ഉണ്ടാക്കുകയായിരുന്നു. എന്നാല്‍ സേവന കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് വെറ്റ് ലീസ് വ്യവസ്ഥയില്‍ പുതിയ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനാണ് തീരുമാനമായത്. അടിയന്തര സാഹചര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാണ് ഹെലികോപ്റ്റര്‍ പാട്ടത്തിനെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് 6,000 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 2023 ജനുവരി മാസം 12ാം തീയതി വരെ കമ്പനി പുതുതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകള്‍ക്ക് 4,200 കോടി രൂപയും ശേഷിക്കുന്ന 1,800 കോടി രൂപ കമ്പനി പുതുതായി ലഭ്യമാക്കുന്നതോ, പുതുക്കുന്നതോ ആയ വായ്പകള്‍ക്കുള്ള ബ്ലാങ്കറ്റ് ഗ്യാരണ്ടിയുമാണ്.
കേരള ലോകായുക്തയിലെ സ്‌പെഷ്യല്‍ ഗവ. പ്ലീഡറായ പാതിരിപ്പള്ളി എസ് കൃഷ്ണകുമാരിയുടെ സേവനകാലം അവസാനിക്കുന്ന മുറയ്ക്ക് 29.04.2023 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി പുനര്‍നിയമനം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
നിലമ്പൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവില്‍ അനുവദിച്ച എട്ട് തസ്തികകള്‍ക്ക് പുറമെ ഒരു ജൂനിയര്‍ സൂപ്രണ്ട് തസ്തികകൂടി സൃഷ്ടിക്കുന്നതിനും മന്ത്രിസഭ ഭരണാനുമതി നല്‍കി.