പ്ലസ്‌ വൺ; സർക്കാർ സ്കൂളുകളിൽ
30% സീറ്റു വർധന, എയ്ഡഡ് വിഭാഗത്തിലും വര്‍ധിപ്പിച്ചു

പ്ലസ്‌ വൺ; സർക്കാർ സ്കൂളുകളിൽ 30% സീറ്റു വർധന, എയ്ഡഡ് വിഭാഗത്തിലും വര്‍ധിപ്പിച്ചു

2022-23 അധ്യയനവര്‍ഷം നിലനിര്‍ത്തിയ 18 സയന്‍സ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്‌സ് ബാച്ചുകളും തുടരും
Updated on
1 min read

സംസ്ഥാനത്തെ സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ് വണ്‍ സീറ്റുകള്‍ ഇത്തവണയും വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തിന് സമാനമായ രീതിയില്‍ 7 ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം വര്‍ധിപ്പിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളിലാണ് സീറ്റ് വര്‍ധന. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും 20 ശതമാനം വരെ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഉണ്ടാകും.എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ ആവശ്യപ്പെടുന്ന പക്ഷം 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും.

2022-23 ല്‍ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും നിലനിര്‍ത്തിയ 18 സയന്‍സ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്‌സ് ബാച്ചുകളും തുടരാനും മന്ത്രിസഭായോഗം അനുമതി നല്‍കി. താല്‍ക്കാലികമായി അനുവദിച്ച 2 സയന്‍സ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ബാച്ചുകളും കണ്ണൂര്‍ കെ.കെ.എന്‍ പരിയാരം സ്മാരക സ്‌കൂളില്‍ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്‌സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് ഈ വര്‍ഷവും തുടരുക.

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ വലിയ വിജയ ശതമാനമുണ്ടായെങ്കിലും പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷമാണെന്ന് പരാതി ഉയർന്നിരുന്നു. 2,25,706 വിദ്യാർഥികൾ ഇത്തവണ മലബാർ ജില്ലകളില്‍ ഉപരി പഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. എന്നാൽ, നിലവിലുള്ള സീറ്റുകൾ 1,95,050 മാത്രമാണ്. 

മലപ്പുറം, പാലക്കാട്‌, കോഴിക്കോട്, കണ്ണൂർ ജില്ലകളാണ് ഏറ്റവും അധികം സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകൾ. മലപ്പുറത്ത്‌ ഇത്തവണ 77,000ലേറെ കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടിയെങ്കിലും 44,740 പ്ലസ്‌ വൺ മെറിറ്റ് സീറ്റുകൾ മാത്രമാണ് ജില്ലയിലുള്ളത്. അൺ എയ്ഡഡ്, പോളിടെക്‌നിക്‌, ഐടിഐ ഉൾപ്പെടെയുള്ള ഉപരിപഠന സാധ്യതകൾ തിരഞ്ഞെടുത്താലും 56,015 സീറ്റുകൾ മാത്രമാണ് ഉണ്ടാകുക.

logo
The Fourth
www.thefourthnews.in