PINARAYI VIJAYAN
PINARAYI VIJAYAN

മന്ത്രിസഭ പുന:സംഘടനയിലേയ്ക്ക്; രണ്ടാം പിണറായി സര്‍ക്കാരില്‍ പുതിയതായി ആരൊക്കെ?

ചര്‍ച്ചകളിലേയ്ക്ക് പാര്‍ട്ടി വൈകാതെ കടക്കും
Updated on
1 min read

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിനന്ദന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി നിയോഗിക്കപ്പെട്ടതോടെ മന്ത്രിസഭ പുനഃസംഘടന ഉറപ്പായി. പുനഃസംഘടന ചര്‍ച്ചകളിലേയ്ക്ക് വൈകാതെ പാര്‍ട്ടി കടക്കുമെന്നാണ് വിവരം. മന്ത്രിസഭയിലേയ്ക്ക് ആരൊക്കെ എത്തും? പുനഃസംഘടനയില്‍ പുതുമുഖങ്ങളുണ്ടാകുമോ? കഴിഞ്ഞ സര്‍ക്കാരില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ശേഷം ഇത്തവണ ഇടംപിടിക്കാത്തവര്‍ പുനഃസംഘടനയിലൂടെ മടങ്ങിയെത്തിയേക്കും എന്നൊക്കെയാണ് ഉയരുന്ന അഭ്യൂഹങ്ങൾ.

ഭരണഘടനയെ അധിക്ഷേപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തെത്തുടര്‍ന്നായിരുന്നു സജി ചെറിയാന് മന്ത്രിസഭയില്‍ നിന്നും രാജിവെയ്‌ക്കേണ്ടി വന്നത്. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കുകയാണുണ്ടായത്. ഇതിന് പിന്നാലെയാണ് എം വി ഗോവിന്ദന്‍ പാര്‍ട്ടിയുടെ അമരത്തേയ്ക്ക് എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി പദവിയും മന്ത്രിസ്ഥാനവും ഒരേ സമയം വഹിക്കുന്ന പതിവ് സിപിഎമ്മിലില്ല. 1998ല്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചപ്പോള്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയനാണ് ആ സ്ഥാനത്തേയ്ക്ക് എത്തിയത്. മന്ത്രിസ്ഥാനം പിണറായി വിജയന്‍ രാജിവെയ്ക്കുകയും ചെയ്തിരുന്നു.

എം വി ഗോവിനന്ദനും കൂടി രാജിവെച്ചാല്‍ മന്ത്രിസഭയിലേക്ക് പുതിയ രണ്ട് പേര്‍ കൂടി എത്താനാണ് സാധ്യത. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വകുപ്പുകളിലടക്കം മാറ്റം പ്രതീക്ഷിയ്ക്കാം. സ്പീക്കര്‍ എം ബി രാജേഷ് മന്ത്രിസഭയിലേയ്ക്ക് എത്താനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ സര്‍ക്കാരിലെ മുഴുവന്‍ പേരെയും ഒഴിവാക്കിയായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ ടീം. ആരോഗ്യ വകുപ്പ് മികച്ച രീതിയില്‍ കൈകാര്യം ചെയ്തിരുന്ന കെ കെ ഷൈലജയെ എങ്കിലും നിലനിര്‍ത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇത്തവണ മന്ത്രിസഭയിലേയ്ക്ക് കെ കെ ഷൈലജ ഉള്‍പ്പെടെ ഇടംപിടിക്കുമോയെന്നും ഏല്ലാവരും ഉറ്റുനോക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in