സെനറ്റ് അംഗത്വം റദ്ദാക്കല്‍: സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനെന്ന് എംഎസ്എഫ്; വ്യാജരേഖ ചമച്ചെന്ന് എസ്എഫ്ഐ
എംഎസ്എഫ് പ്രതിനിധി കെ പി അമീൻ റാഷിദിന്റെ സെനറ്റ് അംഗത്വം കാലിക്കറ്റ് സർവകലാശാല റദ്ദാക്കിയ വിഷയത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി എംഎസ്എഫ്, എസ്എഫ്ഐ സംസ്ഥാന നേതൃത്വങ്ങള്‍. വരുന്ന സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ എംഎസ്എഫിന്റെ വോട്ട് അസാധുവാക്കാനുള്ള ശ്രമമാണ് നടന്നതെന്നും നിയമപരമായി നേരിടുമെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ദ ഫോർത്തിനോട് പ്രതികരിച്ചു. അമീൻ റാഷിദ് വ്യാജരേഖകൾ ചമച്ചതാണെന്നും ക്രിമിനൽ കുറ്റം ചുമത്തി കേസ് അന്വേഷിക്കണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും പ്രതികരിച്ചു.
പാലക്കാട് ശ്രീകൃഷ്ണപുരത്തെ സ്വകാര്യ കോളേജിൽ റെഗുലർ വിദ്യാർഥിയാണെന്ന വ്യാജരേഖ ചമച്ചാണ് അമീൻ റാഷിദ് സെനറ്റ് അംഗത്വം നേടിയതെന്ന എസ്എഫ്ഐയുടെ പരാതിയെ തുടർന്നാണ് അമീൻ റാഷിദിന്റെ അംഗത്വം സർവകലാശാല റദ്ദാക്കിയത്. ഇദ്ദേഹം തച്ചനാട്ടുക്കര ഗ്രാമപഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റായി ജോലി ചെയ്തെന്നും ശമ്പളം കൈപ്പറ്റിയെന്നുമുള്ള പരാതിയിൽ സർവകലാശാല അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച് സർവകലാശാല കോളേജിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.
സെനറ്റിലേക്ക് മത്സരിക്കാൻ നിയമപരമായ എല്ലാ യോഗ്യതകളുമുള്ള നാലുപേരെയാണ് എംഎസ്എഫ് മത്സരിപ്പിച്ചതെന്നും ഇവർക്ക് അയോഗ്യതയുണ്ടെങ്കിൽ അത് നോമിനേഷൻ നൽകുന്ന സമയത്ത് പറയേണ്ടതായിരുന്നെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പറഞ്ഞു. കോളേജിൽ ബിരുദ വിദ്യാർഥിയായിരുന്നു അമീൻ റാഷിദ്. എന്തെങ്കിലും തെറ്റായി ചെയ്തെന്ന് രേഖാമൂലം കാണിക്കാൻ സർവകലാശാലക്ക് സാധിച്ചിട്ടില്ല. എന്നിട്ടാണ് രണ്ട് പേരുടെ അംഗത്വം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. ഇതിൽ ഒരാളുടേത് സ്റ്റേ ചെയ്തിരുന്നു. ഒരാളുടേത് കോളേജിന്റെ വിശദീകരണം കേൾക്കാനായി ഈ മാസത്തേക്ക് മാറ്റിവെച്ചതാണ്. ഇതിനിടയിൽ അടിയന്തരമായി സെനറ്റ് യോഗം വിളിച്ചാണ് അമീൻ റാഷിദിന്റെ അംഗത്വം റദ്ദാക്കിയത്. സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ എംഎസ്എഫിന്റെ വോട്ട് അസാധുവാക്കണമെന്ന ഉദ്ദേശത്തിൽ ആസൂതിത്രമായി ചെയ്തതാണിത്. ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും പി കെ നവാസ് കൂട്ടിച്ചേർത്തു.
വിവരാവാകാശ രേഖകൾ പ്രകാരമാണ് എസ്എഫ്ഐ കോടതിയെ സമീപിച്ചതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു. റെഗുലർ വിദ്യാർഥികൾക്ക് മാത്രമാണ് സെനറ്റിലേക്ക് മത്സരിക്കാനാവുക. അമീൻ റാഷിദിന് ലഭിച്ചിട്ടുള്ള അറ്റൻഡൻസ് കോളേജിൽ നിന്ന് വെറുതേ നൽകിയതാവാം. ഇദ്ദേഹം സർവകലാശാലയിൽ സമർപ്പിച്ചിട്ടുള്ള രേഖകൾ വ്യാജമാണ്. കോളേജിലെ വിദ്യാർഥിയാണെന്ന് പറഞ്ഞ് അറ്റൻഡൻസ് നൽകുന്നതിന് കോളേജ് പ്രിൻസിപ്പലടക്കം കൂട്ടുനിന്നിട്ടുണ്ട്. ഇതിൽ എംഎസ്എഫ് സംസ്ഥാന നേതാക്കളുടേയും കോളേജ് അധികൃതരുടേയും പങ്ക് അന്വേഷിക്കണമെന്നും കോളേജിനെതിരെ സർവകലാശാല തലത്തിൽ നടപടി സ്വീകരിക്കണമെന്നും പി എം ആർഷോ കൂട്ടിച്ചേർത്തു.