മോന്‍സണ്‍ മാവുങ്കല്‍ കേസ്: ഐജി ജി ലക്ഷ്മണിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
പുരാവസ്തു തട്ടിപ്പുകാരന്‍ മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായ ഐ ജി ഗുഗുലോത്ത് ലക്ഷ്‌മണിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണവുമായി ഐ ജി ലക്ഷ്‌മൺ സഹകരിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടും ലക്ഷ്‌മൺ ഹാജരാകാത്ത നടപടി കോടതിയുത്തരവിന്റെ ലംഘനമാണെന്നാണ് സർക്കാരിന്റെ ആരോപണം.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് മുൻകൂർ നോട്ടീസ് നൽകണമെന്നും അറസ്റ്റ് ചെയ്‌താൽ ഇടക്കാല ജാമ്യത്തിൽ വിടണമെന്നുമാണ് സിംഗിൾബെഞ്ച് ഉത്തരവിട്ടത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഐ ജി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. കേസിൽ ഐ ജി ലക്ഷ്‌മൺ നാലാം പ്രതിയാണ്.
മോന്‍സനെതിരായ തട്ടിപ്പു കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മൺ ശ്രമം നടത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്‌തെങ്കിലും പിന്നീട് സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ കേസില്‍ പ്രതി ചേര്‍ത്തതിനെതിരെ ലക്ഷ്മൺ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തന്നെ കുടുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടനാബാഹ്യ അധികാരകേന്ദ്രമാണെന്നാണ് ലക്ഷമണിന്റെ ആരോപണം.