പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ്; ബാലറ്റുകള്‍ കാണാതായ സംഭവത്തില്‍ പരസ്പരം പഴിചാരി സ്ഥാനാര്‍ഥികള്‍
പെരിന്തല്‍മണ്ണയിലെ തിരഞ്ഞെടുപ്പ് കേസില്‍ നിര്‍ണായകമായ ബാലറ്റ് പെട്ടിയില്‍ നിന്നും സാധുവായ വോട്ടുകള്‍ കാണാതായെന്ന റിപ്പോര്‍ട്ടില്‍ പരസ്പരം പഴിചാരി ഇടത് വലത് സ്ഥാനാര്‍ഥികള്‍. തപാല്‍വോട്ടുകള്‍ കാണാതായ സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായി ഇടത് സ്ഥാനാര്‍ഥിയായിരുന്ന കെപിഎം മുസ്തഫ ആരോപിച്ചു. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. കേസിനെ ദുര്‍ബലപ്പെടുത്താനും ഇല്ലാതാക്കാനും ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.
348 തപാല്‍ വോട്ടുകള്‍ എണ്ണിയാല്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് പ്രതീക്ഷയുണ്ട്. എന്നാല്‍ ബാലറ്റ് പെട്ടിയുടെ സുരക്ഷിതത്വത്തില്‍ തുടക്കം മുതല്‍ ആശങ്കയുണ്ടായിരുന്നു. കേസ് ഇല്ലാതെയാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. കേസിനെ ദുര്‍ബലപ്പെടുത്താനും ഇല്ലാതാക്കാനും ശ്രമം നടക്കുന്നു
കെപിഎം മുസ്തഫ
എന്നാല്‍, ഫലം അട്ടിമറിയ്ക്കാന്‍ രാഷ്ട്രീയ നീക്കം നടന്നു എന്നായിരുന്നു നജീബ് കാന്തപുരം എംഎല്‍എയുടെ പ്രതികരണം. നമ്മൾ വിശ്വസിക്കുന്ന എല്ലാ സംവിധാനങ്ങളെയും വിലക്ക് വാങ്ങാൻ കഴിയുന്ന നിഗൂഢ ശക്തികളുടെ വലിയ ഇടപെടല്‍ ആണ് ബാലറ്റ് പെട്ടി മോഷണത്തിന് പിറകിലുള്ളതെന്നും നജീബ് കാന്തപുരം ഫേസ്ബുക്കില്‍ ആരോപിച്ചു. ജനാധിപത്യത്തെ വിലക്കു വാങ്ങാൻ ശ്രമിക്കുന്നവർ ഏത് നിലയിലും പ്രവർത്തിക്കും എന്ന മുന്നറിയിപ്പാണിത്. വിഷയം സമഗ്രമായും നിഷ്‌പക്ഷമായും അന്വേഷിക്കണം. ഇതൊരു വ്യക്തിക്കോ ഏതെങ്കിലുമൊരു വകുപ്പിനോ മാത്രം ചെയ്യാൻ കഴിയുന്ന കുറ്റകൃത്യമല്ല. ഒരു കുറ്റകൃത്യത്തിന് വേണ്ടി ഒരുപാട് പേരെ വിലക്കു വാങ്ങാൻ മാത്രം ശക്തരായ കുറ്റവാളികളാണ് ഈ നീക്കങ്ങള്‍ക്ക് പിന്നില്‍. അതുകൊണ്ട് തന്നെ ഗൂഢാലോചന പൂർണ്ണമായും കണ്ടെത്താൻ സമഗ്രമായ അന്വേഷണത്തിന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തര്‍ക്കവോട്ടുകള്‍ സൂക്ഷിച്ച ബാലറ്റ് പെട്ടി പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ നിന്നും കാണാതാകുകയും പിന്നീട് മലപ്പുറം സഹകരണ ജോയിന്റ് റജിസ്ട്രാറുടെ ഓഫീസില്‍ കണ്ടെത്തുകയും ചെയ്ത സംഭവത്തിലെ സബ് കലക്ടറുടെ റിപ്പോര്‍ട്ടുള്‍പ്പെടെ പുറത്ത് വന്ന സാഹചര്യത്തിലാണ് പുതിയ പ്രതികരണങ്ങള്‍. ബാലറ്റ് പെട്ടിയില്‍ നിന്നും സാധുവായ 482 തപാല്‍ വോട്ടുകള്‍ നഷ്ടപ്പെട്ടതായാണ് സബ് കലക്ടറുടെ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കേസില്‍ നിര്‍ണായകമായതും അസാധുവായി കണക്കാക്കിയതുമായ 348 സ്‌പെഷല്‍ ബാലറ്റുകളും ഈ പെട്ടിയിലാണു സൂക്ഷിച്ചിരുന്നത്.
ബാലറ്റ് പെട്ടിയില്‍ നിന്നും സാധുവായ 482 തപാല്‍ വോട്ടുകള്‍ നഷ്ടപ്പെട്ടതായാണ് സബ് കലക്ടറുടെ റിപ്പോര്‍ട്ട്.
പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ 4, 5, 6 നമ്പര്‍ മേശകളിലെ സാധുവായതും അസാധുവായതും നിരസിക്കപ്പെട്ടതുമായ തപാല്‍ വോട്ടുകളാണു കാണാതായ പെട്ടിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 5ാം നമ്പര്‍ മേശയില്‍നിന്നുള്ള വോട്ടുകളടങ്ങിയ കവറാണ് ഇപ്പോള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നകത്. എന്നാല്‍ മറ്റു ബാലറ്റുകള്‍ സൂക്ഷിച്ചിരുന്ന കവറുകളുടെ സീല്‍ പൊട്ടിച്ചിട്ടില്ല.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഓഫിസിന്റെ മൂലയില്‍നിന്നു കവറുകള്‍ കണ്ടെത്തിയതെന്നു സബ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിന് ആധാരമായ 348 സ്‌പെഷല്‍ വോട്ടുകള്‍ ഇതേ പെട്ടിയിലായിരുന്നുവെന്നതും പെട്ടി തുറന്ന നിലയിലായിരുന്നുവെന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ കാണാതായ വോട്ടുകള്‍കൂടി എണ്ണിയ ശേഷമാണു ഫലം പ്രഖ്യാപിച്ചത് എന്നതിനാല്‍ ഇതു തിരഞ്ഞെടുപ്പു ഫലത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.