പരസ്യത്തിൽ പറഞ്ഞ മൈലേജ് കാറിന് കിട്ടുന്നില്ല; ഉടമയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

പരസ്യത്തിൽ പറഞ്ഞ മൈലേജ് കാറിന് കിട്ടുന്നില്ല; ഉടമയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ചൊവ്വൂര്‍ സ്വദേശിനി സൗദാമിനിയായിരുന്നു വാഹന കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്
Updated on
1 min read

പരസ്യം കണ്ട് കാറ് വാങ്ങി വഞ്ചിതയായ കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കാർ നിർമാതാക്കൾക്കും ഡീലര്‍ക്കും ഉപഭോക്തൃ കോടതിയുടെ നിര്‍ദേശം. പരസ്യത്തില്‍ വാഗ്ദാനം ചെയ്ത മൈലേജ് കാറിനില്ലെന്ന് കാണിച്ച് കാറുടമ നല്‍കിയ പരാതിയില്‍ തൃശൂര്‍ ഉപഭോക്തൃ കോടതിയുടേതാണ് ഉത്തരവ്. കാറുടമയ്ക്ക് 3,00,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. കാർ ഡീലറായ തൃശ്ശൂരിലെ കൈരളി ഫോർഡ് പ്രൈവറ്റ് ലിമിറ്റഡ്, നിർമാതാക്കളായ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെയാണ് ഉത്തരവ്.

കാറുടമയ്ക്ക് 3,00,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു

ചൊവ്വൂര്‍ സ്വദേശിനി സൗദാമിനിയായിരുന്നു വാഹന കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കാറ് വാങ്ങുമ്പോള്‍ ലിറ്ററിന് മുപ്പത്തിരണ്ട് കിലോമീറ്റര്‍ പറഞ്ഞിടത്ത് ഇരുപത് കിലോമീറ്ററില്‍ താഴെയാണ് മൈലേജ് കിട്ടിയത്. ഇതോടെ സൗദാമിനി ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. യഥാർത്ഥ മൈലേജ് ലിറ്ററിന് 32 കിലോമീറ്റർ എന്ന വാഗ്ദാനത്തേക്കാൾ 40% കുറവാണെന്ന് കോടതി കണ്ടെത്തി.

കമ്പനി നല്‍കിയ പരസ്യം തികച്ചും അന്യായമാണെന്ന് കോടതി ചൂണ്ടിക്കാട്ടി

കമ്പനി നല്‍കിയ പരസ്യം തികച്ചും അന്യായമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ കാറുവാങ്ങിയപ്പോള്‍ പരാതിക്കാരിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനും മാനസിക പ്രയാസങ്ങള്‍ക്കുമായി ഒന്നരലക്ഷം രൂപ വീതം നല്‍കണം. അതിന് പുറമെ കോടതി ആവശ്യങ്ങള്‍ക്കായി പരാതിക്കാരിയില്‍ നിന്നും ചെലവായ തുക പലിശ സഹിതം തിരിച്ചു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

''ഈ അബദ്ധം എല്ലാവര്‍ക്കും പറ്റുന്നതാണ്. വാഹന കമ്പനികളുടെ പരസ്യത്തിലും വാഗ്ദാനത്തിലും ആകൃഷ്ടരായി ലക്ഷങ്ങള്‍ മുടക്കി വാഹനം വാങ്ങും. ഇത്തരത്തില്‍ പലര്‍ക്കും അനുഭവങ്ങളുണ്ടെങ്കിലും ആരും പരാതി പറയാറില്ല. ഇതൊരു സ്വാഭാവികമായ സംഗതി ആണെന്നാണ് എല്ലാവരും കരുതുക''. ആ സാഹചര്യത്തിലാണ് പരാതിയുമായി എത്തിയതിനാലാണ് സൗദാമിനിയുടെ കേസ് ഏറ്റെടുത്തതെന്നും പരാതിക്കാരിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

2014 ല്‍ ആണ് സൗദാമിനി എട്ട് ലക്ഷം രൂപ മുടക്കി ഫോര്‍ഡിന്റെ ക്ലാസിക് ഡീസല്‍ കാര്‍ വാങ്ങിയത്. എന്നാല്‍ വഞ്ചിക്കപ്പെട്ടെന്ന് മനസിലായതോടെ 2015ല്‍ കോടതിയെ സമീപിക്കുകയായിരുന്നു. പരാതി പരിശോധിക്കാൻ സർക്കാർ എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസറെ വിദഗ്ധ കമ്മീഷണറായി നിയമിച്ചു. ടെസ്റ്റ് റണ്ണിൽ കാറിന്റെ യഥാർത്ഥ മൈലേജ് 19.6 കിലോമീറ്റർ ആണെന്ന് വിദഗ്ധ കമ്മീഷണർ കണ്ടെത്തി.

വാഹനത്തിന് ഉയര്‍ന്ന മൈലേജ് ലഭിക്കാന്‍ കമ്പനി നിര്‍ദേശിച്ചിട്ടുള്ള തരത്തിലുള്ള ഡ്രൈവിങ് രീതി പിന്തുടരണമെന്നാണ് കമ്പനിയുടെ വാദം

എന്നാല്‍, വാഹനത്തിന് ഉയര്‍ന്ന മൈലേജ് ലഭിക്കാന്‍ കമ്പനി നിര്‍ദേശിച്ചിട്ടുള്ള തരത്തിലുള്ള ഡ്രൈവിങ് രീതി പിന്തുടരണമെന്നാണ് കമ്പനിയുടെ വാദം. ബ്രോഷറിൽ പരാമർശിച്ചിരിക്കുന്ന മൈലേജ്, 'ഓട്ടോ കാർ ക്രോസ് കൺട്രി ഡ്രൈവ്' എന്ന് പേരുള്ള ഒരു മൂന്നാം കക്ഷി ഏജൻസി നടത്തിയ പരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഫോർഡ് ഇന്ത്യ വ്യക്തമാക്കി.

എന്നാല്‍, കമ്പനി നിര്‍ദേശിച്ച രീതിയിലും സാഹചര്യത്തിലും വാഹനം ഓടിച്ചിട്ടും വാഹനത്തിന് വാഗ്ദാനം ചെയ്തത്ര ഇന്ധന ക്ഷമത ലഭിച്ചില്ലെന്നും ദേശീയപാതയില്‍ മണിക്കൂറില്‍ 55-60 കിലോമീറ്റര്‍ വേഗതയില്‍ വാഹനം ഓടിച്ചപ്പോള്‍ അത് തെളിഞ്ഞതായും കമ്മീഷന്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in