പക്ഷികളുടെ കൂട്ടക്കുരുതി: ജെസിബി ഓപ്പറേറ്റര്‍ കസ്റ്റഡിയില്‍; കരാറുകാര്‍ക്കെതിരെ കേസ്, മരംമുറിച്ചത് അനുമതിയില്ലാതെ
മലപ്പുറത്ത് ദേശീയപാത വികസനത്തിനായി മരംമുറിച്ചപ്പോള്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ ജെസിബി ഡ്രൈവര്‍ കസ്റ്റഡിയില്‍. കരാറുകാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ഷെഡ്യൂള്‍ നാലില്‍പ്പെട്ട നൂറോളം നീര്‍കാക്കകള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. അതിനാല്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് വനം വകുപ്പ് കേസെടുത്തത്. സംഭവത്തില്‍ പ്രദേശവാസികളില്‍ നിന്നുള്‍പ്പെടെ വിശദമായ മൊഴിയെടുക്കും. വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കി.
വനം വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് മരം മുറിച്ചതെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. പക്ഷികള്‍ ചത്തൊടുങ്ങിയ സംഭവത്തെ നിസാരമായി കാണുന്നില്ല. ഡിഎഫ്ഒ സ്ഥലത്തെത്തി പരിശോധന നടത്തും. ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുട്ട വിരിഞ്ഞ്, കുഞ്ഞുങ്ങള്‍ പറക്കാനായ ശേഷമേ മരം മുറിക്കാവൂ എന്നായിരുന്നു കര്‍ശന നിര്‍ദേശമെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് കരാറുകാര്‍ മരം മുറിച്ചത്. വനം വകുപ്പിനെ അറിയിച്ചിരുന്നില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മരം അതിവേഗത്തില്‍ പിഴുതിടുകയായിരുന്നു. മരം വെട്ടുന്ന രീതിയാണെങ്കില്‍ പക്ഷികള്‍ക്ക് ഏതെങ്കിലും വിധത്തില്‍ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ പക്ഷികളുടെ പ്രജനന കാലമായതിനാലാണ് ഇത്രയധികം പക്ഷികള്‍ ചത്തത്.
ഇന്നലെ മലപ്പുറം വി.കെ പടി അങ്ങാടിക്കു സമീപമായിരുന്നു സംഭവം. വലിയ പുളിമരം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പിഴുതിടുകയായിരുന്നു. മരം വീണതോടെ കുറേ പക്ഷികള്‍ പറന്നു രക്ഷപെട്ടു. എന്നാല്‍ പ്രജനന കാലമായിരുന്നതിനാല്‍, കൂട്ടിലുണ്ടായിരുന്ന നിരവധി കുഞ്ഞുപക്ഷികള്‍ താഴെ വീണ് ചത്തു. നിശ്ചിത സമയങ്ങളില്‍ കൂടുകൂട്ടുന്ന പക്ഷികളാണ് നീര്‍കാക്കകള്‍. ഇവ കൂടുകൂട്ടുന്ന സമയമായതിനാല്‍ നിരവധി പക്ഷികളും കൂടുകളും മരത്തിലുണ്ടായിരുന്നു.