മുഖ്യമന്ത്രിയെ 'നരഭോജി' എന്ന് സംബോധന ചെയ്ത് ഫേസ്‌ബുക്ക് പോസ്റ്റ്; മറുവാക്ക് പത്രാധിപക്കെതിരെ ഒന്നര മാസത്തിനുശേഷം കേസ്

മുഖ്യമന്ത്രിയെ 'നരഭോജി' എന്ന് സംബോധന ചെയ്ത് ഫേസ്‌ബുക്ക് പോസ്റ്റ്; മറുവാക്ക് പത്രാധിപക്കെതിരെ ഒന്നര മാസത്തിനുശേഷം കേസ്

കേസിനെക്കുറിച്ചോ എഫ് ഐ ആറിനെക്കുറിച്ചോ തന്നെ അറിയിച്ചിട്ടില്ലെന്ന് അംബിക ദ ഫോർത്തിനോട് പ്രതികരിച്ചു
Updated on
1 min read

മുഖ്യമന്ത്രി പിണറായി വിജയനെ 'നരഭോജി' എന്ന് സംബോധന ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് മറുവാക്ക് മാസിക പത്രാധിപ അംബികയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസ്. കോഴിക്കോട് കസബ പോലീസാണ് പോസ്റ്റിട്ട് ഒന്നര മാസത്തിനുശേഷം ഫെബ്രുവരി 13ന് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കേസിനെക്കുറിച്ചോ എഫ് ഐ ആറിനെക്കുറിച്ചോ തന്നെ അറിയിച്ചിട്ടില്ലെന്ന് അംബിക ദ ഫോർത്തിനോട് പ്രതികരിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്
ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

തണ്ടർബോൾട്ടിന്റെ വെടിയേറ്റ് മാവോയിസ്റ്റ് പ്രവർത്തകയായ കവിത കൊല്ലപ്പെട്ടതിനെത്തുടർന്ന് ഡിസംബർ 29-നാണ് അംബിക തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ കേസിനാധാരമായ പോസ്റ്റിടുന്നത്. 'കേരളത്തിന്റെ ആഭ്യന്തര മന്ത്രി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം നരഭോജി പിണറായി വിജയൻ വീണ്ടും നരധേമം നടത്തിയിരിക്കുന്നു' എന്നിങ്ങനെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. കൂടാതെ കവിതയുടെ കൊലപാതകം വ്യാജ ഏറ്റുമുട്ടലാണെന്നും അംബിക ആരോപിക്കുന്നുണ്ട്.

മുഖ്യമന്ത്രിയെ 'നരഭോജി' എന്ന് സംബോധന ചെയ്ത് ഫേസ്‌ബുക്ക് പോസ്റ്റ്; മറുവാക്ക് പത്രാധിപക്കെതിരെ ഒന്നര മാസത്തിനുശേഷം കേസ്
പോലീസ് അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു; മനുഷ്യാവകാശ പ്രവർത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

മാർട്ടിൻ മേനാച്ചേരിയാണ് അംബികക്കെതിരെ പരാതി നൽകിയത്. മറുവാക്ക് സിപിഐ മാവോയിസ്റ്റിന്റെ മുഖപത്രമാണെന്നും എഫ് ഐ ആറിൽ ആരോപിക്കുന്നുണ്ട്.

അതേസമയം, അംബിക ആരോപണം തള്ളി. ഒമ്പതുവർഷമായി ആർ എൻ ഐ രജിസ്ട്രേഷൻ ഉള്ള മാഗസിനാണ് മറുവാക്ക് എന്ന് അംബിക ദ ഫോർത്തിനോട് പറഞ്ഞു. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ മുഖപത്രമാണെങ്കിൽ ഓഫീസ് ഓഫ്‌ രജിസ്ട്രാർ ഓഫ്‌ ന്യൂസ്പേപ്പർസ് ഫോർ ഇന്ത്യയുടെ അംഗീകൃത ലൈസൻസ് എങ്ങനെ ലഭിക്കും? കേസെടുത്തിട്ടുണ്ടെന്ന് അറിയിപ്പ് ലഭിച്ചാൽ നിയമപരമായി നേരിടുമെന്നും മനുഷ്യാവകാശ പ്രവർത്തക കൂടിയായ അംബിക പറഞ്ഞു.

"എന്റെ സുഹൃത്താണ് എഫ് ഐ ആർ അയച്ചുതന്നിരുന്നു. അല്ലാതെ ഒരു തരത്തിലുള്ള അറിയിപ്പും കേസ് സംബന്ധിച്ച് ലഭിച്ചിട്ടില്ല. എഫ് ഐ ആറിൽ പറയുന്നത് മാഗസിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ്. അങ്ങനെയൊരു കാര്യം എനിക്കറിയില്ല. മാവോയിസ്റ്റ് ബന്ധമുള്ള ഒരാൾ പോലും എഡിറ്റോറിയൽ ബോര്‍ഡിലില്ല," അംബിക പറഞ്ഞു.

മാവോയിസ്റ്റ് കബനി ദളം ഗറില്ലാ നേതാവ് കവിതയെന്ന ലക്ഷ്മി നവംബര്‍ 13ന് രാവിലെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത്. വെടിവെപ്പുണ്ടായി ആഴ്ചകൾക്കുശേഷമാണ് കവിത കൊല്ലപ്പെട്ട വിവരം മാവോയിസ്റ്റ് സംഘടനയിലെ അംഗങ്ങൾ തന്നെ പുറത്തുവിട്ടത്.

logo
The Fourth
www.thefourthnews.in