ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർനിർത്താതെ പോയി; ശ്രീനാഥ് ഭാസിക്കെതിരെ വീണ്ടും കേസ്
ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെപോയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാർ ഇടിച്ചിട്ടത്.
കഴിഞ്ഞ മാസം എട്ടിനുണ്ടായ സംഭവത്തിൽ കൊച്ചി സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കാറിൽ ശ്രീനാഥ് ഭാസിക്കൊപ്പമുണ്ടായിരുന്നവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഓംപ്രകാശ് പ്രതിയായ ലഹരി കേസിൽ ശ്രീനാഥ് ഭാസിയുടെ പേര് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. പാർട്ടിയിൽ പങ്കെടുത്തവരിൽ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ഉൾപ്പെട്ടിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തെളിവൊന്നും ലഭിക്കാത്തതിന്റെ പേരിൽ ഇരുവരെയും കേസിൽ പ്രതിചേർക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു പോലീസ്. പിന്നാലെയാണ് ബൈക്ക് യാത്രികനെ ഇടിച്ചിട്ട സംഭവത്തിൽ ശ്രീനാഥ് ഭാസി വീണ്ടും പേലീസ് നിരീക്ഷണത്തിലായത്.
കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു സന്തോഷിനെതിരെയും പോലീസ് കേസെടുത്തിരുന്നു. ഞായറാഴ്ച അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചായിരുന്നു സംഭവം. ബൈജു ഓടിച്ച കാര്‍ ബൈക്കിലും വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു.