വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് : നിഖിൽ തോമസിനെതിരെ കേസെടുത്തു; വി സിയോട് വിശദീകരണം തേടി ഗവർണർ
വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെ കായംകുളം പോലീസ് കേസെടുത്തു. വ്യാജരേഖ ചമക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കേരള സർവകലാശാല ഡിജിപിക്ക് പരാതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കലിംഗ സർവകലാശാലയിലെത്തി. അതേസമയം, വൈസ് ചാൻസലറോട് ഗവർണർ റിപ്പോർട്ട് തേടി.
കായകുളം എംഎസ്എം കോളേജ് നൽകിയ പരാതിയിലാണ് കായംകുളം പോലീസ് നിഖിൽ തോമസിനെതിരെ കേസെടുത്തത്. എന്നാൽ നിഖിലിൽ ഒളിവിലെന്നാണ് സൂചന. കൂടുതൽ അന്വേഷണത്തിനായാണ് റായ്‌പൂരിലെ കലിംഗ സർവകലാശാലയിലെത്തിയ പോലീസ് വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവരെ കണ്ടു. ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ തേടി.
കലിംഗ സർവകലാശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ്, നിഖിലിന്റെ എംകോം പ്രവേശനം തുടങ്ങിയവയിൽ സമഗ്ര അന്വേഷണം നടത്തണമെന്നാണ് സർവകലാശാല ഡിജിപിയ്ക്ക് നൽകിയ പരാതിയിലെ ഉള്ളടക്കം. കോളേജിന്റെയും വിദ്യാർത്ഥിയുടെയും നടപടികൾ സംബന്ധിച്ചും അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ കേരള സർവകാലശാല വിസിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയിട്ടുണ്ട്. രാജ്ഭവനിലെത്തി നേരിട്ടാകും വിസി വിശദീകരണം നൽകുക.
നിഖിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് എസ്എഫ്ഐ ഇന്ന് പുറത്താക്കിയിരുന്നു. അതേസമയം നിഖിൽ തോമസിന്റെ കോളേജ് അഡ്മിഷനായി ശുപാർശ ചെയ്‌തെന്ന ആരോപണത്തിൽ പ്രതികരിക്കാൻ സിപിഎം നേതാവും കേരള സർവകലാശാലയുടെ സിൻഡിക്കറ്റ് അംഗവുമായ കെ എച്ച് ബാബുജാൻ തയ്യാറായില്ല. വിഷയത്തെ പറ്റി പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് പിന്നീട് പറയാം എന്നായിരുന്നു മറുപടി. നിഖിലിന്റെ എംകോം പ്രവേശനത്തിന് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാൻ സഹായിച്ചത് ബാബുജാനാണെന്ന് കെഎസ്‌യു നേരത്തെ ആരോപിച്ചിരുന്നു.