പ്രാണപ്രതിഷ്ഠയ്ക്കെതിരെ പ്രതിഷേധം; തിരുവനന്തപുരം സ്വദേശിക്കെതിരെ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിന്‌ കേസ്

പ്രാണപ്രതിഷ്ഠയ്ക്കെതിരെ പ്രതിഷേധം; തിരുവനന്തപുരം സ്വദേശിക്കെതിരെ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിന്‌ കേസ്

നെയ്യാറ്റിൻകര പോലീസാണ് സ്വമേധയാ കേസെടുത്തത്. ജനുവരി 22 കരിദിനമായി ആചരിക്കണമെന്നായിരുന്നു ഒറ്റയാൾ സലീം എന്നറിയപ്പെടുന്ന വ്യക്തി ആഹ്വാനം ചെയ്തത്
Updated on
1 min read

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനെതിരെ പ്രതിഷേധിച്ചതിന് തിരുവനന്തപുരം ബാലരാമപുരം സ്വദേശി മുഹമ്മദ് സലീമിനെതിരെ കേസെടുത്ത് കേരളാ പോലീസ്. മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഐ പി സി 153 എ പ്രകാരം നെയ്യാറ്റിൻകര പോലീസാണ് സ്വമേധയാ കേസെടുത്തത്. ജനുവരി 22 കരിദിനമായി ആചരിക്കണമെന്നായിരുന്നു ഒറ്റയാൾ സലീം എന്നറിയപ്പെടുന്ന വ്യക്തി ആഹ്വാനം ചെയ്തത്.

കറുത്ത വസ്ത്രം ധരിച്ചെത്തിയ സലീം മെഗാഫോണിലൂടെയാണ് കഴിഞ്ഞ ദിവസം പ്രസംഗം നടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് അതിയന്നൂരിലെ വഴിമുക്ക് ജംഗ്ഷനിൽ വച്ചായിരുന്നു സലീമിന്റെ പ്രതിഷേധം. ഇതിനുമുൻപും പലസ്തീൻ വിഷയങ്ങൾ ഉൾപ്പെടെ നിരവധി സംഭവങ്ങളിൽ അദ്ദേഹം പ്രതിഷേധപ്രകടനങ്ങൾ നടത്തിയിരുന്നു.

പ്രതിഷേധത്തില്‍നിന്ന്
പ്രതിഷേധത്തില്‍നിന്ന്

ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുമായോ സംഘടനയുമായോ തനിക്ക് ബന്ധമില്ലെന്നും ഒരു ജനാധിപത്യ വിശ്വാസിയെന്ന നിലയിൽ മാത്രമാണ് ഒറ്റയാൾ സമരം സംഘടിപ്പിച്ചതെന്നുമാണ് സലീമിന്റെ വാദം. എന്നാൽ സലീമിന്റെ രണ്ട് മിനിറ്റലധികം നീണ്ടു നിൽക്കുന്ന പ്രസംഗത്തിൽ മതസ്പർദ്ധയുണ്ടാക്കുന്ന പരാമർശങ്ങളുണ്ടെന്നാണ് പോലീസ് ആരോപിക്കുന്നത്.

പ്രാണപ്രതിഷ്ഠയ്ക്കെതിരെ പ്രതിഷേധം; തിരുവനന്തപുരം സ്വദേശിക്കെതിരെ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിന്‌ കേസ്
അവിടെ ഒരു പള്ളി ഉണ്ടായിരുന്നു...ബാബരി മസ്ജിദ്

"പ്രിയമുള്ളവരേ ജനുവരി 22 കറുത്ത ദിനമാണ്. ഉച്ചയ്ക്ക് 12.20 മുതൽ ഒരുമണിവരെ സത്യവിശ്വാസികൾ ഖുർആൻ ഓതി ദുഃഖാചരണം നടത്തേണ്ടതാണ്. ജനാധിപത്യവും മതേതരത്വവും ഇന്ത്യയിൽ പുലരട്ടെ എന്ന് ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും ജനുവരി 22നെ കറുത്ത ദിനമായി ഉൾക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുകയാണ്. പ്രിയമുള്ള ജനാധിപത്യ- മതേതര വിശ്വാസികളെ ഇന്ന് കറുത്ത ദിനമാണ്." എന്നിങ്ങനെയാണ് പ്രസംഗം നീളുന്നത്.

നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ രണ്ടുദ്യോഗസ്ഥരാണ് സംഭവം നേരിട്ടുകാണുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്. സലീമിന്റെ പ്രസംഗം മതസ്പർധയ്ക്ക് കാരണമാകുന്നതാണെന്നും അപ്പോൾ അറസ്റ്റ് ചെയ്തിരുന്നെങ്കിൽ പ്രകോപനം ഉണ്ടാകാൻ സാധ്യത ഉണ്ടാകുമായിരുന്നു എന്നും എഫ് ഐ ആറിൽ പറയുന്നു.

logo
The Fourth
www.thefourthnews.in