കരിപ്പൂര്‍ വിമാനത്താവളം
കരിപ്പൂര്‍ വിമാനത്താവളം

കരിപ്പൂര്‍ വിമാനത്താവളം കള്ളക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 30 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ നിന്ന് 2.86 ലക്ഷം രൂപ മൂല്യം വരുന്ന പണം, വിദേശമദ്യം, വിദേശ കറന്‍സി തുടങ്ങിയവയും 6.28 ലക്ഷം രൂപയുടെ സാധനങ്ങളും കണ്ടെടുത്തു
Updated on
1 min read

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണമുള്‍പ്പടെ കള്ളക്കടത്തു നടത്തിയ കേസില്‍ 13 കസ്റ്റംസ് ഉദ്യോഗസ്ഥരും 17 കള്ളക്കടത്തുകാരുമടക്കം 30 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി സിബിഐ കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കസ്റ്റംസ് സൂപ്രണ്ടുമാരായ കെ എം ജോസ്, ഇ ഗണപതി പോറ്റി, സത്യമേന്ദ്ര സിങ്, എസ് ആശ, കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരായ കെ യാസര്‍ അരാഫത്ത്, നരേഷ്, സുധീര്‍ കുമാര്‍, വി സി മിനിമോള്‍, സഞ്ജീവ് കുമാര്‍, യോഗേഷ്, ഹെഡ് ഹവില്‍ദാര്‍മാരായ സി അശോകന്‍, പി എം ഫ്രാന്‍സിസ്, എയര്‍പോര്‍ട്ട് സ്റ്റാഫായ കെ മണി എന്നിവരാണ് കുറ്റപത്രത്തില്‍ പ്രതി ചേർക്കപ്പെട്ട ഉദ്യോഗസ്ഥര്‍. ഇവര്‍ക്കു പുറമേ കാസര്‍ഗോഡ് നിന്നുള്ള 17 കള്ളക്കടത്തുകാരും പ്രതികളാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

2021 ജനുവരി 12 ന് പുലര്‍ച്ചെ മൂന്നരയ്ക്ക് സി.ബി.ഐയും ഡി ആര്‍ ഐയും സംയുക്തമായി എയര്‍പോര്‍ട്ടില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു

കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി വന്‍തോതില്‍ കള്ളക്കടത്തു നടക്കുന്നുണ്ടെന്നും ഇവിടെ കസ്റ്റംസ് ഉദ്യോഗസ്ഥരും കള്ളക്കടത്തുകാരും തമ്മില്‍ കൂട്ടുകെട്ടുണ്ടെന്നുമുള്ള പരാതി ഉയർന്നിരുന്നു. അതേത്തുടർന്ന് 2021 ജനുവരി 12 ന് പുലര്‍ച്ചെ മൂന്നരയ്ക്ക് സിബിഐയും ഡി ആര്‍ ഐയും സംയുക്തമായി എയര്‍പോര്‍ട്ടില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിബിഐയുടെ അഴിമതി അന്വേഷണ വിഭാഗം കുറ്റപത്രം നല്‍കിയത്. അന്വേഷണത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മതിയായ പരിശോധന നടത്താതെയാണ് സാധനങ്ങള്‍ പുറത്തേക്ക് കൊണ്ടു പോകാന്‍ അനുവദിക്കുന്നതെന്ന് കണ്ടെത്തി.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പുറത്തേക്ക് അനധികൃതമായി വിട്ട 70.08 ലക്ഷം രൂപയുടെ ബാഗേജുകള്‍ അന്വേഷണ സംഘം പിടികൂടി. ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ നിന്ന് 2.86 ലക്ഷം രൂപ മൂല്യം വരുന്ന പണം, വിദേശമദ്യം, വിദേശ കറന്‍സി തുടങ്ങിയവയും 6.28 ലക്ഷം രൂപയുടെ സാധനങ്ങളും കണ്ടെടുത്തു. ചോദിക്കുന്ന പണം ലഭിക്കാതെ വരുന്നതോടെ എടുക്കുന്ന കള്ളക്കടത്തു സാധനങ്ങളുടെ പങ്കാണ് പിടികൂടിയതെന്ന് സിബിഐ വ്യക്തമാക്കുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അനധികൃതമായി ഇത്തരം സാധനങ്ങള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും സിബിഐ ശേഖരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in