വിവരാവകാശ രേഖകള്‍ നല്‍കാന്‍ സിബിഐക്ക് ബാധ്യതയില്ലെന്ന് ഹൈക്കോടതി

വിവരാവകാശ രേഖകള്‍ നല്‍കാന്‍ സിബിഐക്ക് ബാധ്യതയില്ലെന്ന് ഹൈക്കോടതി

കുറ്റവിമുക്തനാക്കപ്പെടാന്‍ യോഗ്യമായ റിപ്പോര്‍ട്ടാണെങ്കിലും ഇത്തരമൊരു റിപ്പോര്‍ട്ട് ഹര്‍ജിക്കാരന് ആവശ്യപ്പെടാനാവില്ലെന്ന് കോടതി
Updated on
1 min read

സ്വകാര്യ വ്യക്തികള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കാന്‍ സിബിഐക്ക് ബാധ്യതയില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് റിട്ട. ഓഫീസറായ എസ് രാജീവ് കുമാര്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷ നിരസിച്ചതിനെതിരായ ഹര്‍ജി തള്ളിയാണ് ഉത്തരവ്.

രാജീവ് കുമാര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചില വിദേശ ഇന്ത്യക്കാരുടെ ബാഗേജുകള്‍ ശരിയായി പരിശോധിക്കാതെ വിട്ടു എന്ന കേസില്‍ പ്രതിയായി. തുടര്‍ന്ന് വിജിലന്‍സും സിബിഐയും കേസന്വേഷിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പ്രധാനപ്പെട്ട തെളിവായതിനാല്‍ സിബിഐയുടെ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാന്‍ വേണ്ടിയാണ് ഹര്‍ജിക്കാരന്‍ രേഖ ആവശ്യപ്പെടുന്നത്. കുറ്റവിമുക്തനാക്കപ്പെടാന്‍ യോഗ്യമായ റിപ്പോര്‍ട്ടാണെങ്കിലും ഇത്തരമൊരു റിപ്പോര്‍ട്ട് ഹര്‍ജിക്കാരന് ആവശ്യപ്പെടാനാവില്ലെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളുകയായിരുന്നു.

സിബിഐ അന്വേഷണവും റിപ്പോര്‍ട്ടുകളും വിവരാവകാശ നിയമത്തിന്റെ രണ്ടാം ഷെഡ്യൂളിലും 24-ാം വകുപ്പിലും ഉള്‍പ്പെടുത്തി 2011 ജൂണ്‍ ഒമ്പതിന് വിജ്ഞാപനം ചെയ്തിടുള്ളതാണെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. രണ്ടാം ഷെഡ്യൂന്റെ പരിധിയില്‍ വരുന്ന കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച രഹസ്യാന്വേഷണ-സുരക്ഷാ സംവിധാനങ്ങള്‍ക്ക് വിവരാവകാശ നിയമം ബാധകമല്ല. സിബിഐ, എന്‍ഐഎ, ദേശീയ ഇന്റലിജന്‍സ് ഗ്രിഡ് എന്നിവ രണ്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളവയാണ്.

വിവരം നല്‍കിയില്ലെങ്കില്‍ വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഉറപ്പുള്ളതും സംസ്ഥാന, കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മര്‍ ന്യായമെന്ന് ചൂണ്ടിക്കാട്ടാത്തതുമായ പൊതു താല്‍പര്യമില്ലാത്ത വ്യക്തിഗത വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് നിയമത്തിലെ എട്ട്(1)(ജെ) പറയുന്നത്. അന്വേഷണത്തിനും പ്രോസിക്യുഷനും തടസമുണ്ടാക്കുമെന്ന് കരുതുന്ന റിപ്പോര്‍ട്ട് വെളിപ്പെടുത്തേണ്ടതില്ലെന്ന് എട്ട് (1)(ബി) വകുപ്പിലും പരാമര്‍ശിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in