കോഴിക്കോട് കോര്‍പ്പറേഷന്റെ പണം തട്ടിയ സംഭവം; സിബിഐ അന്വേഷണത്തിന് സാധ്യത
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോഴിക്കോട് കോര്‍പ്പറേഷന്റെ പണം തട്ടിയ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് സാധ്യത. തട്ടിപ്പ് നടന്നത് പൊതുമേഖലാ ബാങ്ക് ആയതിനാലാണ് സിബിഐ അന്വേഷണത്തിന് സാധ്യത തെളിയുന്നത്. മൂന്ന് കോടിയിലധികം ക്രമക്കേട് നടന്നാല്‍ ബാങ്ക് സിബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍ ചെന്നൈയില്‍ നിന്നുള്ള ബാങ്ക് ഉദ്യോഗസ്ഥര്‍ വിശദ പരിശോധന നടത്തുന്നുണ്ട്. പരിശോധിച്ച് തുക കൃത്യമായി കണക്കാക്കിയ ശേഷം ബാങ്ക് സിബിഐയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതിനിടെ ബാങ്കില്‍ നിന്ന് കോഴിക്കോട് കോര്‍പ്പറേഷന്റെ 14.5 കോടി രൂപ അപ്രത്യക്ഷമായതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പിഎന്‍ബി ലിങ്ക് റോഡ് ശാഖയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തുക ഉടന്‍ തിരിച്ച് നല്‍കിയില്ലെങ്കില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുഴുവന്‍ ബ്രാഞ്ചിന്റേയും പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. മുഴുവന്‍ നിക്ഷേപകരുടേയും പണം സുരക്ഷിതമാണെന്ന് ബാങ്ക് ഉറപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോര്‍പ്പറേഷന് നഷ്ടപ്പെട്ട മുഴുവന്‍ തുകയും 24 മണിക്കൂറിനകം അക്കൗണ്ടുകളില്‍ തിരികെ എത്തിയില്ലെങ്കില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു ശാഖയും പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതി ഉണ്ടാകുമെന്ന് മോഹനന്‍ പറഞ്ഞു.
ബാങ്കിന്റെ ലിങ്ക് റോഡ് ശാഖാ മുന്‍ മാനേജര്‍ എം പി റിജില്‍ 14.5 കോടി രൂപയാണ് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തട്ടിയെടുത്തത്. ഇതില്‍ രണ്ടര കോടി രൂപ ബാങ്ക് കഴിഞ്ഞ ദിവസം തിരിച്ച് നല്‍കിയിരുന്നു. തിരിമറിയെ തുടര്‍ന്ന് സസ്പെന്‍ഷനിലായ റിജില്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ബാങ്ക് ക്രമക്കേട് നടത്തിയത് കോര്‍പ്പറേഷന്റെ ഒത്താശയോടെയെന്ന യുഡിഎഫ് ആരോപണത്തില്‍ കഴമ്പില്ലെന്ന് ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് പറഞ്ഞു. പേ സ്ലിപിലൂടെയോ ചെക്കിലൂടെയോ അല്ല തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ എന്തും ചെയ്യാന്‍ പറ്റുന്ന സ്ഥിതിയാണുള്ളത്. വര്‍ഷങ്ങളായി നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികളുടെ ഉള്‍പ്പടെയുള്ള പണമാണ് അക്കൗണ്ടുകളില്‍ ഉള്ളതെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.