ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന് സിബിഐ നോട്ടീസ്; നാളെ ഹാജരാകണം
ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി നാളെ രാവിലെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസയച്ചു. കേസില്‍ ആദ്യമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. അന്വേഷണത്തെ എതിര്‍ത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും സിബിഐ അന്വേഷണം തുടരാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത്, സന്തോഷ് ഈപ്പന്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇന്നലെയാണ് സ്വപ്‌ന സുരേഷ് സിബിഐക്ക് മുന്നില്‍ രണ്ടാം തവണ ഹാജരായത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ കോഴ ഇടപാട് നടന്നു. ഇത് ശിവശങ്കറിന്റെ അറിവോടെയായിരുന്നുവെന്നാണ് സ്വപ്‌ന സുരേഷ് സിബിഐക്ക് നല്‍കിയിരുന്ന മൊഴി. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.