പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അങ്കമാലി - ശബരി റെയിൽപാത യാഥാര്‍ഥ്യമാകുമോ? സര്‍വേ പുനരാരംഭിക്കാന്‍ കേന്ദ്രത്തിന്റെ പച്ചക്കൊടി

ശബരി റെയില്‍പാതയ്ക്ക് റെയില്‍വേ അനുമതി നല്‍കിയത് 1998ല്‍
Updated on
1 min read

അങ്കമാലി-ശബരി റെയില്‍പാത നിര്‍മാണം പുനരാരംഭിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പച്ചക്കൊടി. പദ്ധതിയുടെ സര്‍വേ നടപടികള്‍ ആരംഭിക്കുന്നതിന് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയതായി മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. .

സംസ്ഥാനത്തെ റെയില്‍വേ വികസനം ചര്‍ച്ച ചെയ്യാനായി കേന്ദ്ര റെയില്‍വേ മന്ത്രി കേരളത്തില്‍ എത്തും. ഓണക്കാലത്ത് കേരളത്തിലേയ്ക്ക് പ്രത്യേക ട്രെയിനുകളും നിലവിലോടുന്ന ട്രെയിനുകളില്‍ അധിക കംപാര്‍ട്ട്മെന്റുകളും അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. നേമം ടെര്‍മിനല്‍ പദ്ധതി റെയില്‍വേ ഒഴിവാക്കിയെന്നത് മാധ്യമ വാര്‍ത്ത മാത്രമാണെന്നും പദ്ധതിയുടെ കാര്യത്തില്‍ റെയില്‍വേ മന്ത്രാലയം പൊസീറ്റിവായാണ് പ്രതികരിക്കുന്നതെന്നും വി അബ്ദുറഹ്മാന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ യോഗം വിളിച്ച് ചര്‍ച്ച ചെയ്യാമെന്ന നിലപാട് കേന്ദ്രമന്ത്രി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ശബരി പദ്ധതി

രണ്ട് പതിറ്റാണ്ടിന് മുന്‍പാണ് ദക്ഷിണ റെയില്‍വേ ശബരി റെയില്‍പാതയ്ക്ക് അനുമതി നല്‍കിയത്. മധ്യ കേരളത്തിലെ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് യാത്രാസൗകര്യവും ഒപ്പം ശബരിമലയുടെ വികസനവുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം.അങ്കമാലി മുതല്‍ എരുമേലി വരെയായിരുന്നു നിര്‍ദ്ദിഷ്ട പാത. അങ്കമാലി,കാലടി, മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, പാലാ, രാമപുരം, എരുമേലി വഴിയുള്ള പാതയ്ക്ക് 14 സ്റ്റേഷനുകളാണ് നിശ്ചയിച്ചിരുന്നത്.

116 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയ്ക്കായി ഇതുവരെ 180.51 കോടി രൂപ ചെലവഴിച്ചു. പദ്ധതി പ്രഖ്യാപിച്ച് 24 വര്‍ഷം പിന്നിടുമ്പോള്‍ അങ്കമാലി മുതല്‍ കാലടി വരെയുള്ള ഭാഗത്തെ 90 ശതമാനം നിര്‍മാണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കാനായത്. 50:50 എന്ന തോതില്‍ ചെലവ് പങ്കിടാന്‍ സംസ്ഥാനം വിസമ്മതിച്ചതും സ്ഥലമെടുപ്പിന് പ്രയാസം നേരിടുന്നതും നിര്‍മാണപ്രവര്‍ത്തനം പാതിയില്‍ നിലയ്ക്കാന്‍ കാരണമായി.

logo
The Fourth
www.thefourthnews.in