കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല; മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം മുടങ്ങി
കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം മുടങ്ങി. ചടങ്ങില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന നിഗമനത്തിന്മേലാണ് കേന്ദ്രം യാത്രാനുമതി നല്‍കാതിരുന്നത്. അനുമതി തേടിയുള്ള ഫയല്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരിട്ട് പരിശോധിച്ചതായാണ് വിവരം.
വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കാത്തതില്‍ അനിശ്ചിത്വം നിലനിന്നിരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് അനുമതി തേടാൻ ശ്രം നടന്നിരുന്നു. എന്നാല്‍ ആ ശ്രമവും വിജയിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടാതായതോടെയാണ് യാത്ര മാറ്റിവയ്ക്കാന്‍ തീരുമാനമായത്. മന്ത്രിതലത്തിലുള്ളവര്‍ പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കേന്ദ്രം വ്യക്തമാക്കിയതായാണ് വിവരം.
യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി യാത്ര നിശ്ചയിച്ചത്. ഈ മാസം എട്ട് മുതല്‍ 10 വരെ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന നിക്ഷേപകസംഗമത്തില്‍ പങ്കെടുക്കാനായി നാല് ദിവസത്തെ സന്ദര്‍ശനമാണ് പദ്ധതിയിട്ടത്. ഏഴിനാണ് യുഎഇയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി ഏപ്രിലില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അനുമതി ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി പി എ മുഹമ്മദ് റിയാസും യുഎഇ സന്ദര്‍ശനത്തിനുണ്ടായിരുന്നു.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഏഴിന് വൈകിട്ട് നടത്തുന്ന പരിപാടിയിലും, മെയ് പത്തിന് ദുബായില്‍ നടക്കുന്ന മറ്റൊരു പരിപാടിയിലും പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു.