കടമെടുപ്പിലെ 'കടുംവെട്ട്'; കേന്ദ്രത്തിന്റെ കെണിയോ, കേരളം വിളിച്ചുവരുത്തിയ വിധിയോ?

കടമെടുപ്പിലെ 'കടുംവെട്ട്'; കേന്ദ്രത്തിന്റെ കെണിയോ, കേരളം വിളിച്ചുവരുത്തിയ വിധിയോ?

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളാണെന്ന വാദം ശക്തമാകുമ്പോഴും പരിധിവിട്ടുള്ള കടമെടുപ്പിന്റെ അനന്തരഫലമാണ് ഈ നിയന്ത്രണമെന്ന നിരീക്ഷണവും ഉയരുന്നുണ്ട്‌
Updated on
2 min read

കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കത്തിവച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടി സംസ്ഥാനത്തെ എങ്ങനെ ബാധിക്കും. ഈ സാമ്പത്തിക വര്‍ഷം പൊതുവിപണിയില്‍നിന്നു കേരളത്തിനു കടമെടുക്കാമെന്നു കേന്ദ്രം തന്നെ സമ്മതിച്ചിരുന്ന 32,442 കോടി രൂപയില്‍ 17,052 കോടി രൂപ ഒറ്റയടിക്കാണ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. കഴിഞ്ഞവർഷം സംസ്ഥാന ആഭ്യന്തര മൊത്ത ഉൽപ്പാദനത്തിന്റെ മൂന്നര ശതമാനം വായ്‌പ നിശ്ചയിക്കുകയും, ഈവർഷം അത്‌ മൂന്നു ശതമാനമാക്കുകയും ചെയ്തതിന് പിന്നാലെയാണ് വായ്‌പാനുമതിയിൽ വൻ വെട്ടിക്കുറവ്‌ വരുത്തിയത്‌.

എന്നാല്‍, എന്ത് കാരണത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പാപരിധി വെട്ടിക്കുറച്ചതെന്ന് ഇതുവരെയും കേന്ദ്ര സര്‍ക്കാരോ ധനമന്ത്രാലയമോ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. അതു കൊണ്ട് തന്നെ തീരുമാനത്തിന് പിന്നില്‍ വലിയ അവ്യക്തത നിലനില്‍ക്കുകയാണ്.

സംസ്ഥാനത്തിന്റെ വായ്‌പാവകാശം വെട്ടിക്കുറയ്‌ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. നടപ്പാക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണെന്നും ഭരണഘടന ഉറപ്പ് നൽകുന്ന ഫെഡറൽ തത്വങ്ങൾക്കെതിരാണ് ഈ വിവേചനമെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുമ്പോഴും വായ്പ പരിധിയിലെ വെട്ടിച്ചുരുക്കല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ ആകെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണെന്നും, എന്നാല്‍ അത് വെറും വാദമാണെന്നും രണ്ടഭിപ്രായമാണ് ഈ രംഗത്തെ വിദഗ്ദര്‍ക്കുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ 32,442 കോടി രൂപ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ ബജറ്റില്‍ കേരളം പദ്ധതികളും ചിലവുകളും ക്രമികരിച്ചത്

ഈ വര്‍ഷം ആദ്യം സംസ്ഥാനത്തിന് കടപരിധി നിശ്ചയിച്ച് നല്‍കിയതിന് ശേഷമാണ് അപ്രതീക്ഷിതമായി വായ്പ പരിധി ചുരുക്കി കെണ്ടുള്ള അറിയിപ്പ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നത്. കേന്ദ്രത്തിന്റെ ഈ അപ്രതീക്ഷിത നീക്കം കേരളത്തിന്റെ ബജറ്റിനെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദന്‍ പ്രൊഫ. ആര്‍ രാമകുമാര്‍ ചൂണ്ടികാണിക്കുന്നു.

മറ്റ് സംസ്ഥാനങ്ങള്‍ പൊതുവില്‍ കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ വായ്പ പരിധി വെട്ടിച്ചുരുക്കാറാണ് പതിവ്. എന്നാല്‍ കേരളം പരമാവധി വായ്പ എടുക്കുന്നതിലാണ് കേരളത്തിന് ഉയര്‍ന്ന കടം എടുക്കേണ്ടിവരുന്നത്

''കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ചിലവിന്റെ ഒരു ഭാഗം കണ്ടെത്തുന്നത് വായ്പയിലൂടെയാണ്. മൊത്തം ജിഡിപിയുടെ 3 ശതമാനം വായ്പയെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ട്. അനുവദിച്ച കടപരിധി പൂര്‍ണമായും പ്രയോജനപ്പെടുത്തി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേന്ദ്ര സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ച 32,442 കോടി രൂപ വായ്പാ പരിധിയില്‍ പ്രതീക്ഷ വച്ചാണ് കഴിഞ്ഞ ബജറ്റില്‍ കേരളം പദ്ധതികളും ചിലവുകളും ക്രമീകരിച്ചത്. വായ്പ പരിധി വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനം നടപ്പിലായാല്‍ കേരളത്തിലെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് പ്രതിസന്ധിയിലാക്കും. സംസ്ഥാനത്തിന് ചിലവ് ക്രമീകരിക്കേണ്ടിവരും.'' രാമകുമാര്‍ പറയുന്നു.

തേക്കെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെയും കടം 28 ശതമാനത്തിന് മുകളിലല്ല. കേരളത്തിന് മാത്രമാണ് ഇത്തരത്തില്‍ ഉയര്‍ന്ന കടമുള്ളത്

എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ വായ്പ പരിധിവെട്ടിക്കുറച്ചെന്ന് പറയാനാകില്ലെന്ന് സാമ്പത്തിക വിദഗ്ദയും അധ്യാപികയുമായ മേരി ജോര്‍ജ് പറയുന്നു. കേരളം സഞ്ചിത കട പരിധി ലംഘിച്ച സാഹചര്യത്തില്‍ വായ്പ എടുക്കുന്നതിന് പരിധി നിശ്ചയിക്കുകയാണ് കേന്ദ്രം ചെയ്തതെന്ന് മേരി ജോര്‍ജ് അഭിപ്രായപ്പെടുന്നത്.

''സംസ്ഥാനങ്ങളുടെ വായ്പ പരിധി ജിഎസ്ഡിപിയുടെ 29 ശതമാനത്തില്‍ കവിയരുതെന്നാണ് ചട്ടം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ എടുക്കുന്ന കടം ജി എസ് ഡി പി മൂന്ന് ശതമാനത്തില്‍ കൂടാന്‍ പാടില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വായ്പ പരിധി ഇതിന് മുകളിലാണ്. കഴിഞ്ഞ ബജറ്റ് രേഖകളില്‍ വ്യക്തമാക്കുന്നതനുസരിച്ച് കേരളത്തിന്റെ പൊതു കടം 37.01 ശതമാനമാണ്.'' മേരി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.

തേക്കെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെയും കടം 28 ശതമാനത്തിന് മുകളിലല്ല. കേരളത്തിന് മാത്രമാണ് ഇത്തരത്തില്‍ ഉയര്‍ന്ന കടമുള്ളത്. സംസ്ഥാനം തുടര്‍ച്ചയായി കടമെടുപ്പ് പരിധി ലംഘിച്ചാല്‍ അത് കേന്ദ്ര സര്‍ക്കാരിനാണ് വലിയ ബാധ്യത സൃഷ്ടിക്കുന്നത്. സംസ്ഥാനം കടക്കെണിയില്‍ പെടുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമെര്‍പ്പെടുത്തിയതിന് പിന്നിലെ കാരണമെന്നും അവര്‍ വ്യക്തമാക്കുന്നു. സാമൂഹ്യപെന്‍ഷന്‍ സെക്യൂരിറ്റി സ്‌കീം, കിഫ്ബി എന്നിവ വഴി കേരളം നിരന്തരമായി എടുക്കുന്ന കടമാണ് സംസ്ഥാനത്തിന്റെ വായ്പാ പരിധി വലിയ തരത്തില്‍ ഉയരാനുള്ള പ്രധാന കാരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കടമെടുക്കുന്ന മൂന്ന് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പ്പെടുന്നു

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഒഴിച്ച് മറ്റ് എല്ലാ വര്‍ഷവും സഞ്ചിത കട പരിധി ലംഘിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. നിലവില്‍ അത് അതിന്റെ ഉയര്‍ന്ന തോതിലൂടെയാണ് കടന്ന് പോകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കടമെടുക്കുന്ന മൂന്ന് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പ്പെടുന്നു.

പൊതു കടമെടുക്കാനുള്ള പരിധി കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ്. ക്ഷേമ പെൻഷനും, സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഉൾപ്പെടെ ഓരോ മാസവും സർക്കാറിന് വലിയൊരു തുകയാണ് ചിലവാക്കേണ്ടി വരുന്നത്. ചിലവിനുള്ള പണം കണ്ടെത്താൻ സംസ്ഥാനത്തിനുള്ളിൽ ലഭിക്കുന്ന പ്രത്യക്ഷവും പരോക്ഷമായ നികുതികൾ കൂടുതൽ പിരിച്ചെടുക്കേണ്ടി വരും. ആവശ്യചിലവുകള്‍ പോലും വെട്ടിച്ചുരുക്കേണ്ട അസാധരണ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

സർക്കാർ ഗ്യാരണ്ടി മാത്രം നൽകിയ കിഫ്ബി, പെൻഷൻ ഫണ്ട് തുടങ്ങിയവ വഴിയുളള കടമെടുപ്പ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാറിന്റെ വിചിത്രമായ നടപടിയെന്നാണ് പുറത്ത് വരുന്ന വിവരം. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

logo
The Fourth
www.thefourthnews.in