വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയ സംഭവം: സസ്‌പെന്‍ഡ് ചെയ്ത അധ്യാപകനെ തിരിച്ചെടുത്ത് കേന്ദ്ര സര്‍വകലാശാല
കാസര്‍ഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനികളോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ സസ്‌പെന്‍ഷന്‍ നേരിട്ട അധ്യാപകനെ ജോലിയില്‍ തിരിച്ചെടുത്തു. എം.എ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ ഇഫ്തിഖര്‍ അഹമ്മദിനെയാണ് ജോലിയില്‍ തിരിച്ചെടുത്തത്. ആഭ്യന്തര പരാതി സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അധ്യാപകനെതിരേ വകുപ്പ്തല അന്വേഷണം നടത്തുമെന്നും പരാതി ഉന്നയിച്ച ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ അക്കാദമിക് ചുമതലകളില്‍ ഇടപെടരുതെന്നുമുള്ള ഉപാധികള്‍ അനുസരിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതെന്നും കേന്ദ്ര സര്‍വകലാശാല ഉത്തരവില്‍ പറയുന്നു.
വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് 2023 നവംബര്‍ 28നാണ് എംഎ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദിനെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തത്. ഇന്റേണണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി. 2023 നവംബര്‍ 13-നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഇന്റേണല്‍ മിഡ് ടേം പരീക്ഷ നടന്നുകൊണ്ടിരിക്കെ ഒരു വിദ്യാര്‍ഥിനി ബോധംകെട്ട് വീണു. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡോ. ഇഫ്തികാര്‍ അഹമ്മദ് പരീക്ഷാ ഹാളിലെത്തി. അദ്ദേഹം മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് ആരോപണം. ഇഫ്തികാറുടെ പ്രഥമ ശുശ്രൂഷാ രീതികള്‍ പെണ്‍കുട്ടിയെ അസ്വസ്ഥതയാക്കിയെന്നും അധ്യാപകനെ തട്ടിമാറ്റിയെന്നും പരാതിയില്‍ പറയുന്നു.
അല്‍പ്പം കഴിഞ്ഞ് പെണ്‍കുട്ടി ക്ലാസിനു പുറത്തേക്ക് പോയി. ഇഫ്തികാര്‍ പിന്നാലെ ചെന്നുവെന്നും കുട്ടിയെ ആരവലി ഹെല്‍ത്ത് ക്ലിനിക്കിലേക്ക് കാറിലേക്ക് കൊണ്ടുപോകും വഴിയും അതിക്രമം കാണിച്ചതായും പരാതിയില്‍ പറയുന്നു. ഈ സമയം കുട്ടി ഇഫ്തികാറെ തള്ളിമാറ്റിക്കൊണ്ടിരുന്നു. ആശുപത്രിയില്‍ ഇക്കാര്യം ശ്രദ്ധിക്കാനിടയായ ഡോക്ടര്‍ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
തുടര്‍ന്ന് വിദ്യാര്‍ഥിനി പരാതിയുമായി വൈസ് ചാന്‍സലറെ സമീപിക്കുകയായിരുന്നു. വിഷയത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും നടപടിയെടുക്കണമെന്ന ആവശ്യം കടുപ്പിച്ചതോടെ പരാതി വൈസ് ചാന്‍സിലര്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും പരാതി ആഭ്യന്തര പരാതി സമിതിക്ക് കൈമാറുകയുമായിരുന്നു.