'കുടുംബ കോടതികള്‍ യുദ്ധക്കളമായി മാറുന്നു'; ഏകീകൃത വിവാഹ കോഡ് കേന്ദ്രം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
ഇന്ത്യയിൽ ഏകീകൃത വിവാഹ കോഡ് ഏർപ്പെടുത്തുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. വൈവാഹിക തർക്കങ്ങളിൽ ദമ്പതികളുടെ പൊതുവായ ക്ഷേമവും നന്മയും പ്രോത്സാഹിപ്പിക്കുന്നതിന് ഇത് ആവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വൈവാഹിക ബന്ധം സംബന്ധിച്ച കേസിൽ മതത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ നിയമം പരിഗണിക്കുന്നത്.
ഒരു മതേതര രാജ്യത്ത്, നിയമപരമായ സമീപനം മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ലാതെ പൗരന്മാരുടെ പൊതുനന്മയിലായിരിക്കണം. ഭരണകൂടം പൗരന്മാരുടെ ക്ഷേമവും നന്മയും പ്രോത്സാഹിപ്പിക്കുന്നതായിരിക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
കുടുംബ കോടതി മറ്റൊരു യുദ്ധക്കളമായി മാറിയിരിക്കുന്നു
വിവാഹമോചന നിയമങ്ങൾ പ്രായോഗിക അർത്ഥത്തിൽ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. കുടുംബ കോടതി മറ്റൊരു യുദ്ധക്കളമായി മാറിയിരിക്കുന്നു. ഇത് വിവാഹമോചനം തേടുന്ന കക്ഷികളുടെ വേദന വർദ്ധിപ്പിക്കുന്നു. കുടുംബ കോടതികളിൽ ഏകീക്യതമായ നിമയമാണ് വേണ്ടത്. പൊതു താൽപ്പര്യമോ നന്മയോ പ്രോത്സാഹിപ്പിക്കപ്പെടണം. പൊതു യൂണിഫോം പ്ലാറ്റ്‌ഫോമിൽ കക്ഷികൾക്ക് ബാധകമായ നിയമത്തിൽ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
വിവാഹ തർക്കങ്ങളിൽ, കോടതിയുടെ സഹായത്തോടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ നിയമം കക്ഷികൾക്ക് സഹായകരമാകണം. ഒരു പരിഹാരം സാധ്യമല്ലെങ്കിൽ, കക്ഷികൾക്ക് ഏതാണ് നല്ലത് എന്ന് തീരുമാനിക്കാൻ നിയമം കോടതിയെ അനുവദിക്കണം. അതിനായി ഒരു ഏകീക്യത നിമയം അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.