കടമെടുപ്പ് പരിധിയില്‍ കേന്ദ്ര-കേരള ചര്‍ച്ച വ്യാഴാഴ്ച; നാലംഗ കേരള സംഘത്തെ ധനമന്ത്രി നയിക്കും

കടമെടുപ്പ് പരിധിയില്‍ കേന്ദ്ര-കേരള ചര്‍ച്ച വ്യാഴാഴ്ച; നാലംഗ കേരള സംഘത്തെ ധനമന്ത്രി നയിക്കും

സംഘത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാം, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ കെ അഗര്‍വാള്‍, അഡ്വക്കേറ്റ് ജനറല്‍ ആര്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരും
Updated on
1 min read

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി കേരളം വ്യാഴാഴ്ച ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ക്കായി നാലംഗ സംഘമാണ് കേരളത്തില്‍ നിന്നു ഡല്‍ഹിക്കു പോകുന്നത്. കേരളാ സംഘത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നയിക്കും. വൈകിട്ട് നാലുമണിക്കാണ് ചര്‍ച്ച. കടമെടുപ്പ് പരിധിയില്‍ കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്താമെന്നു സുപ്രീംകോടതിയില്‍ സമവായമായതിനേത്തുടര്‍ന്നാണ് കേരളാ സംഘത്തെ പ്രഖ്യാപിച്ചത്.

സംഘത്തില്‍ ധനമന്ത്രിക്കു പുറമേ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാം, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ കെ അഗര്‍വാള്‍, അഡ്വക്കേറ്റ് ജനറല്‍ ആര്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് മറ്റംഗങ്ങള്‍. ചര്‍ച്ച നടത്തി സമവായത്തിലൂടെ പ്രശ്‌നപരിഹരിക്കണമെന്നുള്ള സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാരും സംസ്ഥാനവും അംഗീകരിച്ചതോടെയാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്.

ചര്‍ച്ചയുടെ പുരോഗതി കേന്ദ്രവും കേരളവും തിങ്കളാഴ്ച കോടതിയെ അറിയിക്കും. ഇന്നു രാവിലെ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് പരസ്പരം ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചുകൂടെ എന്ന് ആരാഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ തുറന്ന ചര്‍ച്ചക്ക് തയാറാണെന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നാളെ തന്നെ ഡല്‍ഹിയിലെത്തുമെന്നും രണ്ടു ദിവസത്തെ ബജറ്റ് ചര്‍ച്ചക്ക് ശേഷം മന്ത്രിയുമെത്തുമെന്നും കേരളത്തിന് വേണ്ടി ഹാജരായ കപില്‍ സിബലും കോടതിയെ അറിയിച്ചു. പിഎഫ് അടക്കാന്‍ പോലും നിവര്‍ത്തിയിലാത്ത തരത്തിലേക്ക് സാമ്പത്തിക പ്രതിസന്ധി നീങ്ങുകയാണെന്നും തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ അടിയന്തിരമായി ഹര്‍ജി തീര്‍പ്പാക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു . അടിയന്തിരസാഹചര്യം ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ രണ്ടംഗ ബെഞ്ച് നിര്‍ദേശിച്ചു .

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരേ രാഷ്ട്രീയ പോരാട്ടത്തിനായിരുന്നു ആദ്യം സംസ്ഥാനത്തിന്റെ നീക്കം. എന്നാല്‍ ഇതിനൊപ്പം നിയമപോരാട്ടം വേണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. ഇതിനോട് സിപിഎം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും യോജിച്ചതോടെയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ഇടത് എംപിമാരും എംഎല്‍എമാരും ഡല്‍ഹിയില്‍ നടത്തിയ സമരം ശ്രദ്ധേയമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ അനുകൂല ഇടപെടല്‍.

logo
The Fourth
www.thefourthnews.in