ചാമ്പ്യൻസ് ബോട്ട് ലീഗ് റദ്ദാക്കല്‍: സാമ്പത്തിക പ്രതിസന്ധിയിലായി സമിതികളും ക്ലബ്ബുകളും
ഫോട്ടോ: അജയ് മധു

ചാമ്പ്യൻസ് ബോട്ട് ലീഗ് റദ്ദാക്കല്‍: സാമ്പത്തിക പ്രതിസന്ധിയിലായി സമിതികളും ക്ലബ്ബുകളും

രണ്ടാഴ്ച മുതല്‍ രണ്ടു മാസം വരെ പരിശീലനം പൂര്‍ത്തിയാക്കിയ ബോട്ട് ക്ലബ്ബുകളുണ്ട്. ഇതില്‍ തന്നെ ഒരു മാസം മുമ്പെങ്കിലും പരിശീലനം ആരംഭിച്ച 12 ക്ലബ്ബുകള്‍ക്കാണ് വലിയ സാമ്പത്തിക നഷ്ടമുണ്ടായിരിക്കുന്നത്
Updated on
1 min read

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉപേക്ഷിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലായി വള്ളംകളി സമിതികളും ക്ലബ്ബുകളും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബോട്ട് ലീഗ് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ലീഗ് മുന്നില്‍ കണ്ട് പണമിറക്കുകയും പരിശീലനം നടത്തുകയും ചെയ്ത ക്ലബ്ബുകളും വള്ളംകളി സമിതികളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

''ഞങ്ങളുടെ സമിതി മാത്രം 60 ലക്ഷം രൂപ ഇതിനകം ചെലവാക്കിയിട്ടുണ്ട്. അതെല്ലാം വെള്ളത്തില്‍ കലക്കിക്കളഞ്ഞതു പോലെയാണിപ്പോള്‍. ഇനി എന്ന് നടത്തുമെന്നോ അല്ലെങ്കില്‍ നടത്തുമോ എന്നു തന്നെയൊ ഒരറിയിപ്പും കിട്ടിയിട്ടില്ല,'' ചുണ്ടന്‍വള്ള സമിതി പ്രസിഡന്റ് റെജി അടിവാക്കല്‍ പറയുന്നു.

രണ്ടാഴ്ച മുതല്‍ രണ്ടു മാസം വരെ പരിശീലനം പൂര്‍ത്തിയാക്കിയ ബോട്ട് ക്ലബ്ബുകളുണ്ട്. ഇതില്‍ തന്നെ ഒരു മാസം മുമ്പെങ്കിലും പരിശീലനം ആരംഭിച്ച 12 ക്ലബ്ബുകള്‍ക്കാണ് വലിയ സാമ്പത്തിക നഷ്ടമുണ്ടായിരിക്കുന്നത്.

''ആലപ്പുഴയിലെ തുഴച്ചിലുകാര്‍ കൂടാതെ കാസര്‍ക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നൊക്കെയായി തുഴച്ചിലുകാരെ കണ്ടെത്തി പരിശീലിപ്പിക്കുകയായിരുന്നു. ഞങ്ങളുടെ ക്ലബ്ബ് ഇത്തവണ എല്ലാം പുതിയ കുട്ടികളെയാണ് എടുത്തിരിക്കുന്നത്. അതിനു മാത്രം എത്രത്തോളം സാമ്പത്തിക ബാധ്യതയുണ്ടായെന്ന് പറയാന്‍ പറ്റില്ല. സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ അത് വള്ളംകളി സമിതികളുമായെങ്കിലും ആലോചിച്ച് വേണമെന്നേയുള്ളൂ. ഇതിപ്പോ ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ പാതി വഴിയില്‍ നിര്‍ത്തിയതുപോലെയാണ്. മുന്നോട്ടുമില്ല പിന്നോട്ടുമില്ല. ഇതുവരെ ചെലവാക്കിയതൊക്കെ പോയി. ഇനി മത്സരം നടന്നാല്‍ ആ സമയം ഒന്നില്‍നിന്ന് തുടങ്ങണം എല്ലാം,'' റെജി തുടര്‍ന്നു.

ചാമ്പ്യൻസ് ബോട്ട് ലീഗ് റദ്ദാക്കല്‍: സാമ്പത്തിക പ്രതിസന്ധിയിലായി സമിതികളും ക്ലബ്ബുകളും
ഖാദർ കമ്മിറ്റി റിപ്പോർട്ട്: സഭയേയും എൻഎസ്എസിനേയും നേരിടാൻ ധൈര്യപ്പെടുമോ ഇടതുസർക്കാർ?

നെഹ്‌റുട്രോഫി മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ബോട്ട് ലീഗിലേക്കെത്താനായി പല ക്ലബ്ബുകളും ടീമിനെ മുന്നേ തന്നെ ഒരുക്കിയിരുന്നു. നെഹ്‌റുട്രോഫിയില്‍നിന്ന് മത്സരിച്ചവര്‍ക്കും വിജയിച്ചവര്‍ക്കും നാലും അഞ്ചും ലക്ഷം രൂപ വീതമേ കിട്ടുകയുള്ളൂ. എന്നാല്‍ ബോട്ട് ലീഗാണ് ക്ലബ്ബുകള്‍ക്കും സമിതികള്‍ക്കും സാമ്പത്തികമായ ആശ്വാസം നല്‍കുക. പരിശീലനത്തിനും വള്ളമൊരുക്കുന്നതിനുമുള്‍പ്പെടെ ചെലവഴിച്ച പണം അവര്‍ക്ക് ലീഗില്‍ നിന്ന് കിട്ടും. എന്നാല്‍ ആ പ്രതീക്ഷയാണ് ഇപ്പോള്‍ അസ്തമിച്ചിരിക്കുന്നത്.

''ഇത് ഒരു സീസണായിട്ടാണ് ഞങ്ങള്‍ കാണുന്നത്. അതിനായി വിദേശത്ത് ജോലി ചെയ്യുന്നവരുള്‍പ്പെടെ നാട്ടിലെത്തും. പലയിടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെ തുഴച്ചിലുകാരായി ഉണ്ടാവും. തീയതി നിശ്ചയിച്ചിരിക്കുന്നതിനാല്‍ അവര്‍ക്കാര്‍ക്കും പ്രശ്‌നമില്ലാതെ മത്സരം നടക്കുകയും ചെയ്തു. എന്നാല്‍ ഇനി ഈ വര്‍ഷം മത്സരം നടന്നാല്‍ തന്നെ ഇപ്പോഴുള്ള തുഴച്ചിലുകാരില്‍ പലരെയും കിട്ടില്ല. അവര്‍ക്ക് നല്‍കിയ പരിശീലനം എല്ലാം വെറുതെയാവും. വയനാട് ദുരന്തത്തില്‍ മറ്റെല്ലാരെയും പോലെ ഞങ്ങള്‍ക്കും ദുഃഖമുണ്ട്. ആഘോഷങ്ങള്‍ ഒഴിവാക്കിക്കോട്ടെ. പക്ഷേ ഇതൊരു മത്സരമല്ലേ? അത് നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കണം. അതില്‍നിന്ന് കിട്ടുന്ന പണം സര്‍ക്കാര്‍ വയനാടിനായി നല്‍കിക്കോട്ടെ,'' തലവടി ചുണ്ടന്‍ ക്ലബ് പ്രസിഡന്റ് ഷിനു പിള്ള പറഞ്ഞു.

നെഹ്‌റു ട്രോഫി സെപ്റ്റംബറില്‍ നടത്താനുള്ള ആലോചനകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ബോട്ട് ലീഗിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമാവാത്തതാണ് സമിതികളുടെയും ക്ലബ്ബുകളുടെയും പ്രതിഷേധത്തിനു കാരണം.

logo
The Fourth
www.thefourthnews.in