ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിക്ക് വിടും? തനിക്ക് മുകളിലുള്ളവര്‍ തീരുമാനിക്കട്ടെയെന്ന് ഗവര്‍ണര്‍
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്ന ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിക്ക് വിട്ടേക്കുമെന്ന സൂചന നല്‍കി ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ബില്‍ രാഷ്ട്രപതിക്ക് അയക്കുമെന്ന തരത്തില്‍ ഗവര്‍ണര്‍ പ്രതികരിച്ചത്. താന്‍ കൂടി ഉള്‍പ്പെട്ട ബില്ലായതിനാല്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനിക്കട്ടെയെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഇതോടെ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുമെന്നാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലാണ് ഗവര്‍ണറെ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്ന ബില്‍ പാസാക്കിത്. ഇത് അടക്കമുള്ള ബില്ലുകള്‍ ഗവര്‍ണറുടെ പരിഗണനയിലായിരുന്നു. ബില്ലുകളില്‍ ഒപ്പുവെയ്ക്കാതെ വൈകിച്ച ഗവര്‍ണര്‍, സര്‍ക്കാരുമായുള്ള ഭിന്നതയില്‍ അയവ് വന്നതിന് ശേഷം ഭൂരിപക്ഷം ബില്ലുകളിലും ഒപ്പുവെച്ചു. എന്നാല്‍ വിവാദമായ മൂന്ന് ബില്ലുകള്‍ക്ക് ഇനിയും അംഗീകാരം നല്‍കിയില്ല. വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതടക്കം നിര്‍ദേശങ്ങളുള്ള സര്‍വകലാശാല നിയമഭേദഗതിബില്‍, ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ലോകായുക്ത നിയമഭേദഗതി ബില്‍ എന്നിവയാണ് ചാന്‍സലര്‍ ബില്ലിനൊപ്പം അംഗീകരിക്കാതെ മാറ്റിവെച്ചത്. ഈ ബില്ലുകളുടെ രാജ്ഭവന്‍ കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്ന ചര്‍ച്ചകള്‍ കൊഴുക്കുമ്പോഴാണ് നേരിട്ട് പ്രതികരണവുമായി ഗവര്‍ണര്‍ എത്തുന്നത്.
സര്‍ക്കാരിന്‌റെ പ്രവര്‍ത്തനങ്ങളില്‍ ഒരുവിധത്തിലും ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്താനുള്ള തീരുമാനം സ്വാഗതം ചെയ്തു. ''സര്‍വകലാശാലയുടെ നടത്തിപ്പ് തന്‌റെ ചുമതലയല്ല. വൈസ് ചാന്‍സലറാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളുടെ അമരക്കാരന്‍. സര്‍വകലാശാലയുടെ സ്വയംഭരണം സംരക്ഷിക്കുകയാണ് ചാന്‍സലറുടെ ചുമതല. ചാന്‍സലര്‍ ബില്ലില്‍ തനിക്ക് തീരുമാനം എടുക്കാനാകില്ല. കാരണം അതില്‍ താന്‍ കൂടി ഉള്‍പ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നേക്കാള്‍ ഉയര്‍ന്ന അതോറിറ്റി ഇക്കാര്യത്തില്‍ തീരുമാനം എടുക്കട്ടെ. അതിനാലാണ് ബില്ലില്‍ ഒപ്പിടാതിരുന്നത്.'' - ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ ബജറ്റ് സമ്മേളനം ഈ മാസം 23 ന് ആരംഭിക്കും. ബജറ്റ് അടുത്തമാസം മൂന്നിനാണ്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടായ മഞ്ഞുരുകലിന് ശേഷമാണ് തീരുമാനങ്ങള്‍. ബുധനാഴ്ച മന്ത്രി സജിചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന സത്കാരത്തില്‍ മുഖ്യമന്ത്രിയടക്കം പങ്കെടുത്തത് സര്‍ക്കാര്‍- ഗവര്‍ണര്‍ പോരിന് താത്കാലിക വിരമമാകുന്നു എന്നതിന്‌റെ സൂചന നല്‍കുകയാണ്.