നീതി കാത്ത് ചന്ദ്രന്‍; ചിറയന്‍കീഴ് താലൂക്ക് ഓഫീസിന് മുന്നില്‍ സമരം
ജാതിവേട്ടയ്ക്കിരയായ തനിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് ചിറയിൻകീഴ് താലൂക്ക് ഓഫീസിന് മുന്നില്‍ സമരമാരംഭിച്ച് രോഗിയായ ചന്ദ്രൻ. സർക്കാർ ചികിത്സ ഏറ്റെടുക്കണമെന്നും വീട്ടിലേക്കുള്ള വഴി സൗകര്യമൊരുക്കണമെന്നുമാണ് ചന്ദ്രന്റെ ആവശ്യം. ജനകീയ മുന്നേറ്റ സമിതിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സമരം നിർത്തണമെന്നും ഒരു മാസത്തിനുള്ളിൽ വഴി സൗകര്യം ഒരുക്കാമെന്നും തഹസിൽദാർ ഉറപ്പ് നൽകി. എന്നാൽ നടപടി ആരംഭിക്കാതെ പിന്നോട്ടില്ലെന്നാണ് ചന്ദ്രന്റെയും സമരസമിതിയുടെയും നിലപാട് .
കിളിമാനൂർ മുളക്കലത്ത് കാവ് തോപ്പിലിലാണ് ചന്ദ്രൻ താമസിക്കുന്നത്. കഴിഞ്ഞ 16 വര്‍ഷമായി കിടപ്പുരോഗിയാണ് ചന്ദ്രൻ. നാട്ടിലെ പ്രമാണിയുമായുണ്ടായ തർക്കമാണ് തന്നെ ഈ നിലയിലാക്കിയതെന്നും ചന്ദ്രൻ ആരോപിക്കുന്നു. നിലവിൽ വാർധക്യത്തിന്റെ അവശതകൾ കൂടി ബാധിച്ച ചന്ദ്രന് ആശുപത്രിയിൽ പോകാനുള്ള സൗകര്യം പോലുമില്ലാത്ത അവസ്ഥയാണ്. ചന്ദ്രന്റെ വീട്ടില്‍ നിന്നും 25 മീറ്ററോളം അകലെയാണ് റോഡെങ്കിലും അവിടേക്ക് എത്തുന്നത് പ്രയാസകരമാണെന്നും ചന്ദ്രൻ പറയുന്നു. തന്റെ ഏക ആശ്രയം വൃദ്ധയായ മാതാവ് മാത്രമാണെന്നും കൃത്യമായ വരുമാനമില്ലാത്ത തനിക്ക് ചികിത്സയൊരുക്കണമെന്നും ചന്ദ്രൻ ആവശ്യപ്പെടുന്നു.