ചന്ദ്രികയുടെ ആസ്തികള്‍ സ്വകാര്യ ട്രസ്റ്റിന്; ലീഗിൽ വിവാദം പുകയുന്നു

ചന്ദ്രികയുടെ ആസ്തികള്‍ സ്വകാര്യ ട്രസ്റ്റിന്; ലീഗിൽ വിവാദം പുകയുന്നു

മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ കോഴിക്കോട്ടെ ഓഫീസ് സ്ഥിതി ചെയ്യുന്ന 42 സെന്റ് സ്ഥലം കൈമാറാനുള്ള നീക്കം സജീവമായതോടെയാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെ അപസ്വരമുയരുന്നത്.
Updated on
3 min read

ചന്ദ്രിക ദിനപത്രം ഒരുവശത്ത് നവതി ആഘോഷിക്കുമ്പോള്‍ മറുവശത്ത് ആസ്തികള്‍ സ്വകാര്യ ട്രസ്റ്റിന് കൈമാറുന്നതിനെതിരെ മുസ്ലിം ലീഗിൽ നിന്ന് തന്നെ ശക്തമായ എതിര്‍പ്പുയരുന്നു. മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ കോഴിക്കോട്ടെ ഓഫീസ് സ്ഥിതി ചെയ്യുന്ന 42 സെന്റ് സ്ഥലം കൈമാറാനുള്ള നീക്കം സജീവമായതോടെയാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെ അപസ്വരമുയരുന്നത്.

സ്വകാര്യ ട്രസ്റ്റിന് സ്ഥലം കൈമാറിയോ ഇല്ലയോ എന്നതിനെ സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ആശയകുഴപ്പങ്ങളുണ്ടെന്നും ഇത് വ്യക്തമാക്കണമെന്നുമാണ് ആവശ്യം. കണ്ണൂര്‍ റോഡില്‍ വൈഎംസിഎക്ക് സമീപമുള്ള ചന്ദ്രികയുടെ ഹെഡ് ഓഫീസിരിക്കുന്ന സ്ഥലം കൈമാറാനുള്ള നീക്കവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പോലും കൂടിയാലോചനയുണ്ടായില്ലെന്നാണ് പ്രധാന ആരോപണം.

സൗദി കെഎംസിസിക്ക് കീഴിലുള്ള സ്വകാര്യ ട്രസ്റ്റിന് സ്ഥലം കൈമാറാനെന്ന പേരില്‍ ലീഗിലെ പ്രമുഖ നേതാവിന്റെ മകന്‍ തന്ത്രപൂര്‍വം സ്ഥലം കൈക്കലാക്കുകയാണെന്ന ആരോപണമാണ് ഈ കൈമാറ്റത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നത്

ചന്ദ്രിക നവതി ആഘോഷം തീരുമ്പോഴേക്കും സ്ഥാപനത്തിന്റെ ആസ്തികളെല്ലാം സ്വകാര്യ ട്രസ്റ്റില്‍ എത്തി ചേരുമെന്ന ആശങ്കയാണ് പാര്‍ട്ടി നേതാക്കളില്‍ നിന്ന് തന്നെ ഉയരുന്നത്. സൗദി കെഎംസിസിക്ക് കീഴിലുള്ള സ്വകാര്യ ട്രസ്റ്റിന് സ്ഥലം കൈമാറാനെന്ന പേരില്‍ ലീഗിലെ പ്രമുഖ നേതാവിന്റെ മകന്‍ തന്ത്രപൂര്‍വം സ്ഥലം കൈക്കലാക്കുകയാണെന്ന ആരോപണമാണ് ഈ കൈമാറ്റത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നത്. കച്ചവടത്തിന് ആലോചനയുള്ള സമയത്ത് സെന്റിന് 40 ലക്ഷം പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ സെന്റിന് 35 ലക്ഷത്തിനാണ് കൈമാറിയതെന്നാണ് വിവരം.

അതേസമയം സ്വകാര്യ ട്രസ്റ്റിന് കെട്ടിടമുണ്ടാക്കാന്‍ പകുതി സ്ഥലമാണ് നല്‍കിയതെന്നും അവരുണ്ടാക്കുന്ന കെട്ടിടത്തില്‍ തന്നെ ചന്ദ്രികയ്ക്ക് ഓഫീസുണ്ടാകുമെന്നാണ് കൈമാറ്റത്തെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ പകുതി സ്ഥലത്ത് കെട്ടിടമുയരുന്നതോടെ ബാക്കി വരുന്ന സ്ഥലം പാര്‍ക്കിങിനായി വിനിയോഗിക്കപ്പെടുമെന്ന് എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. സി എച്ച് മുഹമ്മദ് കോയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വൈകാരികമായ അടുപ്പമുള്ള സ്ഥലം വെറും കച്ചവട താത്പര്യം മാത്രം മുന്‍നിര്‍ത്തിയാണ് കൈമാറ്റം ചെയ്യുന്നതെന്നും എതിര്‍ക്കുന്നവര്‍ ചൂണ്ടികാട്ടുന്നു.

ചന്ദ്രികയ്ക്ക് വേണ്ടി കഴിഞ്ഞ ഭരണ കാലത്ത് 30 കോടി രൂപയോളം പിരിച്ചതും ഇതില്‍ നിന്ന് കെടുകാര്യസ്ഥത മൂലം രണ്ട് കോടിയിലധികം നികുതിയിനത്തില്‍ നല്‍കിയതുമെല്ലാം പരാതിയില്‍ എടുത്ത് പറയുന്നുണ്ട്. ചന്ദ്രികയ്ക്ക് വേണ്ടി പിരിച്ച പണം എന്ത് ചെയ്തുവെന്ന ചോദ്യമാണ് നേതാക്കളില്‍ നിന്ന് തന്നെയുയരുന്നത്

2019ല്‍ വാര്‍ഷിക ക്യാംപയിനിലൂടെ സമാഹരിച്ച തുക കൊണ്ട് ചന്ദ്രികയുടെ ബാധ്യത തീര്‍ക്കാതെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യുന്നവരെടുത്ത നിരുത്തരവാദത്തിന്റെ പരിണിത ഫലമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കും ഈ കൈമാറ്റത്തിനും പിന്നിലെന്നാണ് ആരോപണം. ആരോപണങ്ങളെല്ലാം നീളുന്നത് പ്രമുഖ നേതാവിന്റെ മകനിലേക്കാണ്. നേരത്തെ പാണക്കാട് മുഈനലി തങ്ങള്‍ ചന്ദ്രികയുടെ ക്രമക്കേടുകളുടെ പേരില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കും ചന്ദ്രിക ഫിനാന്‍സ് മാനേജര്‍ ഷമീറിനെതിരെ പരസ്യവിമര്‍ശനമുന്നയിച്ചിരുന്നു.

സ്ഥലം കൈമാറ്റത്തെ സംബന്ധിച്ച് വിശദീകരണമാവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിനുള്‍പ്പെടെ പ്രാദേശിക നേതാക്കള്‍ തന്നെ പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ മുസ്ലിം ലീഗ് ക്യാമ്പില്‍ സംസ്ഥാന സെക്രട്ടറിയോട് ചന്ദ്രികയുടെ സ്ഥലം വിറ്റുപോയോ?, അതല്ലെങ്കില്‍ ലീസിന് കൊടുത്തോ? എന്നിങ്ങനെ ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ വിറ്റിട്ടില്ല എന്ന മറുപടിയാണ് നേതൃത്വം നല്‍കിയത്.

കെഎംസിസിയുമായി സഹകരിച്ച് കെട്ടിടം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വപ്പെട്ട കമ്മിറ്റിയില്‍ വിശദീകരണം നല്‍കാതെ നേതൃത്വം ഒളിച്ചുകളി നടത്തുകയാണെന്നാണ് ആരോപണം. ചന്ദ്രികയ്ക്ക് വേണ്ടി കഴിഞ്ഞ ഭരണ കാലത്ത് 30 കോടി രൂപയോളം പിരിച്ചതും ഇതില്‍ നിന്ന് കെടുകാര്യസ്ഥത മൂലം രണ്ട് കോടിയിലധികം നികുതിയിനത്തില്‍ നല്‍കിയതുമെല്ലാം പരാതിയില്‍ എടുത്ത് പറയുന്നുണ്ട്. ചന്ദ്രികയ്ക്ക് വേണ്ടി പിരിച്ച പണം എന്ത് ചെയ്തുവെന്ന ചോദ്യമാണ് നേതാക്കളില്‍ നിന്ന് തന്നെയുയരുന്നത്. ചന്ദ്രികയുടെ എല്ലാ ബാധ്യതയും തീര്‍ത്തുവെന്ന് ലീഗ് അധ്യക്ഷന്‍ ചന്ദ്രികയിലൂടെ വാര്‍ത്ത നല്‍കിയതും ചൂണ്ടിക്കാട്ടുന്നു. ചന്ദ്രികയുടെ വസ്തു പണയം വച്ച കുടിശ്ശികയായ അരലക്ഷത്തിലധികം രൂപ സൗദിയിലെ കെഎംസിസിയുടെ കീഴിലുള്ള സ്വകാര്യ ട്രസ്റ്റിനോട് കടം വാങ്ങി അടച്ചതെന്തിനാണ് തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നു.

ചന്ദ്രികയുടെ പേരിലുള്ള കെടിസി കമ്പനി കെട്ടിടത്തോട് ചേര്‍ന്ന മൂന്ന് സെന്റ് ഭൂമി, ബീച്ചിലുള്ള എട്ട് സെന്റ് ഭൂമി, എറണാകുളത്ത് ചന്ദ്രികയ്ക്ക് വേണ്ടി വാങ്ങിയ കണ്ണായ ഭൂമി ഇതെല്ലാം നിസ്സാര വിലക്ക് വിറ്റതൊന്നും ചന്ദ്രിക ഡയറക്ടർ ബോര്‍ഡിലും സംസ്ഥാന കമ്മിറ്റിയിലും ചര്‍ച്ചയ്ക്ക് വരാറില്ലെന്നും ചൂണ്ടികാണിക്കുന്നു

പൊതു മാര്‍ക്കറ്റില്‍ സെന്റിന് 40 ലക്ഷം നിലനില്‍ക്കേ കെഎംസിസിയുടെ കീഴിലുള്ള സ്വകാര്യ ട്രസ്റ്റിന് സെന്റിന് 30 ലക്ഷം രൂപ വില കണക്കാക്കി 12 സെന്റ് ഭൂമി 3.60 കോടി രൂപയ്ക്ക് വില്പന നടത്തിയതായാണ് അറിവെന്ന് നേതൃത്വത്തിന് നല്‍കിയ പരാതിയിലുണ്ട്. ബാക്കി വരുന്ന 30 സെന്റ് ഭൂമി ഇതേ ട്രസ്റ്റിന് ദീര്‍ഘകാലത്തേക്ക് ലീസിന് നല്‍കി. രണ്ട് കോടി ട്രസ്റ്റില്‍ നിന്നും വായ്പയായി വാങ്ങിയിട്ടുമുണ്ട്. ഇത് കൂടാതെ 8.80 കോടി രൂപ വാങ്ങി കെട്ടിടത്തിന്റെ അവകാശവും പകുതി നല്‍കി. ചെറിയ സ്‌പേസ് ചന്ദ്രികയ്ക്ക് നല്‍കും. കെട്ടിടം ട്രസ്റ്റ് ഉണ്ടാക്കും വാടക ട്രസ്റ്റ് വാങ്ങും. 30 സെന്റില്‍ ഉണ്ടാക്കുന്ന കെട്ടിടത്തില്‍ 50 ശതമാനം വാടക ചന്ദ്രികയ്ക്ക് കിട്ടും. രണ്ട് കോടി കടം വാങ്ങിയതിനാൽ അത് തീരും വരെ വാടക കിട്ടില്ല.

കഴിഞ്ഞ ദിവസം ലീഗ് ഹൗസില്‍ ചേര്‍ന്ന കോഴിക്കോട് ചന്ദ്രിക ഗവേണിങ് ബോഡിയില്‍ വില്‍പന കാര്യം ഫിനാന്‍സ് ഓഫീസര്‍ സൂചിപ്പിരുന്നു. ഇത് ചന്ദ്രികയുടെ ഡയറക്ടര്‍ ബോര്‍ഡ് അറിയില്ല എന്ന പരാതിയുയര്‍ന്നപ്പോള്‍ ചുമതലക്കാരന്‍ സംസ്ഥാന കമ്മിറ്റി തീരുമാനം ആണെന്നാണ് മറുപടി നല്‍കിയത്. അതേസമയം ആ യോഗത്തില്‍ സംസ്ഥാന ലീഗ് ഉന്നതാധികാര സമിതി അംഗം വിഷയം താന്‍ അറിയില്ലെന്ന് പറഞ്ഞതും പരാതിയിലുന്നയിച്ചിട്ടുണ്ട്.

ചന്ദ്രികയുടെ പേരിലുള്ള കെടിസി കമ്പനി കെട്ടിടത്തോട് ചേര്‍ന്ന മൂന്ന് സെന്റ് ഭൂമി, ബീച്ചിലുള്ള എട്ട് സെന്റ് ഭൂമി, എറണാകുളത്ത് ചന്ദ്രികയ്ക്ക് വേണ്ടി വാങ്ങിയ കണ്ണായ ഭൂമി ഇതെല്ലാം നിസ്സാര വിലക്ക് വിറ്റതൊന്നും ചന്ദ്രിക ഡയറക്ടർ ബോര്‍ഡിലും സംസ്ഥാന കമ്മിറ്റിയിലും ചര്‍ച്ചയ്ക്ക് വരാറില്ലെന്നും ചൂണ്ടികാണിക്കുന്നു. കോഴിക്കോട് 90 വര്‍ഷം പഴക്കം ഉള്ള മുസ്ലിം പബ്ലിഷിങ് കമ്പനി ഉണ്ടായിരിക്കെ ആ കമ്പനിയുടെ പേരിലല്ലാതെ ചന്ദ്രിക മലപ്പുറം എഡിഷനായുള്ള പുതിയ കെട്ടിടം പൂക്കോയ തങ്ങള്‍ ട്രസ്റ്റിന്റെ പേരില്‍ വാങ്ങിയത് ആരുടെ താല്പര്യമാണെന്നും ചോദ്യം ഉയരുന്നു.

മുപ്പത് ശതമാനത്തില്‍ കൂടുതല്‍ ഓഹരി പുറത്ത് നല്‍കരുതെന്ന് ആധാരത്തില്‍ സൂചിപ്പിച്ച് ബാഫഖി തങ്ങള്‍ സമുദായത്തിന് നല്‍കിയ ഭൂമിയാണ് കച്ചവടത്തിന് വച്ചത്

കോഴിക്കോട്ടെ 42 സെന്റ് സ്ഥലത്ത് ലീഗ് പ്രവര്‍ത്തകരോട് ഷെയര്‍ വാങ്ങി ചന്ദ്രിക ഫണ്ട് ഉപയോഗിച്ച് 50,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു കെട്ടിടം ഉണ്ടാക്കിയാല്‍ വാടക ഇനത്തില്‍ മാത്രം മാസം 20 ലക്ഷം രൂപ കിട്ടുമായിരുന്നുവെന്ന് സൂചിപ്പിച്ചാണ് പരാതി അവസാനിപ്പിക്കുന്നത്. ചന്ദ്രികയ്ക്ക് വരിസംഖ്യയായി കിട്ടിയ കണക്ക്, വാര്‍ഷിക റിപ്പോര്‍ട്ട്, ലീഗിന്റെ കണക്ക് ഇവയെല്ലാം ചന്ദ്രികയിലൂടെ പരസ്യപ്പെടുത്തണമെന്നാണ് ആവശ്യം. മുപ്പത് ശതമാനത്തില്‍ കൂടുതല്‍ ഓഹരി പുറത്ത് നല്‍കരുതെന്ന് ആധാരത്തില്‍ സൂചിപ്പിച്ച് ബാഫഖി തങ്ങള്‍ സമുദായത്തിന് നല്‍കിയ ഭൂമിയാണ് കച്ചവടത്തിന് വച്ചത് എന്ന് പരാതിയിലൂടെ ഓര്‍മപ്പെടുത്തുന്നു.

logo
The Fourth
www.thefourthnews.in