ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം തേടി ചാണ്ടി ഉമ്മൻ; നാമനിർദേശ പത്രിക സമർപ്പിച്ചു
പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാമ്പാടി ബ്ലോക്ക് ഓഫീസില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ദില്‍ഷാദ് ഇ മുമ്പാകെയാണ് രാവിലെ 11.30 ന് പത്രിക സമര്‍പ്പിച്ചത്. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ മോന്‍സ് ജോസഫ്, മുന്‍ മന്ത്രി കെ സി ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം നൂറു കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായി വന്നാണ് ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു.
മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിൽ സജീവമായതോടെ പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുകയാണ്. ഗൃഹസന്ദര്‍ശനവും പൊതുയോഗങ്ങളും നടത്തി വോട്ട് വര്‍ധിപ്പിക്കാമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് മൂന്നാം തവണയാണ് എല്‍ഡിഎഫിന് വേണ്ടി രംഗത്തിറങ്ങുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലും പ്രതീക്ഷയിലുമാണ് ജെയ്ക്കും മുന്നണിയും. പാർട്ടി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിനാണ് ബിജെപി സ്ഥാനാര്‍ഥി. മിത്ത് വിവാദം തിരഞ്ഞെടുപ്പ് വിഷയമാക്കാനാണ് ബിജെപി തീരുമാനം.