ഇനി പുതുപ്പള്ളി എംഎൽഎ; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ
പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നായിരുന്നു ചാണ്ടി ഉമ്മന്റെ ജയം.
നിയമസഭയിൽ സത്യപ്രതിജ്ഞയ്ക്കെത്തിയ ചാണ്ടി ഉമ്മനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നർമ്മം പങ്കിടുന്നു. എംഎൽഎമാരായ എം വിൻസെന്റ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പിസി വിഷ്ണുനാഥ്, എൻ ഷംസുദ്ദീൻ തുടങ്ങിയവർ സമീപം
പുതുപ്പള്ളിയുടെ വികസനത്തിന് പ്രേരകമായി ഉമ്മൻ ചാണ്ടി എപ്പോഴും തന്റെ കൂടെയുണ്ടാകുമെന്ന് സത്യപ്രതിജ്ഞയ്ക്ക് മുൻപ് ചാണ്ടി ഉമ്മൻ പറഞ്ഞു. തലസ്ഥാനത്തെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ ആദ്യദിവസം സഭയിലെത്തിയത്.
രാവിലെ പുതുപ്പള്ളി ഹൗസിലെ പ്രാർത്ഥനയ്ക്ക് ശേഷം പഴവങ്ങാടി ഗണപതി ക്ഷേത്രം, ആറ്റുകാൽ ദേവി ക്ഷേത്രം, സെൻ്റ് ജോർജ് സിറിയൻ കത്രീഡൽ, പാളയം ജുമാ മസ്ജിദ് എന്നീ ആരാധനാലയങ്ങൾ സന്ദർശിച്ചു. ശേഷം ഔദ്യോഗിക വസതിയിലെത്തി സ്പീക്കർ എ എൻ ഷംസീറിനെ കണ്ടു.