സന്ദീപാനന്ദഗിരി
സന്ദീപാനന്ദഗിരി

പ്രശാന്തിന്റെ മൊഴി മാറ്റം: ആര്‍എസ്എസ്-ബിജെപി ഭീഷണിയെത്തുടര്‍ന്നെന്ന് സന്ദീപാനന്ദഗിരി

അന്വേഷണം അട്ടിമറിക്കപ്പെടില്ലെന്ന് സന്ദീപാനന്ദ ഗിരി
Updated on
1 min read

ആശ്രമം കത്തിച്ച സംഭവത്തിലെ മുഖ്യസാക്ഷിയായ കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്തിന്റെ മൊഴി മാറ്റത്തിന് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമെന്ന് സന്ദീപാനന്ദഗിരി. പ്രശാന്തിന് ഇവരുടെ ഭീഷണിയും സമ്മര്‍ദ്ദവുമുണ്ട്. കേസ് അന്വേഷണം അട്ടിമറിക്കപ്പെടില്ല. നല്ല തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സന്ദീപാന്ദഗിരി പറഞ്ഞു.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് സഹോദരനും സുഹൃത്തുക്കളുമാണെന്നായിരുന്നു കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്തിന്‍റെ മൊഴി. ഇതാണ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ തിരുത്തിയത്. ആശ്രമത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നാണ് കോടതിയില്‍ നല്‍കിയിരിക്കുന്ന രഹസ്യമൊഴി.

ആര്‍എസ്എസ് പ്രവര്‍ത്തകരായ സഹോദരന്‍ പ്രകാശും സുഹൃത്തുക്കളും ചേര്‍ന്ന് ആശ്രമം കത്തിച്ചതെന്നായിരുന്നു പ്രശാന്ത് നേരത്തെ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. സഹോദരന്‍ പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്. മൊഴി മാറ്റിയ സാഹചര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. മൊഴി മാറ്റിയാലും ആവശ്യമായ തെളിവുകള്‍ കൈവശമുണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. അതിനുമുന്‍പ് ഇക്കാര്യം പറഞ്ഞിരുന്നുവെന്നാണ് പ്രശാന്ത് അന്വേഷണ സംഘത്തിന് നേരത്തെ നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ആശ്രമം കത്തിച്ചത് കുണ്ടമൺകടവ് സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ പ്രകാശും കൂട്ടുകാരുമാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിച്ചേര്‍ന്നു. ഇതിന് ശേഷമാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്.

അന്വേഷണസംഘം പരിഹാസ്യരായി എന്നതിന്റെ ഉദാഹരണമാണ് മൊഴി മാറ്റിയെന്ന റിപ്പോര്‍ട്ടുകളെന്ന് ബിജെപി ചൂണ്ടിക്കാട്ടി. നിയമത്തിന് മുന്നില്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവന്നെന്ന് ബിജെപി നേതാവ് വി വി രാജേഷ് പറഞ്ഞു.

2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ആശ്രമത്തിലെ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിച്ചിരുന്നു. ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു. സിപിഎം-സർക്കാർ അനുകൂല നിലപാടുകൾ സ്വീകരിച്ചിരുന്ന സന്ദീപാനന്ദ​ഗിരി, ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിനെ അനുകൂലിക്കുന്ന നിലപാടാണെത്തിരുന്നത്. അതിന് പിന്നാലെ അദ്ദേഹത്തിനെതിരെ വ്യാപകമായ ഭീഷണിയും ഉയര്‍ന്നിരുന്നു. തുടര്‍ന്നായിരുന്നു ആശ്രമത്തിനെതിരായ ആക്രമണം. മുഖ്യമന്ത്രി അടക്കമുള്ളവർ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.

ആശ്രമം കത്തിച്ചത് സന്ദീപാനന്ദ ഗിരി തന്നെയാണെന്ന തരത്തിലും പ്രചാരണങ്ങളുണ്ടായി. എന്നാല്‍ ഇതിനെല്ലാം അറുതി വരുത്തിയായിരുന്നു നാല് വര്‍ഷത്തിന് ശേഷം പ്രശാന്തിന്റെ മൊഴിയോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. തനിക്ക് നേരെയുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ഇതോടെ വിരാമമായെന്നുമാണ് പ്രശാന്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്ദീപാനന്ദ ഗിരിയും വ്യക്തമാക്കിയിരുന്നു. പ്രതിയായ പ്രകാശ് മുന്‍പും ആശ്രമം ആക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും കൂടുതല്‍ പേര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in