വാളയാർ കേസിലെ പ്രതിയുടെ മരണം മോഷണക്കേസില്‍ കുരുങ്ങിയതിന് പിന്നാലെ

വാളയാർ കേസിലെ പ്രതിയുടെ മരണം മോഷണക്കേസില്‍ കുരുങ്ങിയതിന് പിന്നാലെ

ഇന്ന് ആലുവയിൽ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വാളയാർ കേസിലെ നാലാം പ്രതി ചെറിയ മധു രണ്ടു ദിവസം മുൻപ് കമ്പനിയിൽ നിന്ന് ചെമ്പ് കമ്പി മോഷ്ടിച്ച് കടത്തവെ പിടിക്കപ്പെട്ടിരുന്നു  
Published on

വാളയാറിലെ സഹോദരികളായ പെൺകുട്ടികളുടെ ദുരൂഹ മരണ കേസിലെ നാലാം പ്രതി കുട്ടി മധുവിന്റെ ആത്മഹത്യക്കു പിന്നിൽ ചെമ്പു മോഷണ കേസിൽ പിടിക്കപ്പെട്ട സംഭവമെന്ന് സൂചന. കരാർ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ആലുവ ബിനാനിപുരത്തെ സ്ഥാപനത്തിൽ നിന്ന് ചെമ്പു കമ്പികളും തകിടും മോഷ്ടിച്ച് കടത്തിയെന്ന് ആരോപിച്ച് മധുവിനെ തിങ്കളാഴ്ച (ഒക്ടോബർ 23) ആ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. കമ്പനി അധികൃതർ ഇന്ന് പോലീസിൽ പരാതി നല്കാനിരിക്കവെയാണ് മധുവിനെ (33) അടച്ചിട്ട കമ്പനിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

ലോഹ ഭാഗങ്ങൾ നീക്കാൻ കരാർ എടുത്ത കോൺട്രാക്ടർ 2022 ഫെബ്രുവരിയിലാണ് ജോലി തുടങ്ങിയത്. അവർ നിയോഗിച്ച തൊഴിലാളികളിൽപ്പെട്ടയാളാണ് മധു.

വർഷങ്ങൾക്ക്  മുൻപ് പ്രവർത്തനം അവസാനിപ്പിച്ച ഇടയാറിലെ ബിനാനി സിങ്ക് എന്ന കമ്പനിയുടെ യന്ത്രഭാഗങ്ങൾ സ്ക്രാപ്പ് ആയി വിൽക്കുന്ന പ്രവർത്തി പുരോഗമിക്കുകയാണ്. ലോഹ ഭാഗങ്ങൾ നീക്കാൻ കരാർ എടുത്ത കോൺട്രാക്ടർ 2022 ഫെബ്രുവരിയിലാണ് ജോലി തുടങ്ങിയത്. അവർ നിയോഗിച്ച തൊഴിലാളികളിൽ പെട്ടയാളാണ് മധു. എന്നാൽ അവധി ദിവസങ്ങളിൽ അഴിച്ചെടുത്ത യന്ത്രഭാഗങ്ങളിലെ വിലകൂടിയ ലോഹഭാഗങ്ങൾ പുറത്തേക്ക് കടത്തുന്ന ചിലരെ കമ്പനി അധികൃതർ സംശയിച്ചിരുന്നു. മഹാനവമി അവധി ദിവസം സുരക്ഷാ ജീവനക്കാരും കമ്പനിയിലെ ചില ഉദ്യോഗസ്ഥരും മോഷണം നിരീക്ഷിക്കാനായി എത്തിയിരുന്നു. ചെമ്പ് കമ്പികൾ പുറത്തേക്ക് കടത്താൻ ശ്രമിച്ച മധുവിനെ അവർ കയ്യോടെ പിടികൂടുകയായിരുന്നുവെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഈ വിവരം അപ്പോൾ തന്നെ മധുവിനെ നിയോഗിച്ചിരുന്ന മിത്ര എസ് കെ എന്ന കമ്പനിയെ അറിയിക്കുകയും ചെയ്തിരുന്നു. 

വാളയാർ കേസിലെ പ്രതിയുടെ മരണം മോഷണക്കേസില്‍ കുരുങ്ങിയതിന് പിന്നാലെ
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്ന് സിബിഐയോട് ഹൈക്കോടതി

“മധുവിന്റെ ആത്മഹത്യയിൽ ഇതുവരെ സംശയിക്കാവുന്ന ദുരൂഹതയൊന്നുമില്ല. പോസ്റ്റ് മോർട്ടം നാളെ നടക്കും. അതിനു ശേഷമേ കൃത്യമായ വിവരങ്ങൾ ലഭ്യമാകുകയുളളൂ,” ബിനാനിപുരം പോലീസ് ‘ദ ഫോർത്തി’ നോട് പറഞ്ഞു. എടയാർ സിങ്കിലെ സൈറ്റ് സൂപ്പർവൈസറെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. “മധുവിനെ ചെമ്പു കമ്പി മോഷ്ടിക്കുമ്പോൾ കയ്യോടെ പിടിച്ചതായും മോഷണത്തിലെ പങ്ക് അയാൾ സമ്മതിച്ചതായും കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ട്,” പോലീസ് പറഞ്ഞു. 

വാളയാർ കേസിലെ പ്രതിയുടെ മരണം മോഷണക്കേസില്‍ കുരുങ്ങിയതിന് പിന്നാലെ
വാളയാറിലെ പെൺകുട്ടികൾക്ക് സംഭവിച്ചതെന്ത്? ഉത്തരമില്ലാത്ത ആറ് വർഷം

ആദ്യം സ്വന്തം പങ്ക് സമ്മതിച്ച മധു പിന്നീട് സൈറ്റിലെ ചിലരുടെ സഹായം തനിക്കു ലഭിച്ചിരുന്നുവെന്നും വിവരങ്ങൾ തിരക്കിയ ഇടയാർ സിങ്ക് ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു. ഇയാളുടെ സഹായികളുടെ പേര് കൂടെ ചേർത്ത് വിശദമായ പരാതി ഇന്ന് സമർപ്പിക്കാനായി കമ്പനി അധികൃതർ തീരുമാനിച്ചിരുന്നു. അതിനിടെയാണ് രാവിലെ മധുവിനെ കമ്പനി വളപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

2017 ജനുവരി നാലിനും മാർച്ച് 17 നും വാളയാറിലെ ഒരു വീട്ടിൽ പതിമൂന്നും ഒൻപതും വയസുള്ള സഹോദരിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പോസ്റ്റ് മോർട്ടത്തിൽ ഇരുവരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും തെളിഞ്ഞു. പ്രായപൂർത്തിയാകാത്ത ഒരു ബാലൻ ഉൾപ്പെടെ അഞ്ചു പ്രതികളാണ് കേസിൽ ഉള്ളത്. മൂത്ത സഹോദരിയെ ബലാൽസംഗം ചെയ്‌തെന്ന ആരോപണമാണ് നാലാം പ്രതിയായ ചെറിയ മധുവിനെതിരെ ഉള്ളത്.

വാളയാര്‍ പ്രതികളുടെ മരണം: കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗം

വാളയാര്‍ കേസിലെ പ്രതിയായ കുട്ടിമധുവിന്റെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അമ്മയും നീതി സമരസമിതിയും ആലുവ റൂറല്‍ എസ്പിക്കും സിബിഐക്കും കത്തു നല്‍കി. വാളയാര്‍ കേസിലെ രണ്ടാമത്തെ പ്രതിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. പ്രതിയായ പ്രദീപ് മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ പ്രതികള്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നതിന് പിന്നില്‍ ചില സ്ഥാപിത താല്‍പര്യങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നു. കേസ് അന്വേഷണം അട്ടിമറിക്കാനും ഇനിയും കേസില്‍ പ്രതിയാക്കപ്പെടാന്‍ സാധ്യതയുള്ളവരെ രക്ഷിക്കാനുമുള്ള താല്‍പര്യമുണ്ടോ എന്ന് സംശയിക്കുന്നതായും സമര സമിതിയും അമ്മയും ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in