'കരുണാകരന് പകരക്കാരനായി ഹൈക്കമാൻഡ് കണ്ടെത്തിയത് ഉമ്മൻചാണ്ടിയെ, ആന്റണിയ്ക്ക് വേണ്ടി മാറി'; വാഴ്ത്തി ചെറിയാന്‍ ഫിലിപ്പ്
കരുണാകരന് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചത് ഉമ്മൻ ചാണ്ടിയെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. മുഖ്യമന്ത്രി സ്ഥാനം നിരസിച്ച ഉമ്മൻ ചാണ്ടി എകെ ആൻ്റണിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തേടിവന്ന ആധികാര സ്ഥാനങ്ങള്‍ പല തവണ ഉമ്മൻചാണ്ടി നിഷേധിച്ച കഥകളാണ് ചെറിയാൻ ഫിലിപ്പ് പറയുന്നത്. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക വേളയിൽ ഓർമ്മയിൽ തെളിഞ്ഞ ചരിത്ര വസ്തുതകൾ കുറിക്കുന്നുവെന്ന് പരാമർശിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
''1995-ൽ കെ കരുണാകരനു പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് ഹൈക്കമാന്റ് പരിഗണിച്ചെങ്കിലും അദ്ദേഹം നിരസ്സിക്കുകയാണുണ്ടായത്. തൻ്റെ ഉറച്ച നിലപാട് പ്രധാനമന്ത്രി നരസിംഹ റാവുവിനെ അറിയിച്ചതോടൊപ്പം എകെ ആൻ്റണിയുടെ പേര് നിർദ്ദേശിക്കുകയും ചെയ്തു. എ കെ ആൻ്റണി താൻ മുഖ്യമന്ത്രിയാവില്ലെന്ന കടുത്ത നിലപാടാണ് ആദ്യം മുതലേ സ്വീകരിച്ചത്. ആൻ്റണിയെ കൊണ്ട് സമ്മതിപ്പിക്കാൻ പിജെ കുര്യനെയും എന്നെയും ഉമ്മൻ ചാണ്ടി ചുമതലപ്പെടുത്തി. പി ജെ കുര്യൻ നരംസിംഹറാവുവിനെ നേരിൽ കണ്ട് എകെ ആൻ്റണിയുടെ മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു,'' ചെറിയാൻ ഫിലിപ്പ് പറയുന്നു.
1978ൽ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ ഉമ്മൻ ചാണ്ടിയോട് അടുത്ത മന്ത്രിസഭയിൽ അംഗമാകാൻ ആവശ്യപ്പെട്ടെങ്കിലും ഉമ്മൻ ചാണ്ടി വഴങ്ങിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1980-ൽ നായനാർ മന്ത്രിസഭയിൽ അംഗമാകാൻ ഉമ്മൻ ചാണ്ടി വിസമ്മതിച്ചെന്നും തുടർന്നാണ് പിസി ചാക്കോ മന്ത്രിയായതെന്നും ചെറിയാൻ ഫിലിപ്പ് ഓർമിക്കുന്നു.
''1981ൽ കരുണാകരൻ മുഖ്യമന്ത്രിയായ ബദൽ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി 1982 ൽ തിരഞ്ഞെടുപ്പിനു ശേഷം വയലാർ രവിക്കു വേണ്ടി മന്ത്രി പദം ഒഴിഞ്ഞു. 1995ലും 2001ലും മന്ത്രിയാകാൻ ഉമ്മൻ ചാണ്ടിയോട് മുഖ്യമന്ത്രി എകെആന്റണി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. 2004-ൽ മുഖ്യമന്തി സ്ഥാനം രാജിവെച്ചപ്പോൾ എ കെ ആന്റണി തന്റെ പിൻഗാമിയായി സോണിയ ഗാന്ധിയോട് നിർദ്ദേശിച്ചത് ഉമ്മൻ ചാണ്ടിയുടെ പേരാണ്,'' അദ്ദേഹം കൂട്ടിച്ചേർത്തു.