Exclusive- ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്തണം; സർക്കാരിന് ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ
കേരള ഹൈക്കോടതിയിലെ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്താന്‍ സർക്കാരിന് ചീഫ് ജസ്റ്റിസിന്റെ ശുപാർശ. പൊതുമേഖല സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം ഉയര്‍ത്തല്‍ നടപടി പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നതിന് പിന്നാലെയാണ് പുതിയ ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തുന്നത്. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 വയസ്സിൽ നിന്ന് 58 ആയി ഉയർത്തണമെന്ന ശുപാര്‍ശ ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഒക്ടോബർ 25 നാണ് ശുപാര്‍ശ കൈമാറിയത്. ഹൈക്കോടതി രജിസ്ട്രാർ ജനറൽ നല്‍കിയ ശുപാര്‍ശയുടെ പകര്‍പ്പ് ദ ഫോര്‍ത്തിന് ലഭിച്ചു.
ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയുമടക്കം പങ്കെടുത്ത സെപ്റ്റംബർ 26ന് ഉന്നതതല യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഉന്നതതല യോഗത്തിന് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജഡ്ജിമാർ അടങ്ങുന്ന കമ്മിറ്റി യോഗത്തിലെ നിർദേശങ്ങൾ പരിശോധിച്ചിരുന്നു. ഈ കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടാണ് ഹൈക്കോടതിയിലെ എല്ലാ ജീവനക്കാരുടെയും പെൻഷൻ പ്രായം അടിയന്തിരമായി 58 വയസാക്കി ഉയർത്തണമെന്ന് നിർദേശിച്ചത്. ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നത് കോടതിയുടെ പ്രവർത്തനത്തെ കൂടുതൽ വേഗത്തിലാക്കുവാൻ സഹായിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഹൈക്കോടതിയിലെ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റൽ രീതിയിലേക്ക് മാറുന്ന ഘട്ടമായതിനാൽ ജോലി പരിചയമുള്ള മുതിർന്ന ഉദ്യോഗസ്ഥർ അതാത് തസ്തികയിൽ തുടരുന്നതാണ് ഉത്തമം എന്ന് റിപ്പോർട്ട് പറയുന്നു. ശുപാർശയിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിർദേശം ഇപ്പോഴും മുഖ്യമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും പരിഗണനയിലാണെന്ന് അറിയുന്നു.
രജിസ്ട്രാർ ജനറൽ സർക്കാരിന് ശുപാർശ സമർപ്പിച്ചതിനു പിന്നാലെ സമാന ആവശ്യം ഉന്നയിച്ചു കൊണ്ട് ഹൈക്കോടതിയിലെ തന്നെ ജീവനക്കാരായ അജിത് കുമാർ, കെ യു കുഞ്ഞിക്കണ്ണൻ എന്നിവർ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഡിജിറ്റലൈസേഷൻ നടക്കുന്നതിനാൽ നിലവിലെ ഉദ്യോഗസ്ഥർ തുടരേണ്ടതുണ്ടെന്നും അതിനുവേണ്ട നിർദേശം നൽകണമെന്നുമാണ് ഹർജിയിലെയും പ്രധാന അപേക്ഷ. ഈ കേസ് വരും ദിവസങ്ങളിൽ കോടതിയുടെ പരിഗണനയ്ക്ക് എത്തും.
പെൻഷൻ പ്രായം ഉയർത്തിയാൽ ഗസറ്റഡ് റാങ്കിലുള്ള 40 ഉദ്യോഗസ്ഥർക്കും നോൺ ഗസറ്റഡ് തസ്തികയിലുള്ള നൂറോളം ഉദ്യോഗസ്ഥർക്കും രണ്ടു വർഷം സർവീസ് നീട്ടിക്കിട്ടും. മറ്റ് സർക്കാർ വകുപ്പുകളിലെന്ന പോലെ 2013 ഏപ്രിലിനു ശേഷം സർവീസിൽ ചേർന്ന ഹൈക്കോടതി ജീവനക്കാർക്ക് 60 വയസാണ് പെൻഷൻ പ്രായം. പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ ഭാഗമായതിനാലാണ് ഇവരുടെ പെൻഷൻ പ്രായം 60 ആയി നിശ്ചയിച്ചത്.
സംസ്ഥാനത്തെ പൊതുമേഖലാ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസ്സായി ഉയർത്താൻ ഈയിടെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ ഭരണപക്ഷ യുവജന സംഘടനകളുടെ അടക്കം ശക്തമായ പ്രതിഷേധത്തെ തുടർന്ന് സർക്കാർ ഈ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.