വിടവാങ്ങിയത് നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത കലാകാരനെന്ന് മുഖ്യമന്ത്രി; മാമുക്കോയയെ അനുസ്മരിച്ച് പ്രമുഖർ

വിടവാങ്ങിയത് നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത കലാകാരനെന്ന് മുഖ്യമന്ത്രി; മാമുക്കോയയെ അനുസ്മരിച്ച് പ്രമുഖർ

സിനിമകളിലെ എക്കാലത്തേയും ഓര്‍മിക്കുന്ന കഥാപാത്രങ്ങളേയും സ്പര്‍ശിച്ചാണ് അനുശോചന സന്ദേശങ്ങളെല്ലാം
Updated on
1 min read

നടന്‍ മാമുക്കോയയുടെ നിര്യാണത്തില്‍ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി. നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. മാമുക്കോയ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഹാസ്യ മുഹൂര്‍ത്തങ്ങള്‍ അവിസ്മരണീയങ്ങളാണെന്ന്

മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെ തന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നതെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. കോഴിക്കോടന്‍ തനിമയുള്ള അഭിനയരീതിയും സംഭാഷണ ചാതുര്യവും നര്‍മബോധവും മാമുക്കോയയെ വ്യത്യസ്തനാക്കി. നാടകരംഗത്ത് കൂടി ചലച്ചിത്ര രംഗത്തെത്തി ആസ്വാദക ഹൃദയങ്ങളില്‍ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി കുറിച്ചു. കേരളീയ ജീവിതത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന അനേകം കഥാപാത്രങ്ങളെ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നാലര പതിറ്റാണ്ട് നീണ്ടു നിന്ന ചലച്ചിത്ര ജീവിതത്തിലൂടെയും അതിന് മുന്‍പത്തെ നാടക പ്രവര്‍ത്തനത്തിലൂടെയും മാമുക്കോയ അഭിനയ കലാരംഗത്തെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വിലപ്പെട്ട പാഠപുസ്തകമായി മാമുക്കോയ മാറിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

തന്റേതായ അഭിനയ ശൈലിയിലൂടെയും, മലബാറിലെ ഭാഷാശൈലിയിലൂടെയും, ഹാസ്യനടനായും സ്വഭാവ നടനായും മലയാളികളുടെ എക്കാലത്തേയും പ്രിയനടനായ മാമുക്കോയയുടെ വേര്‍പാട് ഏറെ ദുഃഖിപ്പിക്കുന്നതാണെന്ന് സ്പീക്കര്‍ എ എൻ ഷംസീർ അനുശോചന കുറിപ്പിൽ പറഞ്ഞു. ഇടതുസഹയാത്രികനായിരുന്ന അദ്ദേഹത്തിന് എന്നും കൃത്യമായ നിലപാടുകളുണ്ടായിരുന്നു. ഒരു ബഷീര്‍ കഥാപാത്രത്തെ അനുസ്മരിക്കുന്ന വിധം സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ച ഹാസ്യമുഹൂര്‍ത്തങ്ങള്‍ അവിസ്മരണീയങ്ങളാണെന്നും സ്പീക്കര്‍ കുറിച്ചു.

മാമുക്കോയ എന്ന അഭിനേതാവിനെ കുറിച്ച് മലയാളിക്ക് ഇനിയും വായിച്ചോ കണ്ടോ അറിയേണ്ടതില്ലെന്നും അത്രയ്ക്ക് സുപരിചിതനാണ് അദ്ദേഹം മലയാളിക്കെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എക്കാലത്തെയും വലിയ 'തഗ്' ഡയലോഗുകള്‍ മലയാളിക്ക് കാഴ്ചവച്ച സുല്‍ത്താനാണ് അദ്ദേഹം. ''ഗഫൂര്‍ കാ ദോസ്ത്' എന്ന പ്രയോഗത്തെക്കുറിച്ച് അറിയാത്ത മലയാളി ഉണ്ടോ..! ദാസനും വിജയനും മാത്രമല്ല ''ഗഫൂര്‍ കാ ദോസ്ത്'' പറഞ്ഞത്. നാടോടിക്കാറ്റിലെ ഗഫൂര്‍ക്കയെ കണ്ടറിഞ്ഞത് മുതല്‍ എല്ലാ മലയാളികളും 'ഗഫൂര്‍ കാ ദോസ്ത്' ആണ്- അനുശോചന സന്ദേശത്തിൽ വി ശിവൻ കുട്ടി കുറിച്ചു.

മലയാള സിനിമയില്‍ ഹാസ്യത്തിന് വേറിട്ട ശെെലി സംഭാവന ചെയ്ത അതുല്യനായ കലാകാരനാണ് മാമുക്കോയയെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അനുസ്മരിച്ചു. സിനിമാ ജീവിതത്തില്‍ അദ്ദേഹം ജീവന്‍ പകര്‍ന്ന ഓരോ കഥാപാത്രങ്ങളും മലയാള പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കും. അത്രയേറെ സ്വാഭാവികതയും തന്മയത്വവും ഓരോ കഥാപാത്രങ്ങള്‍ക്കും നല്‍കിയ അദ്ദേഹം വെള്ളിത്തിരയില്‍ ജീവിക്കുക ആയിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം മലയാള സിനിമയ്ക്ക് അപരിഹാര്യമായ നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in