മതനിരപേക്ഷതയും ശാസ്ത്രചിന്തയും  ശക്തിപ്പെടുത്തണം: സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി

മതനിരപേക്ഷതയും ശാസ്ത്രചിന്തയും ശക്തിപ്പെടുത്തണം: സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി
Updated on
1 min read

മുന്നോട്ടുള്ള യാത്രയില്‍ ഒരുമയും മതനിരപേക്ഷതയും ശാസ്ത്രചിന്തയും ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതയും ശാസ്ത്രചിന്തയും പിറകോട്ടടിപ്പിക്കാനുള്ള നീക്കങ്ങളെ മുളയിലേ നുള്ളണം. അപ്പോള്‍ മാത്രമെ സ്വാതന്ത്ര്യം കൂടുതല്‍ അര്‍ഥപൂര്‍ണമാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.77-ാം സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

''സ്വാതന്ത്ര്യമെന്നത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഏതെങ്കിലും ഒരു പ്രത്യേകവിഭാഗത്തിനായി സ്വാതന്ത്ര്യം ചുരുക്കപ്പെടാന്‍ പാടില്ല. എല്ലാ മനുഷ്യരെയും തുല്യരായിക്കണ്ടും സമൂഹത്തിന്റെ പ്രശ്നങ്ങളെ ഒറ്റക്കെട്ടായിനിന്ന് പരിഹരിച്ചുമാണ് കേരളം പലകാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായിത്തീരുന്നത്'' - മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 84 ശതമാനം വര്‍ധിച്ചു. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം 54 ശതമാനം വര്‍ധിച്ചു. വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സംരംഭക വര്‍ഷം പദ്ധതി നടപ്പാക്കി. 100,000 സംരംഭങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ആദ്യത്തെ എട്ടുമാസം കൊണ്ട് തന്നെ ലക്ഷ്യത്തെ മറികടക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഏഴുവര്‍ഷംകൊണ്ട് 85,540 കോടി രൂപയുടെ കയറ്റുമതിയാണ് കേരളത്തില്‍ നിന്നുണ്ടായത്. സംസ്ഥാനം അതിദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ സംസ്ഥാനം ഇത്തരമൊരു ലക്ഷ്യത്തിന് മുന്‍കൈയെടുക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 64,006 കുടുംബങ്ങളെയാണ് അതി ദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്. 2025ഓടെ കേരളത്തില്‍ നിന്നും അതിദാരിദ്ര്യം തുടച്ചുനീക്കാനാകും എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന  പരേഡില്‍ 10 സായുധ വിഭാഗങ്ങളും11 സയുധേതര വിഭാഗങ്ങളും അശ്വാരൂഢ സേനയും അണിനിരന്നു.

logo
The Fourth
www.thefourthnews.in