ദയാബായിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും; മുഖ്യമന്ത്രി മന്ത്രിമാരെ ചുമതലപ്പെടുത്തി

ദയാബായിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും; മുഖ്യമന്ത്രി മന്ത്രിമാരെ ചുമതലപ്പെടുത്തി

മന്ത്രിമാരായ ആര്‍ ബിന്ദുവിനെയും വീണാ ജോര്‍ജിനെയും ചര്‍ച്ചയ്ക്കായി ചുമതലപ്പെടുത്തി
Updated on
1 min read

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി തേടിയുള്ള സാമൂഹ്യ പ്രവര്‍ത്തക ദയാബായിയുടെ നിരാഹാര സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി. പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദയാബായിയും സമര സമിതി അംഗങ്ങളുമായി 12 മണിക്ക് മന്ത്രിമാര്‍ ചര്‍ച്ച നടത്തും. മന്ത്രിമാരായ ആര്‍ ബിന്ദുവിനെയും വീണാ ജോര്‍ജിനെയും മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായി ചുമതലപ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വിദഗ്ധ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം 16-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ്‌ സര്‍ക്കാരിന്റെ ഇടപെടല്‍.

2017ന് ശേഷമുള്ള പുതിയ ദുരിത ബാധിതരെ കണ്ടെത്തുന്നതിന് മെഡിക്കല്‍ ക്യാമ്പുകള്‍ എത്രയും വേഗം നടത്തണമെന്നും ജില്ലയുടെ ആരോഗ്യ രംഗത്തെ പരിമിതികള്‍ പരിഹരിക്കണമെന്നുമാണ് ദയാബായിയുടെ നേതൃത്വത്തിലുള്ള സമര സമിതി ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യം. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റിന്റെ തസ്തികയില്‍ നിയമനം നടന്നെങ്കിലും ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഇനിയും ഒരുക്കിയിട്ടില്ല. കിടപ്പിലായവര്‍ക്കായി പ്രാദേശിക തലത്തില്‍ പരിചരണ കേന്ദ്രങ്ങള്‍ തുറക്കണമെന്നും മെഡിക്കല്‍ കോളേജ് അടിയന്തരമായി പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നുമാണ് ദയാബായിയുടെ ആവശ്യം.

എയിംസിനായി പരി​ഗണിക്കുന്ന ജില്ലകളിൽ കാസർ​ഗോഡിനെയും ഉൾപ്പെടുത്തുക, ജില്ലയിലെ അഞ്ച് ആശുപത്രികളിൽ വിദഗ്ധ ചികിൽസാ സംഘത്തെ നിയോ​ഗിക്കുക, ദുരിതബാധിതർക്കായി ദിന പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുക, മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുക തുടങ്ങിയ നാലിന ആവശ്യങ്ങളാണ് സമര സമിതി സർക്കാരിന് മുന്നിൽ വച്ചിട്ടുളളത്. സമരമാരംഭിച്ച് രണ്ടു ദിവസത്തിനുശേഷം പോലീസെത്തി അറസ്റ്റു ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും അവിടെയും നിരാഹാരം തുടരുകയായിരുന്നു. ഇതിനോടകം നിരവധിപേരാണ് സമരപന്തലിലെത്തി ദയാബായിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌.

logo
The Fourth
www.thefourthnews.in