'കേരള സ്റ്റോറി പ്രചരിപ്പിക്കുന്നതില്‍ കൃത്യമായ ഉദ്ദേശ്യങ്ങള്‍ കാണും'; ആർഎസ്എസ് കെണിയില്‍ വീഴരുതെന്ന് മുഖ്യമന്ത്രി

'കേരള സ്റ്റോറി പ്രചരിപ്പിക്കുന്നതില്‍ കൃത്യമായ ഉദ്ദേശ്യങ്ങള്‍ കാണും'; ആർഎസ്എസ് കെണിയില്‍ വീഴരുതെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ എവിടെയുമില്ലാത്ത കാര്യങ്ങളാണ് സിനിമയില്‍ പറയുന്നതെന്നും രാഷ്ട്രീയ ഉദ്ദേശ്യത്തോടെ സൃഷ്ടിച്ച സിനിമയാണിതെന്നും പിണറായി
Updated on
1 min read

കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പച്ചനുണ ഭാവനയില്‍ സൃഷ്ടിച്ച് ഒരുക്കിയ സിനിമയാണ് ദ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട് തങ്ങളുടെ ഉദ്ദേശ്യകാര്യങ്ങള്‍ നേടാന്‍ പറ്റുമോയെന്ന ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നത്. ആ കെണിയില്‍ വീണുപോകരുത്. ഇത് ആര്‍എസ്എസ് അജണ്ടയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ എവിടെയുമില്ലാത്ത കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ സൃഷ്ടിച്ച സിനിമയാണിത്. ''സിനിമയക്ക് കൂടുതല്‍ പ്രചാരണം നല്‍കുന്നതിന് കൃത്യമായ ഉദ്ദേശ്യങ്ങള്‍ കാണും. കേരളത്തെ വല്ലാത്ത സ്ഥലമായി ചിത്രീകരിക്കുന്നു. നാടിനെ അവമതിപ്പുണ്ടാക്കുന്ന നാടാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തെ എതിര്‍ക്കുകയും അപലപിക്കുകയും ചെയ്യണം,'' മുഖ്യമന്ത്രി പറഞ്ഞു. കേരളീയരല്ലാത്തവര്‍ തന്നെ സിനിമയ്‌ക്കെതിരെ രംഗത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'കേരള സ്റ്റോറി പ്രചരിപ്പിക്കുന്നതില്‍ കൃത്യമായ ഉദ്ദേശ്യങ്ങള്‍ കാണും'; ആർഎസ്എസ് കെണിയില്‍ വീഴരുതെന്ന് മുഖ്യമന്ത്രി
'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും; സഭയുടെ മക്കള്‍ക്ക് മുന്‍കരുതല്‍ നല്‍കാനെന്ന് വിശദീകരണം

ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ നടപ്പാക്കിയ ആശയമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ''ആഭ്യന്തര ശത്രുക്കളെന്ന ആശയം ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ നടത്തിയതാണ്. ജൂതരും ബോള്‍ഷെവിക്കുകളുമാണ് ജര്‍മനിയുടെ ആഭ്യന്തര ശത്രുക്കളെന്ന് ഹിറ്റ്‌ലര്‍ പറഞ്ഞു. ന്യൂനപക്ഷവും കമ്മ്യൂണിസ്റ്റുകാരുമാണ് ആഭ്യന്തര ശത്രുക്കളെന്നാണ് ഹിറ്റലര്‍ പറഞ്ഞുവെച്ചത്. അത് ആര്‍എസ്എസ് പകര്‍ത്തി. അവിടെ ജൂതരാണെങ്കില്‍ ഇവിടെ മുസ്‌ലിമും ക്രിസ്ത്യാനിയുമാണ്. മറ്റ് ന്യൂനപക്ഷങ്ങളുമുണ്ട്, അവരെ വിട്ടുകളയുമെന്ന് വിചാരിക്കേണ്ട. മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും പേര് എടുത്തുപറഞ്ഞെങ്കിലും ന്യൂനപക്ഷങ്ങളെ തന്നെയാണ് ലക്ഷ്യമിടുന്നത്. ഓരോ ഘട്ടത്തില്‍ ഓരോ വിഭാഗങ്ങള്‍ക്കെതിരെയാണ് തിരിയുക. മണിപ്പൂരില്‍ വംശഹത്യയുടെ അടുക്കലെത്തി. അത് മറക്കാന്‍ ആര്‍ക്കും പറ്റില്ല. മുസ്‌ലിങ്ങളെ പലയിടങ്ങളില്‍ ലക്ഷ്യമിടുന്നു,'' മുഖ്യമന്ത്രി പറഞ്ഞു.

'കേരള സ്റ്റോറി പ്രചരിപ്പിക്കുന്നതില്‍ കൃത്യമായ ഉദ്ദേശ്യങ്ങള്‍ കാണും'; ആർഎസ്എസ് കെണിയില്‍ വീഴരുതെന്ന് മുഖ്യമന്ത്രി
'കേരള സ്റ്റോറി' പ്രദർശിപ്പിച്ച് ഇടുക്കി രൂപത; പ്രണയത്തിലെ ചതിക്കുഴികൾക്കെതിരായ ബോധവത്കരണമെന്ന് വിശദീകരണം

അതേസമയം, ഇടുക്കി രൂപത കഴിഞ്ഞ ഏപ്രില്‍ നാലിന് വിശ്വാസോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ നാലിന് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ന് തലശേരി രൂപതയും ശനിയാഴ്ച താമരശേരി രൂപതയും ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുട്ടികളെ പ്രണയത്തിലകപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നുവെന്നും ഇതിനെതിരെ അവബോധം സൃഷ്ടിക്കാനാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നുമായിരുന്നു ഇടുക്കി രൂപത നല്‍കിയ വിശദീകരണം. ഇടുക്കി രൂപതയ്ക്ക അഭിനന്ദനം അറിയിച്ചു കൊണ്ടാണ് താമരശേരി രൂപത ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന കാര്യം അറിയിച്ചത്.

നേരത്തെ, സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍നിന്നുള്‍പ്പെടെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ദൂരദര്‍ശനും ദ കേരള സ്റ്റോറി സംപ്രേഷണം ചെയ്തിരുന്നു. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെയായിരുന്നു ദൂരദര്‍ശന്‍ സിനിമ സംപ്രേഷണം ചെയ്തത്. സംഘപരിവാര്‍ പ്രൊപ്പഗണ്ട സിനിമകള്‍ തയ്യാറാക്കി നേരത്തെയും വിവാദത്തില്‍ ഇടം പിടിച്ച സുദീപ്‌തോ സെന്നിന്റെ കേരള സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമയ്ക്കെതിരെ ദേശീയ തലത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

logo
The Fourth
www.thefourthnews.in