വേണ്ടത് ജനകീയ മുഖം; ഒറ്റപ്പെട്ട കുറ്റകൃത്യങ്ങള്‍ പോലീസിന് അവമതിപ്പുണ്ടാക്കുന്നു: മുഖ്യമന്ത്രി
പോലീസിന്റെ കൃത്യവിലോപം, ഗുരുതര നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി. നേട്ടങ്ങളുടെ വലിയ പട്ടികയുള്ളപ്പോഴും പൊലീസിന്റെ യശസ്സിന് ചേരാത്ത ചില സംഭവങ്ങള്‍ ഉണ്ടാകുന്നു എന്നത് ഗൗരവകരമായ വിഷയമാണ്. അത്തരം ഒറ്റപ്പെട്ട കൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ കേരള പൊലീസിന് അവമതിപ്പുണ്ടാക്കുകയാണെന്നും അത്തരക്കാരോട് ഒരു ദാക്ഷിണ്യവും കാണിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. കിളികൊല്ലൂര്‍ സംഭവത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ എസ്ഐക്കും സീനിയര്‍ സിപിഒമാരേയും സ്ഥലം മാറ്റിയിരുന്നു. അതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
മികച്ച റെക്കോര്‍ഡുള്ള കേരള പോലീസിനെ പൊതുജനങ്ങള്‍ക്കു മുന്നില്‍ തരം താഴ്ത്തുന്ന ഏത് നീക്കങ്ങളേയും നേരിടുമെന്നും മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു. പോലീസിന് വേണ്ടത് ജനകീയ മുഖമാണെന്നും അത് അപകീര്‍ത്തിപ്പെടുത്തുന്നതിന് മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സംസ്ഥാന പോലീസിനെ ഒന്നാകെ ലേബല്‍ ചെയ്യുന്നവരോട് യോജിക്കാന്‍ സാധിക്കില്ല
കൊല്ലം കിളികൊല്ലൂരില്‍ സൈനികന്‍ വിഷ്ണുവിനേയും സഹോദരന്‍ വിഘ്‌നേഷിനേയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പോലീസ് സ്റ്റേഷനില്‍ നിന്ന് തനിക്കും സഹോദരന്‍ വിഷ്ണുവിനും ക്രൂര മര്‍ദ്ദനമേറ്റതായും നടപടി വേണമെന്നും ആവശ്യപ്പെട്ട് വിഘ്‌നേഷ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതിയും നല്‍കിയിരുന്നു. കേസില്‍ കുറ്റമറ്റ അന്വേഷണം ഉറപ്പാക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ പിരിച്ചുവിടുന്ന നടപടിയിലേക്ക് കടക്കുമെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നടപാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. .
അതേസമയം, ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സംസ്ഥാന പോലീസിനെ ഒന്നാകെ ലേബല്‍ ചെയ്യുന്നവരോട് യോജിക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. അത്തരം ലേബലിങ്ങിന് പ്രത്യക്ഷമായോ പരോക്ഷമായോ കാരണമാകുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന പൊലീസുകാരോട് ഒരു തരത്തിലുള്ള അനുഭാവവും സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കണ്ടായെന്നും മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു.