'മാധ്യമങ്ങള്‍ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനെന്തിന് സ്വയംവിമര്‍ശനം നടത്തണം?' മാധ്യമങ്ങളെ അധിക്ഷേപിച്ച് മുഖ്യമന്ത്രി
മാധ്യമങ്ങള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധിക്ഷേപ പരാമര്‍ശം. മാധ്യമങ്ങള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ സ്വയം വിമര്‍ശനമായി കാണുമോ എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പിണറായി വിജയന്‍ വിരുദ്ധത പല മാധ്യമങ്ങളിലും കാണാന്‍കഴിയും. എന്തുകൊണ്ട് പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ വിമര്‍ശനം ഉയരുന്നു, എന്‌റെ എന്തങ്കിലും കുഴപ്പം കൊണ്ടാണോ സ്വയം വിമര്‍ശനം എന്ന നിലയില്‍ പരിശോധിച്ചിട്ടുണ്ടോ എന്നായിരുന്നു മുഖ്യമന്ത്രിയോടുള്ള ചോദ്യം. ഇതിന് രൂക്ഷമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
നിങ്ങള്‍ ചെയ്യുന്ന ചെറ്റത്തരത്തെ ഞാനെന്ത് പരിശോധിക്കാനാണ്. നിങ്ങള്‍ ചില മാധ്യമങ്ങള്‍ ചെയ്യുന്ന ചെറ്റത്തരമുണ്ട്, അതിനെ ഞാനാണോ സ്വയം വിമര്‍ശനം നടത്തേണ്ടത്. നിങ്ങള്‍ എന്താണ് ചെയ്യുന്നത്. പിണറായി വിജയന്‍ എന്ന വ്യക്തിയെ അല്ല മാധ്യമങ്ങള്‍ ആക്രമിക്കുന്നത്, എല്‍ഡിഎഫ് എന്ന മേഖലയെ തന്നെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. അതാണ് വസ്തുത എന്നായിരുന്നു പിണറായിയുടെ വാക്കുകള്‍.