ഷിരൂര്‍ ദൗത്യം: കര്‍ണാടക സര്‍ക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഷിരൂര്‍ ദൗത്യം: കര്‍ണാടക സര്‍ക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിലാണ് മലയാളികളുടെ പേരില്‍ കേരള മുഖ്യമന്ത്രി നന്ദി പറഞ്ഞത്
Updated on
1 min read

ഷിരൂര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് ഗംഗാവാലി പുഴയില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ മൃതദേഹം കണ്ടെടുക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ കര്‍ണാടക സര്‍ക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിലാണ് മലയാളികളുടെ പേരില്‍ കേരള മുഖ്യമന്ത്രി നന്ദി പറഞ്ഞത്.

കേരളത്തിന്റെ സഹായ അഭ്യര്‍ഥനകളോട് സമയോചിതമായും ആത്മാര്‍ഥമായും സഹകരിച്ച കര്‍ണാടക സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും എല്ലാ മലയാളികളുടെയും പേരില്‍ നന്ദി പറയുന്നുവെന്നായിരുന്നു കത്തില്‍. ഷിരൂരില്‍ രക്ഷാദൗത്യം ഏകോപിപ്പിച്ച ഉഡുപ്പി ജില്ലാ ഭരണകൂടത്തെയും കാര്‍വാര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സതീഷ് കൃഷ്ണ സെയ്‌ലിനെയും പേരെടുത്തു പറഞ്ഞായിരുന്നു നന്ദി പ്രകാശിപ്പിച്ചത്.

ജൂലൈ പതിനാറിനാണ് ഷിരൂരില്‍ മലയിടിഞ്ഞുവീണ് ലോറിയുള്‍പ്പടെ അര്‍ജുനെയും മറ്റുള്ളവരെയും കാണാതായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ - കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്.

അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു. അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്.തുടര്‍ന്ന് 72 ദിനങ്ങള്‍ നീണ്ട തിരച്ചിലിനും കാത്തിരുപ്പിനുമൊടുവില്‍ ഇന്നാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്.

logo
The Fourth
www.thefourthnews.in