ബ്രഹ്മപുരത്തിൽ മുഖ്യമന്ത്രി ഇന്ന് മൗനം വെടിയും; ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും
ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീപിടിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. വിഷയത്തെ കുറിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ലെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെയാണ് ചട്ടം 300 പ്രകാരമുള്ള പ്രത്യേക പ്രസ്താവന. ബ്രഹ്മപുരം കത്തി 14 ദിവസം കഴിയുമ്പോഴാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കാനൊരുങ്ങുന്നത്.
മാലിന്യ നീക്കത്തിന് കരാര്‍ നല്‍കിയ കമ്പനിക്കെതിരെയും പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷും മറുപടി നൽകിയെങ്കിലും പ്രതിപക്ഷം മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നു .
കമ്പനി തന്നെ മാലിന്യകൂമ്പാരത്തിന് തീയിട്ടതാണെന്നും കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നുമുള്ള ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ഉന്നയിച്ചിരുന്നു. തിങ്കളാഴ്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പ്രതിപക്ഷം, ഇന്നലെയും സമാന വിഷയം തന്നെയാണ് സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചത്. ബ്രഹ്മപുരം വിഷയം അടുത്ത ദിവസങ്ങളിലും നിയമസഭയിൽ സജീവമാക്കാൻ പ്രതിപക്ഷം നീക്കം നടത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രി പ്രസ്താവന നടത്താൻ തീരുമാനിച്ചത്.