ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും; സര്‍ക്കാരും പ്രതിപക്ഷവും വിട്ടുനിന്നു

ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും; സര്‍ക്കാരും പ്രതിപക്ഷവും വിട്ടുനിന്നു

പൊതുഭരണ വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാലും കൃഷി വകുപ്പ് സെക്രട്ടറി ബി അശോകും വിരുന്നിനെത്തി
Updated on
1 min read

മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനില്‍ക്കുമെന്നറിയിച്ച് രാജ്ഭവനിലെ ക്രിസ്മസ് വിരുന്നില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും പങ്കെടുത്തു. സര്‍ക്കാരും പ്രതിപക്ഷവും വിട്ടുനില്‍ക്കുമ്പോഴാണ് ചീഫ് സെക്രട്ടറി വി പി ജോയ്, ഡിജിപി അനില്‍കാന്ത് എന്നിവര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സംഘടിപ്പിക്കുന്ന വിരുന്നിനെത്തിയത്. പൊതുഭരണ വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാലും കൃഷി വകുപ്പ് സെക്രട്ടറി ബി അശോകും വിരുന്നില്‍ പങ്കെടുത്തു.

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തുറന്ന പോര് നടക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണര്‍ രാജ്ഭവനില്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നില്‍ നിന്നും വിട്ടുനിന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്പീക്കര്‍ എ എന്‍ ഷംസീറും സ്ഥലത്തില്ലാത്തതിനാല്‍ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. സാധാരണ എത്ര തിരക്കുണ്ടായാലും ഗവര്‍ണര്‍ ക്ഷണിച്ചാല്‍ രാജ്ഭവനിലെത്തുന്നതാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പുലര്‍ത്തുന്ന കീഴ്വഴക്കം. ഇതിന് വിരുദ്ധമാണ് ഇപ്പോഴത്തെ ഇടപെടല്‍.

അതേസമയം, വിരുന്നില്‍ പങ്കെടുത്ത കര്‍ദിനാള്‍ ബസേലിയസ് ക്ലിമിസ് കാത്തോലിക്ക ബാവ, ജോസഫ് മാര്‍ ഗ്രിഗോറിയസ്, ആര്‍ച്ച് ബിഷപ് തോമസ് ജെ നെറ്റോ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചായിരുന്നു ക്രിസ്മസ് പരിപാടികള്‍ ആരംഭിച്ചത്.

മാർ ജോസഫ് പെരുന്തോട്ടം, ജോഷ്വ മാർ ഇഗ്നാത്തിയോസ്, പാളയം ഇമാം ഡോ ഷുഹൈബ് മൗലവി, കടയറ നാസർ മുസ്ലിം അസോ പ്രസിഡന്റ്, മുൻ ഐഎസ്‌ആർഒ ചെയർമാൻ മാധവൻ നായർ, ജ. സിറിയക് ജോസഫ്, ജിജി തോംസൺ, മണിയൻപിള്ള രാജു, ടി പി ശ്രീനിവാസൻ, ടി ബാലകൃഷ്ണൻ, ഡോ ബി അശോക്, കെ ആർ ജ്യോതിലാൽ, അമീനത്ത് അബ്ദുള്ള ദീദി (മാലിദ്വീപ് കോൺസലേറ്റ് ), ആർക്കിടെക്റ്റ് ജി ശങ്കർ, സൂര്യ കൃഷ്ണ മൂർത്തി, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ ആർ ശ്രീകണ്ഠൻ നായർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

അതിനിടെ, ജനുവരിയില്‍ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. ഇന്നലെ അവസാനിച്ച സഭാ സമ്മേളനത്തിന്റെ തുടര്‍ച്ചയായി തന്നെ ബജറ്റ് സമ്മേളം ചേരാമെന്നാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സഭ അനിശ്ചിതമായി പിരിഞ്ഞെന്ന് ഗവര്‍ണറെ അറിയിക്കേണ്ടെന്ന് മന്ത്രസഭാ യോഗത്തില്‍ ധാരണയായി.

സഭാ സമ്മേളനം കഴിഞ്ഞ് സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നു എന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചാലും അത് നിലവില്‍ വരണമെങ്കില്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന് ഇക്കാര്യം ഗവര്‍ണറെ രേഖാമൂലം അറിയിക്കണം. അപ്പോള്‍ മാത്രമേ നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു എന്നുള്ള വിജ്ഞാപനം രാജ്ഭവന് പുറപ്പെടുവിക്കാനാവുകയുള്ളൂ. എന്നാല്‍ സര്‍ക്കാര്‍ രേഖാമൂലം അറിയിപ്പ് നല്‍കാതെ താത്കാലികമായി പിരിയുന്നു എന്ന രീതിയില്‍ മുന്നോട്ട് പോകാം എന്നതാണ് സര്‍ക്കാര്‍ തീരുമാനം.

logo
The Fourth
www.thefourthnews.in