വിഴിഞ്ഞത്ത് സമവായ നീക്കം സജീവം; മലങ്കര, ലത്തീന്‍ സഭാധ്യക്ഷന്മാരുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തി

വിഴിഞ്ഞത്ത് സമവായ നീക്കം സജീവം; മലങ്കര, ലത്തീന്‍ സഭാധ്യക്ഷന്മാരുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തി

വിഷയം ചർച്ച ചെയ്യുന്നതിനായി കോർ കമ്മിറ്റി രൂപികരിച്ചു
Published on

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിൽ സമവായ നീക്കങ്ങള്‍ സജീവം. മലങ്കര, ലത്തീന്‍ സഭാധ്യക്ഷന്മാരുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തി. ക്ലിമ്മീസ് കാതോലിക്കാ ബാവയും ഡോ.തോമസ് ജെ നെറ്റോയും പങ്കെടുത്തു. ഗാന്ധി സ്മാരക നിധിയുടെ മധ്യസ്ഥതയിലും ഒത്തുതീർപ്പ് ചർച്ച നടക്കും. വിഷയം ചർച്ച ചെയ്യുന്നതിനായി കോർ കമ്മിറ്റി രൂപികരിച്ചു . ജസ്റ്റിസ് ഹരിഹരൻ നായർ, ജോർജ് ഓണക്കൂർ, ടി പി ശ്രീനിവാസൻ തുടങ്ങിയവർ കമ്മിറ്റിയിൽ ഉണ്ടാകും.

അതേസമയം, വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രസേനയെ കൊണ്ടുവരാനുളള നീക്കത്തിൽ പങ്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കേന്ദ്ര സേനയെ കൊണ്ടുവരാൻ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ആവശ്യമുന്നയിച്ചത് അദാനി ഗ്രൂപ്പാണെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ സുരക്ഷയ്ക്ക് കേന്ദ്രസേന വേണമെന്ന അദാനിയുടെ ആവശ്യം കോടതിയിൽ സർക്കാരും പിന്തുണച്ചിരുന്നു. കേന്ദ്രസേനയെ നിയോഗിക്കുന്നതില്‍ എതിർപ്പില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രസേനയെ കൊണ്ടുവരാനുളള നീക്കത്തിൽ പങ്കില്ലെന്നാണ് സർക്കാരിന്റെ പരസ്യ നിലപാട്

കേന്ദ്രസേനയേ കൊണ്ടുവന്നു വിരട്ടാൻ നോക്കേണ്ടയെന്നാണ് സമര സമിതിയുടെ പ്രതികരണം. കേന്ദ്രസേനയെ വിളിക്കാന്‍ സംസ്ഥാന സർക്കാർ പറയുന്നെങ്കില്‍, അതിനര്‍ത്ഥം കേരളാ പോലീസ് പരാജയപ്പെട്ടു എന്നാണെന്നാണ് സമരസമിതി കൺവീനറും ലത്തീൻ സഭാ വികാരിയുമായ ഫാദര്‍ യൂജിന്‍ പെരേര ഇന്നലെ പ്രതികരിച്ചത്.അതേസമയം വിഴിഞ്ഞത്ത് സംഘർഷങ്ങളിൽ പ്രതികളായവരുടെ പട്ടിക പോലീസ് തയ്യാറാക്കി തുടങ്ങി. ഇതിനിടെ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം. ഇതോടെ പ്രാദേശികമായും സഭാ തലത്തിലും പ്രതിഷേധം കടുക്കാൻ സാധ്യതയുണ്ട്.

logo
The Fourth
www.thefourthnews.in