ബന്ധം നിയമപരമല്ലെങ്കിലും കുഞ്ഞിന് ജീവനാംശത്തിന് അർഹത; പിത്യത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധനയാകാം: ഹൈക്കോടതി
നിയമപരമല്ലാത്ത ബന്ധത്തിലുള്ള കുട്ടിക്ക് ജീവനാശംത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി. പിതാവെന്ന് ആരോപിക്കപ്പെടുന്നയാളുടെ ഡിഎൻഎ പരിശോധന നടത്തണമെന്ന ആവശ്യം തള്ളിക്കളായാനാവില്ലെന്നും ജസ്റ്റിസ് മേരി ജോസഫ് നിർദേശിച്ചു. നിയമപരമല്ലാത്ത ബന്ധത്തിൽ ജനിച്ച കുഞ്ഞിന് പിതാവ് ജീവനാംശം കൊടുക്കണമെന്ന ആവശ്യമുന്നയിച്ച് യുവതി നൽകിയ ഹർജിയിൽ കുടുംബകോടതി ഡിഎൻഎ പരിശോധനക്ക് നിർദേശിച്ചിരുന്നു. ഇതിനെതിരെ യുവാവ് നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.
ഹർജിക്കാരനും യുവതിയും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇതിനിടെ യുവതി ഗർഭിണിയായി. യുവതി കുഞ്ഞിന് ജന്മം നൽകുന്നതിന് മുൻപേ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. എന്നാൽ യുവതിയെയും കുഞ്ഞിനെയും സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ചെലവിന് നൽകിയിരുന്നെങ്കിലും പിന്നീട് അത് നിർത്തി. ഇതോടെയാണ് യുവതി കുടുംബകോടതിയെ സമീപിച്ചത്.
യുവതിക്ക് മറ്റ് പലരുമായി ബന്ധമുണ്ടെന്ന് യുവാവ് ആരോപണമുന്നയിച്ചു. തുടർന്നാണ് യുവാവിന്റെ ഡിഎൻഎ പരിശോധനയ്ക്ക് കുടുംബകോടതി ഉത്തരവിട്ടത്. ഇതിനെതിരെ യുവാവാണ് ഹൈക്കോടതിയെ സമീപിച്ചത്. താൻ വിവാഹിതനാണെന്നും ഡിഎൻഎ പരിശോധന തനിക്ക് സമൂഹത്തിലും കുടുംബത്തിലും പ്രശ്നങ്ങളുണ്ടാക്കുമെന്നും ചൂണ്ടികാട്ടിയാണ് ഹർജി നൽകിയത്.
എന്നാൽ ദീർഘനാളത്തെ സഹവാസം യുവതിയുമായി ഉണ്ടായിരുന്നുവെന്ന് പ്രഥമദൃഷ്ട്യ വ്യക്തമാണെന്ന് കോടതി ചൂണ്ടികാട്ടി. നിയമപരമല്ലാത്ത ബന്ധമാണെങ്കിലും പിതാവിൽ നിന്ന് കുഞ്ഞിന് ജീവനാംശത്തിന് അർഹതയുണ്ട്. അതിനാൽ പിതൃത്വം തെളിയിക്കണമെന്ന ആവശ്യം നിരസിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി യുവാവിന്റെ ഹർജി തള്ളി.