ഇന്ന് ചിങ്ങം ഒന്ന്; കര്‍ഷക ദിനം; അറിയാം പാങ്ങോടിന്റെ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി വിശേഷം
ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. മലയാള ഭാഷാ മാസമെന്നും അറിയപ്പെടുന്നു. മലയാളികള്‍ക്ക് ചിങ്ങമാസം സമൃദ്ധിയുടെയും പ്രതീക്ഷയുടേയും പുതുവർഷമാണ്. കാർഷിക സംസ്കാരത്തിന്റെ പൈതൃകം പേറുന്ന കേരളക്കാർക്ക് കർഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന്.
കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസപ്പുലരിയോടെ പിറവിയെടുക്കുന്നത്. മലയാളികൾക്ക് അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്ത്തുത്സവത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണത്. പാടത്ത് വിളഞ്ഞ പൊൻകതിർ വീട്ടിലെത്തിച്ച് പത്തായങ്ങളിൽ നിറച്ചിരുന്ന സമ്പന്നതയുടെ മാസമായിരുന്നു പഴമക്കാരെ സംബന്ധിച്ച് ചിങ്ങമാസം. എന്നാല്‍ ഇന്ന് കൃഷിയും കര്‍ഷകനും കാര്‍ഷിക സംസ്കാരവുമെല്ലാം പഠന വിഷയങ്ങള്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. കേരളത്തിന്റെ കാര്‍ഷിക സംസ്കാരം തിരികെ പിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് കൂടിയാണ് ഈ ചിങ്ങദിനം ഓര്‍മപ്പെടുത്തുന്നത്.
കാര്‍ഷിക പാരമ്പര്യത്തെ പിന്തുടരാന്‍ ആരും താല്‍പര്യപ്പെടാതിരിക്കുമ്പോഴും ചില മാതൃകകള്‍ ഇപ്പോഴും നമുക്ക് മുന്നിലുണ്ട്. കാലത്തിനനുസരിച്ച് കൃഷിരീതികളിലും വിളകളിലുമൊക്കെ മാറ്റം വരുത്തിയാണ് അവര്‍ പുതിയ കൃഷിപാഠം രചിക്കുന്നത്.
തിരുവനന്തപുരത്ത് പാങ്ങോടുള്ള ജെ വിജയന്‍ അത്തരമൊരു മാതൃക സൃഷ്ടിച്ച കര്‍ഷകനാണ്. പാങ്ങോട് പതിനഞ്ചേക്കറില്‍ വിജയന്‍ ചെയ്യുന്നത് ഡ്രാഗണ്‍ ഫ്രൂട്ടാണ്. ലാഭകരമായിരുന്ന റബ്ബര്‍ വെട്ടിമാറ്റിയാണ് വിജയന്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്തത്. ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡ്രാഗണ്‍ ഫ്രൂട്ട് വിതരണം ചെയ്യുന്നതിനൊപ്പം മൂല്യവര്‍ധിത ഉത്പന്നങ്ങളുമുണ്ടാക്കി ലാഭം കൊയ്യുകയാണ് വിജയന്‍. പാങ്ങോടിനെ കേരളത്തിന്റെ ഡ്രാഗണ്‍ ഫ്രൂട്ട് ഹബ്ബ് ആക്കിയിരിക്കുകയാണ് അദ്ദേഹം.