'സംഭവിച്ചത് മാനുഷികമായ പിഴവ്, തെറ്റ് ചൂണ്ടിക്കാട്ടിയവരോട് നന്ദി'; പിഎച്ച്ഡി വിവാദത്തില്‍ വിശദീകരണവുമായി ചിന്താ ജെറോം
കോപ്പിയടി വിവാദത്തില്‍ വിശദീകരണവുമായി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. സംഭവിച്ചത് മാനുഷികമായ പിഴവാണെന്ന് ചിന്താ ജെറോം വിശദീകരിച്ചു. ''പ്രബന്ധത്തിലെ ഒരു വരി പോലും കോപ്പിയടിച്ചിട്ടില്ല. എന്നാല്‍ വിവിധ പ്രബന്ധങ്ങളിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഇക്കാര്യം റഫറന്‍സില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്'' - ചിന്താ ജെറോം വ്യക്തമാക്കി. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ തെറ്റുകള്‍ തിരുത്തുമെന്നും ചിന്താ ജെറോം കൂട്ടിച്ചേര്‍ത്തു.
പ്രബന്ധത്തിലെ തെറ്റ് ചൂണ്ടിക്കാണിച്ചവരോട് നന്ദിയുണ്ടെന്നും, അത് പൂര്‍ണ മനസോടെ അംഗീകരിക്കുമെന്നും ചിന്ത ജെറോം വ്യക്തമാക്കി. ''പ്രബന്ധ വിവാദത്തിന്റെ പേരില്‍ നിരവധി അധിക്ഷേപങ്ങളും, വ്യക്തിഹത്യയും നേരിടേണ്ടി വന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് പലരും പെരുമാറിയത്'' - ചിന്താ ജെറോം കൂട്ടിച്ചേര്‍ത്തു.
ചങ്ങമ്പുഴയുടെ 'വാഴക്കുല'എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന ചിന്താ ജെറോമിന്റെ പ്രബന്ധത്തിലെ പരാമർശമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പ്രബന്ധത്തിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാലയ്ക്കും പരാതി നല്‍കിയിരുന്നു. പിന്നാലെ സംഭവത്തില്‍ കേരള സര്‍വകലാശാല ഇടപെടുകയും, പരാതി വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കുന്നത് പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അനുവദിച്ച പിഎച്ച്ഡി ബിരുദം പിന്‍വലിക്കാനോ പ്രബന്ധത്തിലെ തെറ്റ് തിരുത്താനോ സര്‍വകലാശാല നിയമത്തില്‍ വ്യവസ്ഥയില്ല.
പ്രബന്ധം സംബന്ധിച്ച പരാതികള്‍ കേരള സര്‍വകലാശാല വിസിയുടെ ചുമതല വഹിക്കുന്ന ഡോ. മോഹനന്‍ കുന്നുമ്മല്‍ പരിശോധിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. പ്രബന്ധത്തില്‍ കടന്നുകൂടിയ ഗുരുതര തെറ്റുകളും, ഓണ്‍ലൈന്‍ മാധ്യമത്തില്‍ നിന്ന് എടുത്തു എന്ന് പറയുന്ന ഭാഗങ്ങളെ പറ്റിയുള്ള ആരോപണവുമാണ് പ്രധാനമായും പരിശോധിക്കേണ്ടത്.