മരണത്തിലേക്ക് നയിക്കുന്ന 'ചോക്കിങ്' ഗെയിമുകൾ; ഇന്റർനെറ്റിൽ നിറയുന്ന വിനോദക്കെണികൾ

മരണത്തിലേക്ക് നയിക്കുന്ന 'ചോക്കിങ്' ഗെയിമുകൾ; ഇന്റർനെറ്റിൽ നിറയുന്ന വിനോദക്കെണികൾ

ഹിപ്നോട്ടിസമെന്ന പേരിൽ കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ അപകടം പിടിച്ച വിനോദത്തിന്റെ പലതരത്തിലുള്ള വ്യാഖ്യാനങ്ങളും വിശദീകരണങ്ങൾ അടങ്ങിയ ഡെമോ വിഡിയോകളും ഇന്ന് സമൂഹ മാധ്യമങ്ങളിലുടനീളം ലഭ്യമാണ്
Published on

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലുള്ള വി കെ രാജൻ സ്മാരക ഗവൺമെൻ്റ് ഹൈസ്കൂളിലെ അഞ്ചോളം കുട്ടികളെ ബോധരഹിതരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികള്‍ ഹിപ്‌നോട്ടിസം പരീക്ഷിച്ചു എന്നായിരുന്നു ഈ സംഭവത്തിന് പിന്നാലെ വന്ന വാര്‍ത്തകള്‍. എന്നാല്‍, വിദ്യാര്‍ഥികള്‍ ബോധരഹിതരായ സംഭവത്തിന് പിന്നിൽ ‘ചോക്കിങ് ഗെയിം’ എന്നാണ് പിന്നീട് പുറത്തുവന്ന വിവരം. അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവയ്ച്ചേക്കാവുന്ന അശാസ്ത്രീയമായ ഒരു നടപടിയാണ് കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ചോക്കിങ് ഗെയിമുകള്‍ ചിലപ്പോള്‍ മരണത്തിന് പോലും കാരണമായേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Summary

ശ്വാസം തീരെ എടുക്കാൻ കഴിയാത്ത അവസ്ഥയ്ക്ക് ശേഷം ശ്വാസമെടുക്കുമ്പോഴുണ്ടാകുന്ന ആശ്വാസത്തിൽ നിന്ന് ലഭിക്കുന്ന നൈമിഷികമായ സുഖമാണ് ഇത്തരം ഗെയിമുകള്‍ക്ക് പിന്നില്‍

കഴുത്തിന് പിന്നിലോ, തൊണ്ടയിലെ ഞരമ്പുകളിലോ വിരലുകൾ കൊണ്ട് ശക്തിയായി അമർത്തി തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ തടഞ്ഞുനിർത്തിയാൽ നിമിഷങ്ങൾക്കുള്ളിൽ ബോധരഹിതരാകാം. രണ്ട് ദിവസങ്ങൾക്ക് മുൻപ് കൊടുങ്ങല്ലൂരിൽ കൗമാരക്കാരായ കുട്ടികളെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനു കാരണമായ ചോക്കിങ് ഗെയിമിന്റെ രീതി ഇങ്ങനെയാണ്.

ഹിപ്നോട്ടിസമെന്ന പേരിൽ കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ അപകടം പിടിച്ച വിനോദത്തിന്റെ പലതരത്തിലുള്ള വ്യാഖ്യാനങ്ങളും വിശദീകരണങ്ങൾ അടങ്ങിയ ഡെമോ വിഡിയോകളും ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലുടനീളം ലഭ്യമാണ്. മറ്റൊരാളിന്റെ സഹായത്തോടു കൂടിയോ സ്വയമേ തന്നെയോ ചെയ്യുവാൻ കഴിയുന്ന ഇത്തരത്തിലുള്ള കളികൾ കുട്ടികളെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും മരണത്തിലേക്കുമാണ് നയിക്കുന്നത്.

ശ്വാസം തീരെ എടുക്കാൻ കഴിയാത്ത അവസ്ഥയ്ക്ക് ശേഷം ശ്വാസമെടുക്കുമ്പോഴുണ്ടാകുന്ന ആശ്വാസത്തിൽ നിന്ന് ലഭിക്കുന്ന നൈമിഷികമായ സുഖത്തിലൂന്നിയാണ് ചോക്കിങ് ഗെയിമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള ഗെയിമുകൾ എങ്ങനെ കളിക്കണമെന്നതിനെ സംബന്ധിച്ചുള്ള വിശദവിവരങ്ങളടങ്ങിയ നിരവധി വിഡിയോകൾ യൂട്യൂബ് പോലെയുള്ള മാധ്യമങ്ങളിലൂടെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.

മരണത്തിലേക്ക് നയിക്കുന്ന 'ചോക്കിങ്' ഗെയിമുകൾ; ഇന്റർനെറ്റിൽ നിറയുന്ന വിനോദക്കെണികൾ
ഉറക്കത്തില്‍ അനുഭവപ്പെടുന്ന വേക്-അപ് സ്‌ട്രോക്ക്; അറിഞ്ഞിരിക്കണം ഈ മസ്തിഷ്‌കാഘാതത്തെ

കഴുത്തിന് ചുറ്റിലുമായി സ്ഥിതി ചെയ്യുന്ന ഞരമ്പുകളിലൂടെയാണ് തലച്ചോറിലേക്ക് രക്തയോട്ടമുണ്ടാകുന്നത്. ഈ ഞരമ്പുകളിൽ മർദം പ്രയോഗിക്കുന്നതിലൂടെ തലച്ചോറിലേക്ക് രക്തമെത്തുന്നത് തടസ്സപ്പെടുകയും ബോധം കെടുകയും ചെയ്യുന്നു. പ്രയോഗിക്കുന്ന മർദത്തിനു വ്യത്യാസം ഉണ്ടാകുകയാണെങ്കിൽ ചിലപ്പോൾ മരണം തന്നെ സംഭവിക്കാം.

മറ്റൊരാളുടെ സഹായത്തോടെയാണ് പൊതുവെ ചോക്കിങ് ഗെയിം കളിക്കാറുള്ളതെങ്കിലും ഒറ്റയ്ക്ക് ഏത് വിധത്തിൽ ഇത് ചെയ്യാമെന്നുള്ളതിനെ പറ്റിയും വിഡിയോകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. കളിയുടെ അപകടസാധ്യത മനസിലാക്കി നിരവധി രാജ്യങ്ങളിൽ ഇത്തരത്തിലുള്ള വിഡിയോകൾ നിരോധിച്ചിട്ടുണ്ട്. ഇവ പ്രചരിപ്പിക്കുന്നതിനും പലയിടങ്ങളിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കയറോ തുണിക്കഷണമോ ഉപയോഗിച്ച് സ്വയം ചോക്കിങ് ഗെയിം പരീക്ഷിച്ച് മരണപ്പെട്ട കുട്ടികളുടെ എണ്ണവും വളരെയേറെയാണ്.

1930കൾ മുതൽ സ്പേസ് മങ്കി ഗെയിം, പാസിംഗ് ഔട്ട് ഗെയിം എന്നിങ്ങനെ പല പേരുകളിൽ ചോക്കിങ് ഗെയിം ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രചാരത്തിലുണ്ട്. പേരുകൾ പലതെങ്കിലും താൽക്കാലികമായുണ്ടാകുന്ന ശ്വാസതടസത്തിലൂടെ ലഭിക്കുന്ന ആനന്ദമാണ് ഗെയിമിലൂടെ ലക്ഷ്യമിടുന്നത്. താൽക്കാലികമായി തലച്ചോറിലേക്ക് രക്തയോട്ടം നിലയ്ക്കുന്നതിലൂടെയുണ്ടാകുന്ന തകരാറുകൾ ഉടനെ പ്രകടമാകില്ലെങ്കിലും തലച്ചോറിലെ കോശങ്ങൾക്ക് മരണം സംഭവിക്കുന്നത് പോലെയുള്ള രോഗാവസ്ഥകൾക്ക് ഇത് കാരണമായേക്കും.

മരണത്തിലേക്ക് നയിക്കുന്ന 'ചോക്കിങ്' ഗെയിമുകൾ; ഇന്റർനെറ്റിൽ നിറയുന്ന വിനോദക്കെണികൾ
ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരില്‍ ഹൃദയാഘാതം കൂടുതല്‍; മുന്നറിയിപ്പ് നല്‍കി ഹൃദ്രോഗവിദഗ്ധര്‍

അഞ്ചു നിമിഷത്തിലധികം കഴുത്തിലെ നാഡികളിൽ അമർത്തിപ്പിടിക്കുന്നത് മരണത്തിനും കാരണമാകുന്നു. ഇന്റർനെറ്റിൽ കുട്ടികൾ കാണുന്നതെന്തൊക്കെയെന്നത് മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യത തന്നെയാണ്. അപകടകരമായ പലതും പല വിധത്തിൽ മൊബൈൽ ഫോണുകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും കുട്ടികളിലേക്ക് എത്തുന്ന സാഹചര്യത്തിൽ കുട്ടികളുടെ സ്വഭാവത്തിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് കാര്യങ്ങളെ നയത്തിൽ കൈകാര്യം ചെയ്യുന്നത് മാത്രമാണ് പരിഹാരം.

മരണകരണമായേക്കാവുന്ന നിരവധി ഗെയിമുകൾ ഇൻറർനെറ്റിൽ പ്രചരിക്കുന്നുണ്ട്. കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ബ്ലൂ വെയിൽ പോലെയുള്ള ഓൺലൈൻ ഗെയിമുകൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിരോധിച്ചിരുന്നു. എന്നാൽ ഫയർ ഫെയറി, ടൈഡ് പോഡ് ചലഞ്ച്, മറിയംസ് ഗെയിം തുടങ്ങിയ നിരവധി അപകടകരമായ ഗെയിമുകൾ ഇന്നും ഇന്റർനെറ്റിൽ പ്രചാരത്തിലുണ്ട്.

logo
The Fourth
www.thefourthnews.in