ബിജെപിയോട് അടുക്കാന്‍ ശ്രമിക്കുന്ന ക്രിസ്ത്യന്‍ സഭാ മേധാവികളും ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളും

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ബിജെപി അനുകൂല നിലപാടെടുത്തത്

ഈസ്റ്റര്‍ ദിനത്തില്‍ നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ പ്രസ്താവന വലിയ വിവാദമാണ് ഉയർത്തിയിരിക്കുന്നത്. കേരളത്തില്‍ ബിജെപിയ്ക്ക് സാധ്യതയുണ്ട്, മോദി മികച്ച നേതാവാണ്, ബിജെപി ഭരണത്തില്‍ രാജ്യത്തെ ക്രൈസ്തവര്‍ അരക്ഷിതരല്ല, അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ മുഖച്ഛായ മികച്ചതാക്കാന്‍ മോദിക്ക് സാധിച്ചിട്ടുണ്ട്, പൗരന്മാര്‍ സുരക്ഷിതരാണെന്ന തോന്നിയാല്‍ മറ്റ് പ്രശ്ങ്ങളെല്ലാം താനെ മാറും... എന്നൊക്കെയായിരുന്നു അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ക്രൈസ്തവരെ പാര്‍ട്ടിയിലേയ്ക്കടുപ്പിക്കാന്‍ വഴി അന്വേഷിച്ച് നടക്കുന്ന ബിജെപിക്ക് കിട്ടിയ ലോട്ടറിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ പ്രസ്താവനയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി പ്രവര്‍ത്തകരും ക്രൈസ്തവ നേതാക്കളെ കാണാന്‍ എത്തിയിരുന്നു.

ഫെബ്രുവരി 19 ന് ഡല്‍ഹിയിലെ ജന്ദര്‍മന്ദിറില്‍ ഒരു കൂട്ടം ക്രൈസ്തവ വിശ്വാസികള്‍ എത്തി ഒരു പ്രതിഷേധം നടത്തി. രാജ്യത്തെ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധത്തിനെത്തിയതായിരുന്നു രാജ്യത്തെ അരക്ഷിതരായ ക്രൈസ്തവര്‍. കള്ളകേസ് ചുമത്തി ക്രൈസ്തവരെ അറസ്റ്റ് ചെയ്യുന്നതിനും പള്ളികള്‍ക്കെതിരേയുള്ള അധിക്രമങ്ങള്‍ക്കെതിരേയുമുള്ള പ്രതിഷേധമായിരുന്നു ജന്തര്‍ മന്തറില്‍ അരങ്ങേറിയിരുന്നത്. 2022ല്‍ മാത്രം ക്രൈസതവര്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ 600 കേസുകളാണ് രാജ്യം കണ്ടതെന്നാണ് പ്രതിഷേധകര്‍ ചൂണ്ടിക്കാട്ടിയത്. 2022ല്‍ 183 കേസുകളാണ് ഉത്തര്‍പ്രദേശില്‍ മാത്രം ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെത്.

1999 ജനുവരി 23 ന് ആസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹം സ്റ്റുവര്‍ട്ട് സ്റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ മക്കളായ ഫിലിപ്പിനെയും തിമോത്തിയെയും സംഘപരിവാര്‍ സംഘടന ബജ്‌റഗ്ദള്‍ സംഘമാണ് തീവച്ചു കൊന്നത്. മനുഷ്യ മനസാക്ഷിയെ ഒന്നാകെ പിടിച്ചുലച്ച ആ കൊടും ക്രൂരതയുടെ 24-ാം വാര്‍ഷികമാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ കഴിഞ്ഞത്.

മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം പോരാട്ടമാക്കിയ മനുഷ്യനെ, ഫാദർ സ്റ്റാന്‍ സ്വാമിയെ, ഭരണകൂടം നിര്‍ദയമായി ഇല്ലാതാക്കിയതാണ്. ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ച സ്റ്റാന്‍ സ്വാമിയെ ഭീമ-കൊറേഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഹിന്ദുത്വ ഭരണകൂടം യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുന്നത്.

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അവസാന കാലത്തെ തെല്ലൊന്ന് അസ്വസ്ഥമാവാതെ ജനാധിപത്യ വിശ്വാസികള്‍ക്ക് ഓര്‍ക്കാന്‍ കഴിയില്ല. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ മാനുഷിക പരിഗണനപോലുമില്ലാതെ അധികാരികള്‍ അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു.

അങ്ങനെ കുറച്ചേറെ കഥകള്‍ പറയാന്‍ കാണും സമീപകാല ചരിത്രത്തിന്. ഓര്‍മകള്‍ പൊരുതുന്നവന്റെ ആയുധമാണ്. അല്ലെങ്കില്‍ ആലഞ്ചേരിയും പാപ്ലാനിയും വിചാരധാര എന്ന പുസ്തകത്തെക്കുറിച്ച് കേട്ടിടുണ്ടോ?

ക്രിസ്ത്യാനികള്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ശത്രുക്കളാണെന്ന് പറയുന്ന ആര്‍എസ് എസ് ആചാര്യന്‍ ഗോള്‍വല്‍ക്കറുടെ പുസ്തകത്തെ കുറിച്ച്. ഇനി കേട്ടിട്ടുണ്ടായാല്‍ എന്ത്? ഇപ്പോള്‍ അകപ്പെട്ട അവസ്ഥ അതൊന്നും ഓര്‍ക്കാന്‍ പറ്റിയതാവില്ല.

പലരും പലതും പറയുന്നുണ്ട്. ഭൂമി ഇടപാടെന്നോ, അതേക്കുറിച്ചുള്ള അന്വേഷണമെന്നോ ഒക്കെ. അതുകൊണ്ട് ക്രൈസ്തവ സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ അവിടെ നില്‍ക്കട്ടെ എന്നാവും തിരുമേനിമാറില്‍ ചിലര്‍ കരുതുന്നത്. അതേന്തോ ആവട്ടെ, ക്രിസ്ത്യാനികള്‍ ഇടയലേഖനങ്ങള്‍ നയിക്കുന്ന ആട്ടിന്‍കൂട്ടമാണെന്ന തോന്നലിലാണ് എല്ലാവരും, പള്ളിയില്‍ പോയ മോദിയും അരമനകളില്‍ കൈ മുത്താന്‍ എത്തിയ കേരള നേതാക്കളും അവരെ ആനിയിച്ച മതമേലധ്യക്ഷന്മാരും

കേരളത്തെ അത്ര എളുപ്പത്തില്‍ വര്‍ഗീയവാദികള്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ ഇവിടുത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ദൈവമില്ലെന്ന് പറയുന്നവരും സന്ദേഹികളും സമ്മതിക്കുമെന്ന് തോന്നുന്നില്ല. തല്‍ക്കാലം പിതാക്കന്മമാര്‍ക്ക് രാജ്യം ഭരിക്കുന്ന കക്ഷിയ്ക്ക് ചില സ്വപ്നങ്ങള്‍ നല്‍കാമെന്ന് മാത്രം. കേരളം ഇക്കാലവും അതിജീവിക്കും. ഈ നാടിന് അങ്ങനെ പലതും അതീജിവിച്ച ചരിത്രമാണുള്ളത്. വിമോചന സമരം മുതല്‍ പല ജനവിരുദ്ധതയും നമ്മള്‍ അതീജിവിച്ചവരാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in