മന്ത്രി ജി ആര്‍ അനില്‍
മന്ത്രി ജി ആര്‍ അനില്‍

മന്ത്രിയുമായി വാക്കേറ്റം; ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ സിഐക്ക് സ്ഥലംമാറ്റം

നടപടി വട്ടപ്പാറ എസ്എച്ച്ഒ ഗിരിലാലിനെതിരെ
Updated on
1 min read

ഭക്ഷ്യമന്ത്രിയോട് തര്‍ക്കിച്ച സിഐയെ സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ്. തിരുവനന്തപുരം വട്ടപ്പാറ എസ്എച്ച്ഒ ഗിരിലാലിനെയാണ് വിജിലന്‍സിലേക്ക് മാറ്റിയത്. ജി.ആര്‍.അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് കരകുളത്തെ ഫ്‌ളാറ്റില്‍ നടന്ന കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.

ഗിരിലാല്‍
ഗിരിലാല്‍

മന്ത്രി ജി ആര്‍ അനിലും ഗിരിലാലുമായുണ്ടായ തർക്കത്തിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. രണ്ടാനച്ഛന്‍ കുട്ടിയെ ഉപദ്രവിച്ച കേസില്‍ പരാതിക്കാരിക്കായി ഇടപെടണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ന്യായം നോക്കി കാര്യങ്ങള്‍ ചെയ്യാമെന്ന് സിഐ മറുപടി പറഞ്ഞതോടെ മന്ത്രി ക്ഷുഭിതനായി. സിഐയും അതേ ഭാഷയില്‍ മറുപടി നല്‍കുകയായിരുന്നു. ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ട വിവരം വിളിച്ചു പറയുമ്പോള്‍ ഇന്ന് വൈകുന്നേരത്തിനു മുന്‍പ് അവനെ തൂക്കിയെടുത്തുകൊണ്ടു വരുമെന്നല്ലേ പറയേണ്ടതെന്നു മന്ത്രി ചോദിക്കുന്നു. അങ്ങനെ തൂക്കിയെടുത്ത് കൊണ്ടു വരുമ്പോള്‍ നമ്മളെയൊന്നും സംരക്ഷിക്കാന്‍ ആരുമുണ്ടാവാറില്ലെന്ന് സിഐ മറുപടി പറയുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം. തന്റെ മണ്ഡലത്തിലെ കേസായതിനാലാണ് നേരിട്ടു വിളിക്കുന്നതെന്നും മന്ത്രി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. കേസിനെ സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി വിശദീകരിക്കുമ്പോള്‍ ന്യായം നോക്കി പരമാവധി ചെയ്യാമെന്ന് സിഐ പറയുന്നുണ്ട്.

രണ്ടാനച്ഛന്‍ 11 വയസ്സുള്ള കുട്ടിയുടെ കാലില്‍ ചവിട്ടി പരുക്കേല്‍പ്പിച്ചുവെന്ന പരാതിയുമായി തിങ്കളാഴ്ചയാണ് യുവതി വട്ടപ്പാറ പോലീസ് സ്‌റ്റേഷനിലെത്തിയത്. ആദ്യം മൊഴി നല്‍കാന്‍ പരാതിക്കാരി തയ്യാറായില്ലെന്നും, നിര്‍ബന്ധിച്ചശേഷമാണ് മൊഴി നല്‍കിയതെന്നും പോലീസ് പറയുന്നു. ഭര്‍ത്താവിന് മാനസിക പ്രശ്‌നങ്ങളുള്ളതിന്റെ രേഖകള്‍ പരാതിക്കാരി ഹാജരാക്കി. ഭര്‍ത്താവിനെ തിരക്കി പോലീസ് ഫ്‌ളാറ്റിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് നാലാഞ്ചിറയില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. ചികിത്സാ രേഖകള്‍ പരിശോധിച്ചു വരികയാണെന്നും അതിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്നും പോലീസ് പറഞ്ഞു. നിലവില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in